
ഒരു വ്യാഴവട്ട കാലത്തിനിടയിൽ മാത്രം പൂക്കുന്ന ഈ പൂവിനെ കാണാൻ സഞ്ചാരികളുടെയും പ്രകൃതിസ്നേഹിക്കളുടെയും ഒഴുക്കാണ് ഇപ്പോൾ മൂന്നാറിലേയ്ക്ക്. ഇവിടെ കള്ളിപ്പാറയിലാണ് 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നിലക്കുറിഞ്ഞി എന്ന അതി സുന്ദരമായ പൂവുള്ളത്. പ്രായഭേദമന്യേ ജനങ്ങളുടെ ഒഴുക്കാണ് ഇവിടെയ്ക്ക്. അന്യനാടുകളിൽ നിന്ന് പോലും ജനങ്ങൾ സുന്ദരമായ നിലക്കുറിഞ്ഞി കാണാൻ എത്തുന്നുണ്ട്.
ഇടുക്കി ജില്ലയിലെ മൂന്നാറിന്റെ അടുത്തുള്ള സ്ഥലമാണ് കള്ളിപ്പാറ. സമുദ്ര നിരപ്പിൽ നിന്ന് 1200 അടിയോളം ഉയരത്തിലാണ് കള്ളിപ്പാറയുടെ നിൽപ്പ്. വിശാലമായി പരന്നുകിടക്കുന്ന അതിമനോഹരമായ മല നിരകളാണ് ഇവിടെയുള്ളത്. നീലക്കുറിഞ്ഞി പൂവിന്റെ അടുത്ത് എത്തുന്നത് അത്ര എളുപ്പമൊന്നുമല്ല. ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ പാതയിലൂടെയാണ് മല മുകളിൽ എത്തുന്നത്. കയർ കെട്ടി വഴി തിരിച്ചതിനാൽ അതിൽ പിടിച്ച് മുകളിൽ എത്താം.

നിലക്കുറിഞ്ഞി മാത്രമല്ല മുകളിൽ കാത്തിരിക്കുന്നത്. മുകളിലേക്ക് പോകുന്ന വഴിയിൽ അതിമനോഹരമായ പ്രകൃതിയാണ് നമ്മളെ സ്വീകരിക്കാൻ കാത്തിരിക്കുന്നത്. അതിമനോഹരമായ പുൽത്തകിടി നിറഞ്ഞ സ്ഥലമാണ് കള്ളിപ്പാറ. അതിൽ വിരിഞ്ഞുനിൽക്കുന്ന നീലക്കുറിഞ്ഞിയും മഞ്ഞും കൂടാതെ മുകളിൽ നിന്ന് കാണാൻ കഴിയുന്ന മനോഹര ദ്യശ്യവും അവിടെ എത്തുന്നവർക്ക് മാറക്കാൻ കഴിയാത്ത ഓർമ്മകളാണ് സമ്മാനിക്കുന്നത്. മഞ്ഞുമൂടി കിടക്കുന്ന ഗ്രാമത്തെ മുകളിൽ നിന്ന് നോക്കികാണുമ്പോൾ ആകാശവും നഗരവും ഒരുമിച്ചാണ് എന്ന പ്രതീതിയാണ്.
കള്ളിപ്പാറ ഗൂഗിൽ മാപ്പിൽ കിട്ടാൻ പ്രയാസമാണ്. അതിനാൽ ശാന്തൻപ്പാറ പോയിട്ട് അവിടെ നിന്ന് കള്ളിപ്പാറ പോകുന്നതാകും നല്ലത്. മലയുടെ മുകളിൽ പ്ലാസ്റ്റിക് സാധനങ്ങൾക്ക് വിലക്കുണ്ട്. അവിടത്തെ ശുചീകരണതിനായി മലയിൽ പോകുന്ന ഒരാളുടെ കെെയിൽ നിന്ന് 20 രൂപ വീതം വാങ്ങുന്നുണ്ട്. അതല്ലാതെ നീലക്കുറിഞ്ഞി കാണാൻ വേറെ പണം അടയ്ക്കേണ്ട അവിശ്യമില്ല.

നല്ല കാലാവസ്ഥയിൽ നിലക്കുറിഞ്ഞി കാഴിചയും പ്രകൃതിയും ആസ്വദിക്കാൻ രാവിലെ 10മണിക്ക് മുമ്പോ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമോ പോകുന്നതാണ് ഉത്തമം. മല കയറിവരുന്നവരുടെ ക്ഷീണം അകറ്റാൻ മല മുകളിൽ പോകുന്ന വഴിയ്ക്കും മുകളിലും ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്ന ചെറു കടകൾ ഉണ്ട്. കള്ളിപാറ നിന്ന് മൂന്നാറിലേയ്ക്ക് പോകാൻ എളുപ്പമാണ്. പോകുന്ന വഴിയിൽ തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഉള്ളതിനാൽ ഒത്തിരി ഇടങ്ങൾ ഒറ്റ ട്രിപിൽ തന്നെ പോയിവരാം.വീട്ടുകാരും കൂട്ടുകാരുമായി മാത്രമല്ല ചിലർ അവരുടെ നായ്ക്കളെയും നീലക്കുറിഞ്ഞി കാണിക്കാൻ ഒപ്പം കൂട്ടുന്നത് ഇവിടത്തെ കൗതുകമുള്ള കാഴ്ചയാണ്. കള്ളിപ്പാറയിലേയ്ക്ക് കെ എസ് ആർ ടി സി സർവീസുകളും നടത്തുന്നുണ്ട്.