
ട്വന്റി-20 ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ വിജയങ്ങളിലൊന്നുമായി ഇന്ത്യ
മെൽബൺ : മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെ വില്ലോയിൽ നിന്ന് പിറന്നത് വെറും 82 റൺസല്ല, ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹത്തിൽ നിന്നുള്ള ഏറ്റവും മികച്ച സംഭാവനയായിരുന്നു. പാകിസ്ഥാനെ നേരിടുമ്പോൾ എന്നും വിശ്വരൂപം പുറത്തെടുക്കുന്ന വിരാട് ഇന്നലെ മെൽബണിൽ ബാറ്റുചെയ്യാനെത്തുമ്പോൾ ഇന്ത്യ തകർച്ചയിലേക്ക് കൂപ്പുകുത്താൻ തുടങ്ങുകയായിരുന്നു. വിരാടിന്റെ കൺമുന്നിലാണ് രോഹിതും സൂര്യകുമാറും അക്ഷറും കൂടാരം കയറിയത്. ഒരിക്കൽക്കൂടി ഇന്ത്യയെ തോൽപ്പിക്കാമെന്ന് സ്വപ്നം കണ്ടുതുടങ്ങിയ പാകിസ്ഥാൻകാർ അപ്പോഴും ഓർത്തുകാണില്ല,വിരാട് കൊഹ്‌ലി ഒരറ്റത്ത് നിൽക്കുന്നുണ്ടെന്ന്. പിന്തുണയ്ക്കാൻ ഹാർദിക് പാണ്ഡ്യയും കൂടി വന്നതോടെ അസാദ്ധ്യമെന്ന് കരുതിയ വിജയമാണ് മെൽബണിലെ 90,293 കാണികൾക്കുമുന്നിൽ വിരാട് പിടിച്ചെടുത്തത്.
പലപ്പോഴും കൈവിട്ടുപോയിരുന്ന മത്സരത്തിൽ ആരാകും ജയിക്കുകയെന്ന് ഉറപ്പിച്ചുപറയാൻ ആർക്കും സാദ്ധ്യമായിരുന്നില്ല. ബൗളിംഗിൽ ആദ്യ പവർ പ്ളേയിലെ ആറോവറിൽ 32 റൺസ് മാത്രം വിട്ടുകൊടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഇന്ത്യയ്ക്ക് അവസാന നാലോവറിലാണ് പിടിവിട്ടുപോയത്. 42 റൺസാണ് അവസാന നാലോവറിൽ പാകിസ്ഥാൻ നേടിയത്.ബാറ്റിംഗിലാകട്ടെ 31റൺസെടുക്കുന്നതിനിടയിൽ നാലുവിക്കറ്റുകൾ നഷ്ടമായ ശേഷമായിരുന്നു തിരിച്ചുവരവ്. അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയും ദിനേഷ് കാർത്തിക്കും പുറത്തായിട്ടും സമ്മർദ്ദംകൊണ്ട് നോബാളും വൈഡുമെറിഞ്ഞ പാകിസ്ഥാൻകാരുടെ പേടിയും ഇന്ത്യൻ വിജയത്തിന് വഴിതുറന്നു.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിതിന്റെ തീരുമാനം ശരി വയ്ക്കും വിധമാണ് ഇന്ത്യൻ ബൗളർമാർ തുടക്കത്തിൽ പന്തെറിഞ്ഞത്. ആദ്യ ഓവറിൽ ഭുവനേശ്വർ വഴങ്ങിയത് ഒരു റൺസ് മാത്രമാണ്. രണ്ടാം ഓവർ എറിയാനെത്തിയ അർഷ്ദീപ് സിംഗ് ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വീഴ്ത്തി. പാക് നായകൻ ബാബർ അസമിനെ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു അർഷ്ദീപ് സിംഗ്. തുടർന്നെത്തിയ ഷാൻ മസൂദ് ഇന്നിംഗ്സിന്റെ അവസാനം വരെ ക്രീസിൽ നിന്നപ്പോൾ അർഷ്ദീപ് നാലാം ഓവറിന്റെ അവസാന പന്തിൽ മുഹമ്മദ് റിസ്‌വാനെക്കൂടി(4)കൂടാരം കയറ്റി.ഫൈൻ ലെഗ്ഗിൽ ഭുവനേശ്വറിനായിരുന്നു ക്യാച്ച്. ഇതോടെ പാകിസ്ഥാൻ 15/2 എന്ന നിലയിലായി. തുടർന്ന് ക്രീസിലത്തിയ ഇഫ്തിഖർ അഹമ്മദ് ഷാൻ മസൂദിന് പിന്തുണ നൽകിയതോടെയാണ് പാകിസ്ഥാൻ വൻ തകർച്ചയിൽ നിന്ന് രക്ഷപെട്ടത്. ഇന്ത്യൻ ബൗളിംഗിനെ ക്ഷമയോടെ നേരിട്ട ഇരുവരും 13-ാം ഓവർവരെ ക്രീസിൽ നിന്ന് ടീമിനെ 91/3 എന്നനിലയിലെത്തിച്ചു. 76 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
34 പന്തുകളിൽ രണ്ട് ഫോറിന്റെയും നാലു സിക്സിന്റെയും അകമ്പടിയോടെ അർദ്ധസെഞ്ച്വറി കടന്ന ഇഫ്‌തിഖറിനെ എൽ.ബിയിൽ കുരുക്കിയ ഷമിയാണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. തുടർന്ന് ഹാർദിക്കിന്റെ ഉൗഴമായിരുന്നു. 14-ാം ഓവറിൽ ഷദാബ് ഖാനെയും (5),ഹൈദർ അലിയെയും (2) സൂര്യകുമാർ യാദവിന്റെ കയ്യിലെത്തിച്ച ഹാർദിക് 16-ാം ഓവറിൽ നവാസിനെ (9) കാർത്തികിന്റെ കയ്യിലുമെത്തിച്ചു. ഇതോടെ പാകിസ്ഥാൻ 115/6 എന്ന നിലയിലായി.
എന്നാൽ അവസാന നാലോവറുകളിൽ ഷാൻ മസൂദും ഷഹീൻ അഫ്രീദിയും ചേർന്ന് തകർത്തടിക്കുകയായിരുന്നു. എട്ടുപന്തുകളിൽ ഒരോ ഫോറും സിക്സുമടക്കമാണ് അഫ്രീദി 16 റൺസടിച്ചത്. 42 പന്തുകൾ നേരിട്ട ഷാൻ അഞ്ചുഫോറുകൾ പായിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷമിയും ഭുവനേശ്വറും ഓരോ വിക്കറ്റെടുത്തു.
മറുപടിക്കിറങ്ങിയ ഇന്ത്യയുടെയും തുടക്കം തകർച്ചയോടെയായിരുന്നു.രണ്ടാം ഓവറിൽ നസീം ഷായുടെ പന്തിൽ കെ.എൽ രാഹുലിന്റെ (4)ബെയിൽസ് വീണു.നാലാം ഓവറിൽ രോഹിത് ശർമ്മയെ (4) ഹാരിസ് റൗഫിന്റെ പന്തിൽ ഇഫ്തിഖർ പിടികൂടി.തുടർന്ന് സൂര്യകുമാർ യാദവ് (15) രണ്ടു ബൗണ്ടറികളുമായി കാലുറപ്പിക്കാൻനോക്കിയെങ്കിലും ആറാം ഓവറിൽ റൗഫിന്റെ ഷോർട്ട്പിച്ച് പന്തിൽ കീപ്പർ റിസ്‌വാന് ക്യാച്ച് നൽകി മടങ്ങി. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ അക്ഷർ പട്ടേൽ (2) റൺഒൗട്ടാവുക കൂടി ചെയ്തതോടെ ഇന്ത്യ 31/4 എന്ന നിലയിലായി.
തുടർന്ന് ക്രീസിലൊരുമിച്ച വിരാട് കൊഹ്‌ലിയും ഹാർദിക് പാണ്ഡ്യയും നടത്തിയ രക്ഷാപ്രവർത്തനം 15 ഓവറിൽ 100 റൺസിലെത്തിച്ചു. അവസാന അഞ്ചോവവറിൽ 60 റൺസായിരുന്നു ഇന്ത്യയുടെ ലക്ഷ്യം . എന്നാൽ 16-ാം ഓവറിന് ഹാരീസ് റൗഫിനെയും 17-ാം ഓവറിന് നസീം ഷായെയും കൊണ്ടുവന്ന് പാകിസ്ഥാൻ മത്സരം ടൈറ്റാക്കി. അവസാന മൂന്നോവറിൽ 18 റൺസായിരുന്നു ഇന്ത്യൻ ലക്ഷ്യം.എന്നാൽ അഫ്രീദി എറിഞ്ഞ 18-ാം ഓവറിൽ ഇന്ത്യ 17 റൺസ് നേടി.അടുത്ത ഓവർ എറിയാനെത്തിയത് റൗഫാണ്. ആദ്യ നാലുപന്തുകളിൽ മൂന്ന് റൺസ് മാത്രം. എന്നാൽ അവസാന രണ്ട് പന്തുകളും വിരാട് സിക്സ് പറത്തിയതോടെ അവസാന ഓവറിൽ 16 റൺസ് മാത്രം മതിയെന്നായി.
ലാസ്റ്റ് ഒാവറിൽ സംഭവിച്ചത്
നവാസ് എറിഞ്ഞ ആദ്യപന്തിൽ ലക്ഷ്യം തെറ്റിയ ഹാർദിക്കിന്റെ ഷോട്ട് ബാബർ അസമിന്റെ കയ്യിൽ.
രണ്ടാം പന്തിൽ കാർത്തിക് സിംഗിളെടുത്തു
മൂന്നാം പന്തിൽ കൊഹ്‌ലി രണ്ട് റൺസ് ഓടിയെടുത്തു.
നാലാം പന്തിൽ കൊഹ്‌ലി സിക്സടിച്ചു. ഇത് നോബാളായതോടെ ഇന്ത്യയ്ക്ക് ജയിക്കാൻ ആറ്റൺസ്.
റീബാൾ വൈഡായി. ജയിക്കാൻ മൂന്ന് പന്തിൽ ആറ്.
അടുത്തപന്തിൽ കൊഹ്‌ലി ബൗൾഡായെങ്കിലും ഫ്രീ ഹിറ്റായതിനാൽ ബൈ ഓടി മൂന്ന് റൺസെടുത്തു.
അഞ്ചാം പന്തിൽ കാർത്തിക് ചാടിയിറങ്ങിയപ്പോൾ റിസ്‌വാൻ സ്റ്റംപ് ചെയ്തു.
അവസാന പന്ത് വീണ്ടും വൈഡ്. റീബാളിൽസിംഗിളടിച്ച് അശ്വിൻ ടീമിനെ വിജയത്തിലെത്തിച്ചു.
പാക് വിക്കറ്റ് വീഴ്ച
1-1(1.1 ഓവർ)
എൽ.ബി.ബി അർഷ്ദീപ് 0
2-15(3.6)
റിസ്‌വാൻ സി ഭുവി ബി അർഷ്ദീപ് 4
3-91(12.2)
ഇഫ്തിഖർ എൽ.ബി ബി ഷമി 51
4-96(13.2)
ഷദാബ് സി സൂര്യ ബി ഹാർദിക് 5
5-98 (13.6)
ഹൈദർ സി സൂര്യ ബി ഹാർദിക് 2
6-115 (15.5)
നവാസ് സി കാർത്തിക് ബി ഹാർദിക് 9
7-120 (16.4)
ആസിഫ് അലി സി കാർത്തിക് ബി അർഷ്ദീപ് 2
8-151(19.5)
അഫ്രീദി സി ആൻഡ് ബി ഭുവി 16
ഇന്ത്യ വിക്കറ്റ് വീഴ്ച
1-7 (1.5)
രാഹുൽ ബി നസീം ഷാ 4
2-10(3.2)
രോഹിത്ത് സി ഇഫ്തിഖർ ബി റൗഫ് 4
3-26(5.3)
സൂര്യ സി റിസ്‌വാൻ ബി
4-31(6.1)
അക്ഷർ റൺഒൗട്ട് 2
5-144(19.1)
ഹാർദിക് സി ബാബർ ബി നവാസ് 40
6-158(19.5)
കാർത്തിക് സ്റ്റംപ്ഡ് റിസ്‌വാൻ ബി നവാസ് 1