
ബംഗളൂരു : യൂറോപ്പിൽ ടൂർ കഴിഞ്ഞ് തിരികെ എത്തിയ കുടുംബാംഗങ്ങൾ കണ്ടത് പൂജാമുറിയിൽ തൂങ്ങിനിൽക്കുന്ന അന്യസംസ്ഥാനക്കാരനായ മോഷ്ടാവിനെ. ബംഗളൂരു ഇന്ദിരാനഗറിലാണ് സംഭവം. ആത്മഹത്യ ചെയ്തത് 46 കാരനായ ആസാം സ്വദേശിയായ മോഷ്ടാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻപ് മോഷണക്കുറ്റത്തിന് അറസ്റ്റിലായിട്ടുള്ളയാളാണ്. എന്നാൽ മോഷണത്തിന് കയറിയയാൾ എന്തിന് ആത്മഹത്യ ചെയ്തു എന്നതിന് കാരണങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
ഈ മാസം 20നാണ് ഇന്ദിരാനഗറിലെ ഈശ്വർ നഗറിലുള്ള ആർക്കിടെക്റ്റായ ശ്രീധർ സാമന്തറോയിയുടെ വീട്ടിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ സെപ്തംബർ 20നാണ് ശ്രീധർ യൂറോപ്പിലേക്ക് പോയത്. ഒരാഴ്ച കഴിഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യയും യൂറോപ്പിലേക്ക് പോയി. ഒക്‌ടോബർ 20ന് വൈകിട്ട് 4.30ന് ദമ്പതികൾ ബംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങിയെത്തി. തിരികെ എത്തിയപ്പോൾ മുൻ വാതിൽ താക്കോൽ ഉപയോഗിച്ച് ഇവർക്ക് തുറക്കാനായില്ല. തുടർന്ന് ഒരാളെ വിളിച്ചു പൂട്ട് പൊളിച്ച് തുറക്കുകയായിരുന്നു. വീടിനുള്ളിൽ കയറിയപ്പോൾ പിൻവാതിൽ തകർന്ന് കിടക്കുന്നത് ഇവർ കണ്ടു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപേ ഒരാൾ പൂജാമുറിയിൽ തൂങ്ങി നിൽക്കുന്നത് വീട്ടിലുള്ളവർ കണ്ടെത്തി. സീലിംഗ് ഫാനിൽ തൂങ്ങിനിൽക്കുന്നയാളെ കണ്ട് വീട്ടിലുള്ളവർ ഭയന്നു. അപ്പോഴേക്കും പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.
മരിച്ചയാൾ ആസാം സ്വദേശി ദിലീപ് കുമാർ എന്ന ദിലീപ് ബഹദൂറാണെന്ന് പൊലീസ് കണ്ടെത്തി. മുൻപ് ജെബി നഗറിനടുത്തുള്ള കോടിഹള്ളിയിൽ താമസിച്ചിരുന്ന ഇയാൾ മോഷണത്തിന് പിടിയിലായിട്ടുണ്ട്. ഇതാണ് മോഷ്ടാവിനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. പൂജാമുറിയിൽ കള്ളനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിചിത്രമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) ഭീമശങ്കർ എസ് ഗുലേദ് പറഞ്ഞു.
പൊലീസിന്റെ നിഗമനം ഇപ്രകാരമാണ് ദിലീപ് മോഷ്ടിക്കാൻ വീട്ടിലുള്ള സമയത്താണ് വീട്ടുടമയും ഭാര്യയും യൂറോപ്പിൽ നിന്നും തിരികെ എത്തിയത്. താൻ പിടിക്കപ്പെടുമെന്ന് ഭയന്ന മോഷ്ടാവ് പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്തു. ബഹദൂർ ആത്മഹത്യ ചെയ്ത സമയവും കുടുംബം എത്തിയ സമയവും ഒരേ സമയമാണെന്ന കണ്ടെത്തലാണ് ഈ നിഗമനത്തിന് അടിസ്ഥാനം. എന്നാൽ പിൻവാതിലിലൂടെ മോഷ്ടാവ് രക്ഷപ്പെടാതിരുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഒക്‌ടോബർ 19ന് രാത്രി ബഹദൂർ വീട്ടിൽ കയറിയതായി തെളിവുണ്ട്, എന്നാൽ ഇയാൾ മടങ്ങാതെ അവിടെ തുടരുകയായിരുന്നു. ഗ്യാസ് കട്ടർ ഉൾപ്പടെയുള്ള വസ്തുക്കളുമായാണ് മോഷ്ടാവ് എത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പിൻവാതിൽ തകർത്തത്. അടുക്കളയിൽ നിന്ന് ആഹാരം കഴിച്ച്, കട്ടിലിൽ ഉറങ്ങി, കുളിമുറിയിൽ കുളിക്കുകയും ചെയ്ത ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. വീട്ടിലെ അലമാര കുത്തിതുറന്നെങ്കിലും ഒന്നും മോഷ്ടിച്ചിരുന്നില്ല.