mclaren-

സൂപ്പർ കാറുകൾ ബിസിനസുകാരുടേയും, സിനിമാതാരങ്ങളുടേയും ഇഷ്ട ചോയ്സാണ്. എന്നാൽ ഈ കാറുകൾ വാങ്ങാൻ കാശുണ്ടെങ്കിലും ഓടിക്കാൻ റോഡുകൾ ഇല്ല എന്ന പരാതി ഇവർ ഉയർത്താറുണ്ട്. ഈ വാദം ശരിയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കർണാടകത്തിൽ നിന്നും പ്രചരിക്കുന്നുണ്ട്. കുഴിച്ച് കുളം തോണ്ടിയിട്ടിരിക്കുന്ന റോഡിലൂടെ സൂപ്പർ കാറായ മക്ലാരൻ 720ട സ്‌പോർട്സ് കാർ മന്ദം മന്ദം കടന്ന് പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ കാറിന്റെ ഇന്ത്യയിലെ എക്സ്‌ഷോറൂം വില ഏകദേശം 4.65 കോടി രൂപയാണ്.


ഇന്ത്യയിൽ സൂപ്പർ കാറുകൾ വാങ്ങാൻ തക്ക സമ്പന്നരുടെ എണ്ണം ദിനവും വർദ്ധിക്കുന്നതിനാലാണ് വിദേശ കമ്പനികൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത്. ലംബോർഗിനി, ആസ്റ്റൺ മാർട്ടിൻ, റോൾസ് റോയ്സ്, ഫെരാരി തുടങ്ങി മക്ലാരൻ പോലുള്ള കമ്പനികൾ തങ്ങളുടെ കോടിക്കണക്കിന് രൂപ വിലയുള്ള കാറുകളുമായാണ് ഇന്ത്യയിൽ വേരൂന്നുന്നത്. എന്നാൽ ആഡംബര വാഹനങ്ങൾ വിറ്റഴിയുന്നുണ്ടെങ്കിലും ഇവ റോഡിൽ വിരളമായി മാത്രമേ കാണാനാവു. കാരണം ഈ കാറുകൾക്ക് ചീറിപ്പായാൻ തക്ക റോഡുകൾ മിക്കയിടങ്ങളിലും ഇല്ല എന്നതാണ് കാരണം. വീതി കുറഞ്ഞ റോഡുകളും ഗതാഗതക്കുരുക്കും വാഹനങ്ങളെ ഗ്യാരേജിൽ തന്നെ സൂക്ഷിക്കാൻ ഉടമകളെ പ്രേരിപ്പിക്കും.