
മെൽബൺ: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പതറി പാകിസ്ഥാൻ ഓപ്പണർമാർ. ആർഷദീപ് സിംഗിന്റെ ബൗളിംഗിന് മുന്നിൽ പാകിസ്ഥാന്റെ ഓപ്പണർമാർക്ക് രണ്ടുപേർക്കും പിടിച്ചുനിൽക്കാനായില്ല. ക്യാപ്‌റ്റൻ ബാബർ അസം ഗോൾഡൻ ഡക്കായി പുറത്തായി. ആർഷദീപ് സിംഗിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താകുകയായിരുന്നു. 12 പന്തുകൾ നേരിട്ട റിസ്വാൻ നാല് റൺസ് മാത്രമെടുത്ത് ഔട്ടായി. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ പാകിസ്ഥാൻ 10 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. അന്ന് പാക് വിജയത്തിന് കാരണമായത് റിസ്വാൻ-ബാബർ കൂട്ടുകെട്ടാണ്.

ഓപ്പണർമാർ മടങ്ങിയശേഷം ഒന്നിച്ച ഇഫ്‌തികർ അഹ‌്മ്മദും ഷാൻ മസൂദും മികച്ചരീതിയിൽ ബാറ്റ് ചെയ്‌തു. അക്‌സർ പട്ടേലിന്റെ ഒരോവറിൽ പാകിസ്ഥാൻ 21 റൺസ് നേടിയിരുന്നു. എന്നാൽ പിന്നാലെ മുഹമ്മദ് ഷമിയുടെ പന്തിൽ ഇഫ്‌തികർ അഹ്‌മ്മദ്(51) പുറത്തായി. തൊട്ടുപിന്നാലെ പാണ്ഡ്യയുടെ പന്തിൽ ഷദാബ് ഖാനും(5) പുറത്തായി. നിലവിൽ 14 ഓവറിൽ 98 റൺസ് നേടി. നാല് വിക്കറ്റുകളാണ് നഷ്‌ടമായത്. നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത്ത് ശർമ്മ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.