black-rice-

അരിയാഹാരം കഴിക്കാത്തവർ നമ്മളിൽ ഉണ്ടാവില്ല, എന്നാൽ സാധാരണയായി വെളുത്ത അരി, തവിട്ട് അരി എന്നിങ്ങനെ രണ്ടിനം അരിയെ കുറിച്ചാവും സാധാരണക്കാർക്ക് അറിയുക. ശരീരത്തിന് ഏറെ ആരോഗ്യം നൽകുന്ന കറുത്ത അരി തീർച്ചയായും ഒരു സൂപ്പർ ഫുഡാണ്. പോഷകങ്ങളാൽ സമ്പുഷ്ടമായ കറുത്ത അരിയുടെ പ്രത്യേകതകൾ പണ്ട് കാലം മുതൽക്കേ മനസിലാക്കിയിരുന്നു. ദീർഘായുസ് പ്രദാനം ചെയ്യാൻ കഴിവുണ്ടെന്ന വിശ്വാസത്താൽ ചൈനയിലും മറ്റും കറുത്ത അരി രാജകുടുംബങ്ങൾ മാത്രമേ വിളമ്പിയിരുന്നുള്ളു. സാധാരണക്കാർക്ക് ലഭ്യമല്ലാത്തതിനാൽ ഇതിനെ നിരോധിത അരി എന്നും അറിയപ്പെട്ടിരുന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും വലിയ വിലയും അക്കാലത്ത് കറുത്ത അരിക്കുണ്ടായിരുന്നു.

കറുപ്പ് നിറം

കറുത്ത അരിക്ക് കറുപ്പും പർപ്പിൾ നിറവും ലഭിക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന വസ്തുകാരണമാണ്. പോഷണഗുണത്തിലും രുചിയിലും കറുത്ത അരി മറ്റ് നിറത്തിലുള്ള അരിയെക്കാലും മുന്നിലാണ്.

രാജ്യങ്ങൾ

ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലാണ് കറുത്ത അരി കൃഷി ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ നീളമേറിയ കറുത്ത അരിയും കൃഷി ചെയ്യുന്നുണ്ട്. പ്രധാനമായും രണ്ട് തരത്തിലുള്ള കറുത്ത അരിയാണ് കാണപ്പെടുന്നത്. തായ് ജാസ്മിൻ ബ്ലാക്ക് റൈസ്, ഇന്തോനേഷ്യൻ ബ്ലാക്ക് റൈസ് എന്നീ ഇനങ്ങളാണ് വിപണിയിൽ ഏറെ ലഭ്യം.

പോഷക മൂല്യം

കറുത്ത അരിയിൽ ശരീരത്തിന് ആവശ്യമായ മിക്ക പോഷകങ്ങളുമുണ്ട്. ഒരു കപ്പ് വേവിച്ച കറുത്ത അരിയിൽ 173 കലോറി, അഞ്ച് ഗ്രാം പ്രോട്ടീൻ, രണ്ട് ഗ്രാം കൊഴുപ്പ്, ഒരു മില്ലിഗ്രാം ഇരുമ്പ്, 38 ഗ്രാം കാർബോഹൈഡ്രേറ്റ്, 1 ഗ്രാം ഷുഗർ, 4 മില്ലിഗ്രാം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. വെള്ള, തവിട്ട് അരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കറുത്ത അരിയിൽ ഫാറ്റ് വളരെ കുറവാണ്. ഒരു നേരം കറുത്ത അരിയുണ്ടാൽ ശരീരത്തിൽ പ്രതിദിനം ആവശ്യമായ ഇരുമ്പിന്റെ 60 ശതമാനവും ഫൈബറിന്റെ നാല് ശതമാനവും ലഭിക്കും.

ആന്റിഓക്സിഡന്റുകൾ
മറ്റേതൊരു അരിയുമായി താരതമ്യം ചെയ്യുമ്പോൾ കറുത്ത അരിയിൽ ആന്റിഓക്സിഡന്റുകൾ വളരെ കൂടുതലാണ്. ധാന്യത്തിന്റെ പുറം പാളിയായ തവിട് ആന്തോസയാനിനുകളാൽ നിറഞ്ഞിരിക്കുന്നു. ഉദര രോഗങ്ങൾ, അണുബാധ എന്നിവയെ ചെറുക്കാൻ കറുത്ത അരി സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും സഹായിക്കുന്നു.

ഗ്ലൂട്ടൻ ഫ്രീ
എന്നത് ഒരു സീഡ് സ്റ്റോറേജ് പ്രോട്ടീൻ ആണ്, കറുത്ത അരി സ്വാഭാവികമായും ഗ്ലൂട്ടൻ രഹിതമാണ്. അതിനാൽ അലർജിയുള്ള ആളുകൾക്ക് വെള്ള അല്ലെങ്കിൽ തവിട്ട് അരിക്ക് പകരം കറുത്ത അരി ദിവസവും കഴിക്കാം.

കാഴ്ച വർദ്ധിപ്പിക്കും
കറുത്ത അരിയിൽ സിയാക്സാന്തിനും, ല്യൂട്ടിനും വലിയ അളവിലുണ്ട്. റെറ്റിനയിൽ ഹാനികരമായ റേഡിയേഷന്റെയും അൾട്രാവയലറ്റ് രശ്മികൾ ഏൽപ്പിക്കുന്ന ആഘാതവും ഇത് കുറയ്ക്കുന്നു.

പ്രമേഹ രോഗികൾക്ക് അത്യുത്തമം

പ്രമേഹ നിയന്ത്രണത്തിനും കറുത്ത അരി സഹായിക്കുന്നു. കറുത്ത അരിയിൽ ധാരാളം ഫ്‌ളേവനോയ്ഡുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഫ്‌ളേവനോയ്ഡുകൾ പ്രമേഹ നിയന്ത്രണത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കുന്നു. ഫൈറ്റോകെമിക്കലുകൾ ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമതയെ മെച്ചപ്പെടുത്തുന്നു. കറുത്ത അരി ചെറുകുടലിലെ ദഹനം കുറയ്ക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.