
കൊച്ചി: വാഹനലോകത്ത് ആഡംബരത്തിന്റെ അവസാനവാക്ക് ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ... റോൾസ്-റോയ്സ്. ആഡംബരമായാലും സാധാരണവിപണിയായാലും ഇപ്പോൾ ട്രെൻഡ് ഇലക്‌ട്രിക് കാറുകൾക്കാണ്. ഈ ട്രെൻഡിനൊപ്പം ചേരുകയാണ് ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡായ റോൾസ്-റോയ്‌സും.
കമ്പനിയുടെ ആദ്യ ഇലക്‌ട്രിക് കാർ 'സ്‌പെക്‌ടർ" വില്പനയ്ക്കെത്തിക്കഴിഞ്ഞു. ആഡംബരത്തിന്റെ ആർക്കിടെക്‌ചറിൽ ഒരുക്കിയ ഈ ഇലക്‌ട്രിക് സൂപ്പർ കൂപ്പേയുടെ ബുക്കിംഗ് ആരംഭിച്ചു. ഡെലിവറി 2023 അവസാനമേയുണ്ടാകൂ.
577 ബി.എച്ച്.പി കരുത്തും 900 എൻ.എം ടോർക്കും അവകാശപ്പെടുന്നതാണ് സ്‌പെക്‌ടറിന്റെ ഹൃദയം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ സ്‌പെക്‌ടറിന് വെറും 4.5 സെക്കൻഡ് മതി. ബാറ്ററി ഒറ്റത്തവണ ഫുൾചാർജിൽ 520 കിലോമീറ്റർ വരെ ഓടാം. വിപണിയിലെ മറ്റേതൊരു ഇലക്‌ട്രിക് കാറിനെയും വെല്ലുന്ന റേഞ്ച് തന്നെയാണിത്.