
കാൺപൂർ: യു പിയിലെ കാൺപൂരിൽ നവവധു ഭർത്താവിന്റെ വീട്ടിൽ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങി. ശേഷം ഫോണിലൂടെ തന്റെ ഭർത്താവിനോട് ഇനി തന്നെ വിളിക്കരുതെന്നും, നിങ്ങളെ സ്‌നേഹിക്കുന്നില്ലെന്നും അറിയിച്ചു. ജഡേപൂർ ഗ്രാമവാസിയായ അരവിന്ദ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ വിവാഹത്തട്ടിപ്പ് സംഘത്തിൽപ്പെട്ടയാളാണ് യുവതി എന്ന് സംശയിക്കുന്നു.
ഈ മാസം നാലിനാണ് സംഭവമുണ്ടായതെങ്കിലും യുവാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് നവവധു സ്വർണവും പണവുമായി ഒളിച്ചോടിയത് നാട്ടുകാർ അറിഞ്ഞത്. പൊലീസ് പറയുന്നതനുസരിച്ച് തക്തൗലി ഗ്രാമത്തിലെ രണ്ട് പുരുഷന്മാർ അരവിന്ദിന് വിവാഹ വാഗ്ദ്ധാനം നൽകി 70000 രൂപ വാങ്ങി, ശേഷം ബീഹാറിലെ ഗയയിലേക്ക് കൊണ്ടുപോയി രുചി എന്ന പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു. സെപ്തംബർ 30നാണ് തുക വാങ്ങി പെൺകുട്ടിയുടെ ഫോട്ടോ യുവാവിനെ കാണിച്ചത്. അടുത്ത ദിവസം ഒക്ടോബർ ഒന്നിന് ഗയയിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് അരവിന്ദ് ഭാര്യയോടൊപ്പം ഗ്രാമത്തിലെത്തി.
ഒക്‌ടോബർ നാലിന് ഉറക്കമുണർന്നപ്പോൾ നവവധുവിനെ കണ്ടില്ലെന്നും, പരിശോധനയിൽ പെട്ടിയിൽ സൂക്ഷിച്ച 30,000 രൂപയും വിവാഹത്തിന് താൻ അണിയിച്ച ആഭരണങ്ങളും വസ്ത്രങ്ങളും യുവതി മോഷ്ടിച്ചതായും യുവാവ് പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളായ സ്ത്രീയെയും പുരുഷന്മാരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.