ട്വൽത്ത് മാൻ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനായി മോഹൻലാൽ വിളിച്ചപ്പോൾ താൻ വിറയ്ക്കുകയായിരുന്നെന്ന് തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാർ. കൊവിഡ് സമയമായിരുന്നതിനാൽ മോഹൻലാൽ ചെന്നൈയിലായിരുന്നു. അദ്ദേഹവുമായി നേരിട്ട് സംസാരിക്കാൻ സാധിച്ചില്ലെന്നും തിരക്കഥ അയച്ചുകൊടുക്കുകയായിരുന്നെന്നും കൃഷ്ണകുമാർ പറഞ്ഞു. പിന്നാലെ മോഹൻലാലുമായി സംസാരിച്ചതിന്റെ അനുഭവം കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയായിരുന്നു കൃഷ്ണകുമാർ. ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ കൃഷ്ണകുമാർ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.

തിരക്കഥ വായിച്ചതിന് ശേഷം മോഹൻലാൽ ജീത്തുവിനെയായിരുന്നു ആദ്യം വിളിച്ചത്. സംശയങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ ജീത്തുവിന് ചില ഭാഗങ്ങൾ കൺഫ്യൂഷനായി. പിന്നാലെ ഫോണിൽ തന്നെ കണക്‌ട് ചെയ്തു. മോഹൻലാൽ സംസാരിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ വിറച്ചുവെന്നും താരവുമായി ഒന്നരമണിക്കൂറോളം തിരക്കഥയെക്കുറിച്ച് സംസാരിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു.