vishnupriya

കണ്ണൂർ: പാനൂരിൽ വിഷ്‌ണുപ്രിയയെ മൃഗീയമായി കൊലപ്പെടുത്തിയ ശ്യാംജിത്തിന്റേത് അതിക്രൂരമായ പദ്ധതിയായിരുന്നെന്ന് വിവരം. പൊലീസ് ചോദ്യംചെയ്യലിൽ വിഷ്‌ണുപ്രിയയുടെ തല അറുത്തെടുത്ത് സുഹൃത്തായ പൊന്നാനി സ്വദേശിയെ കാണിച്ചതിന് ശേഷം അയാളെയും കൊല്ലാനായിരുന്നു ശ്യാംജിത്തിന്റെ പദ്ധതിയെന്ന് വെളിവായി. വിഷ്‌ണുപ്രിയയുടെ തലയറുത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചെറിയ വുഡ്‌കട്ടർ പ്രതി വാങ്ങിയിരുന്നു. എന്നാൽ അതിന്റെ ബ്ളേഡ് പ്രവർത്തിക്കാതെ വന്നു. തുടർന്ന് ഇരുമ്പുകൊണ്ടുള‌ള ചെറിയ ഉളി വാങ്ങി ഇതുപയോഗിച്ച് കഴുത്തിൽ കുത്തി എല്ലുപൊട്ടിച്ചശേഷം കത്തികൊണ്ട് കഴുത്തറുത്തു. എന്നാൽ കഴുത്ത് വേർപെടുത്താൻ പ്രതിക്കായില്ല. തുടർന്ന് ഇയാൾ ഇവിടെനിന്നും പോയി.

പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമനുസരിച്ച് വിഷ്‌ണുപ്രിയയുടെ കഴുത്ത് അറ്റ് വേർപെടാറായ നിലയിലായിരുന്നു. കഴുത്തിലെ ഞരമ്പെല്ലാം അറ്റുപോയി. കാലിലും കൈയിലും മാറിടത്തിലും ആഴത്തിൽ മുറിവുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കൊലയ്‌ക്ക് ശേഷം മാനന്തേരിയിലേക്ക് പോയ പ്രതി വീടിനടുത്ത് ഒരു കുഴിയിൽ ബാഗുവച്ച് അതിന് മുകളിൽ കല്ലെടുത്തുവച്ചു. ആയുധങ്ങൾ കഴുകിവച്ചത് രണ്ടാമത് കൊലനടത്താൻ വേണ്ടിയാണെന്നാണ് പൊലീസ് അറിയിച്ചത്. മാനന്തേരിയിലേക്ക് കൊലയ്‌ക്ക് ശേഷം എത്തിയ ഇയാൾ കുളിച്ച് വസ്‌ത്രംമാറി പിതാവിന്റെ ഹോട്ടലിൽ ആഹാരം വിളമ്പിക്കൊടുക്കുന്നതിനിടെയാണ് പൊലീസെത്തി ശ്യാംജിത്തിനെ കസ്‌റ്റഡിയിലെടുത്തത്. കൊലപാതകം ചെയ്‌തതിന്റെ യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയത്. കൊലപാതകത്തിന് 14 വർഷമാണ് ശിക്ഷയെന്നും ഇപ്പോൾ 25 വയസേ ആയുള‌ളുവെന്നും 39ാം വയസിൽ പുറത്തിറങ്ങുമെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അതേസമയം വിഷ്‌ണുപ്രിയയുടെ മൃതദേഹം പാനൂരിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. നൂറുകണക്കിന് ആളുകളാണ് വിഷ്‌ണുപ്രിയയ്‌ക്ക് അന്ത്യാഞ്‌ജലി അർപ്പിക്കാൻ ഇവിടെയെത്തിയത്.