muhurat-trading

കൊച്ചി: ദീപാവലിയോട് അനബന്ധിച്ച് വർഷന്തോറും ഓഹരിവിപണി സംഘടിപ്പിക്കുന്ന ഒരുമണിക്കൂർ പ്രത്യേക വ്യാപാരസെഷനായ 'മുഹൂർത്ത വ്യാപാരം" ഇന്ന് നടക്കും. വൈകിട്ട് 6.15 മുതൽ 7.15 വരെയാണ് വ്യാപാരം. ഐശ്വര്യദേവതയായ ലക്ഷ്‌മിദേവിയ്ക്കുള്ള പൂജയോടെയാകും വ്യാപാരത്തിന് തുടക്കമാവുക.

ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള സംവത് വർഷത്തിന് തുടക്കം കുറിച്ചാണ് ഓരോവർഷവും മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നത്. സംവത്-2079 വർഷത്തിനാണ് ഇക്കുറി ദീപാവലിക്ക് തുടക്കമാകുന്നത്. ഓഹരി,​ സ്വർണം,​ വീട്,​ ഭൂമി,​ വാഹനം,​ വസ്ത്രം തുടങ്ങിയവ പുതുതായി വാങ്ങാനും നിക്ഷേപം ഉയർത്താനും ഏറ്റവും ഐശ്വര്യപൂർണമെന്ന് കരുതപ്പെടുന്ന സമയമാണ് മുഹൂർത്ത വ്യാപാരം.

പ്രതീക്ഷകളുടെ സംവത് വർഷം

ഓഹരിവിപണി മറാക്കാനാഗ്രഹിക്കുന്ന സംവത് വർഷമാണ് (2078) കടന്നുപോയത്​. കഴിഞ്ഞ ഏഴ് സംവത് വർഷങ്ങൾക്കിടെ ഓഹരിവിപണി നഷ്‌ടം കുറിച്ച ഏക വർഷമാണിത്. സെൻസെക്‌സ് ഒരു ശതമാനവും നിഫ്‌റ്റി 1.5 ശതമാനവുമാണ് ഇടിഞ്ഞത്. നേട്ടത്തിലേക്ക് തിരിച്ചുകയറാനാകുമെന്ന പ്രതീക്ഷയോടെയാണ് സംവത്-2079നെ നിക്ഷേപകർ വരവേൽക്കാനൊരുങ്ങുന്നത്. അതേസമയം, സംവത്-2078ൽ സെൻസെക്‌സിന്റെ നിക്ഷേപക മൂല്യത്തിലുണ്ടായ വർദ്ധന 11.3 ലക്ഷം കോടി രൂപയാണ്. 274.4 ലക്ഷം കോടി രൂപയായാണ് മൂല്യം മെച്ചപ്പെട്ടത്.