
കൊച്ചി: മാഗ്‌നൈറ്റ് എസ്.യു.വിയുമായി ഇന്ത്യൻ വിപണിയിൽ വലിയ തരംഗം സൃഷ്‌ടിച്ച ജാപ്പനീസ് കമ്പനിയായ നിസാൻ, ശ്രേണിയിൽ കൂടുതൽ അപ്രമാദിത്തം നേടുകയെന്ന ലക്ഷ്യത്തോടെ മൂന്ന് പുത്തൻ താരങ്ങളെക്കൂടി അവതരിപ്പിച്ചു.
നിസാൻ എക്‌സ്-ട്രെയൽ, ക്വാഷ്‌കായ് എന്നീ എസ്.യു.വികളുടെ ഇന്ത്യൻ നിരത്തിലെ ടെസ്‌റ്റിംഗ് ഉടൻ തുടങ്ങും. 'ജ്യൂക്ക്" എന്ന എസ്.യു.വിയും അധികം വൈകാതെ ഉപഭോക്താക്കളിലേക്കെത്തും. ഇന്ത്യൻ നിരത്തുകൾക്ക് യോജിച്ചവിധവും ഉപഭോക്തൃ അഭിരുചിക്ക് അനുസൃതമായും മോഡലുകളെ രൂപപ്പെടുത്തുക ലക്ഷ്യമിട്ടാണ് ടെസ്‌റ്റിംഗ്. ചെന്നൈയിലെ നിസാൻ പ്ളാന്റിനടുത്തുള്ള റോഡുകളിലാണ് പരീക്ഷണം.
നടപ്പു സാമ്പത്തികവർഷം ആദ്യ ആറുമാസക്കാലത്ത് ഇന്ത്യയിൽ എസ്.യു.വി വിപണി കാഴ്‌ചവച്ച വില്പനവളർച്ച 50 ശതമാനത്തോളമാണ്. 10 ലക്ഷത്തോളം എസ്.യു.വികൾ പുതുതായി റോഡിലെത്തി. ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, മാരുതി സുസുക്കി എന്നിവയാണ് യഥാക്രമം ഈ ശ്രേണിയിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങളിൽ. 17,883 യൂണിറ്റുകളാണ് നിസാൻ വിറ്റഴിച്ചത്.