
സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ പദവിയും നിലനിറുത്തി
ലീ ക്വിയാംഗ് പുതിയ പ്രധാനമന്ത്രി ആകും
ഷീ ഉൾപ്പെടുന്ന ഏഴംഗ സ്റ്റാൻഡിംഗ് കമ്മിറ്റി ഭരണം നിയന്ത്രിക്കും
ബീജിംഗ് : മാവോ സെ തുംഗിന് ശേഷം രാജ്യം കണ്ട ഏറ്റവും ശക്തനായ നേതാവെന്ന ചരിത്രനേട്ടം സ്വന്തമാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തുടർച്ചയായ മൂന്നാം തവണയും ഷീ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത അഞ്ച് വർഷത്തേക്ക് ഷീ പദവിയിൽ തുടരും. ഇതോടെ മൂന്നാം തവണയും ഷീ ചൈനയുടെ പ്രസിഡന്റായി തുടരുമെന്ന് വ്യക്തമായി. ഔദ്യോഗിക പ്രഖ്യാപനം മാർച്ചിൽ നടക്കുന്ന ചൈനീസ് സർക്കാരിന്റെ വാർഷിക യോഗത്തിലേ ഉണ്ടാകൂ.
പൊളിറ്റ് ബ്യൂറോയിൽ 24 അംഗങ്ങൾ
സൈന്യത്തിന്റെ നിയന്ത്രണാധികാരമുള്ള സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ പദവിയും ഷീ നിലനിറുത്തി. ഇന്നലെ ചേർന്ന പാർട്ടി സെൻട്രൽ കമ്മിറ്റി യോഗമാണ് ഷീയെ രാജ്യത്തിന്റെ പരമോന്നത നേതാവായി അവരോധിച്ചത്. 24 അംഗ പൊളിറ്റ്ബ്യൂറോയെയും പാർട്ടിയുടെ ഏറ്റവും ശക്തരായ ഏഴ് നേതാക്കൾ അടങ്ങുന്ന പൊളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയെയും ഇന്നലെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ഷീ ഉൾപ്പെടുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുക. തന്റെ വിശ്വസ്തരെയാണ് ഷീ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊളിറ്റ്ബ്യൂറോയിലേക്ക് സാധാരണ 25 അംഗങ്ങളെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്.
ലീ കെ ചിയാംഗ് മാർച്ചിൽ സ്ഥാനമാെഴിയും
ലീ ക്വിയാംഗ് പുതിയ പ്രധാനമന്ത്രിയാകും. നിലവിലെ പ്രധാനമന്ത്രിയായ ലീ കെ ചിയാംഗ് മാർച്ചിൽ സ്ഥാനമൊഴിയുന്നതോടെ അദ്ദേഹം അധികാരമേൽക്കും. ശനിയാഴ്ച അവസാനിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാനമായ 20-ാം ദേശീയ കോൺഗ്രസിൽ ഷീയെ വീണ്ടും അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിയ്ക്കും വിപുലമായ പുനഃസംഘടനയ്ക്കും അംഗീകാരം നൽകിയിരുന്നു.
അധികാരത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി ലീ കെചിയാംഗ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കുകയും ഷീയെ പാർട്ടിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയുമായിരുന്നു. പാർട്ടിയിൽ എതിരാളികളില്ലാതെ തന്റെ സ്ഥാനം ഉറപ്പിച്ച ഷീ ആജീവനാന്തം ചൈനീസ് പ്രസിഡന്റായി തുടരുമെന്നാണ് കരുതുന്നത്.
മാവോ സെ തുംഗിന് ശേഷമുള്ള ചൈനീസ് പ്രസിഡന്റുമാർ 5 വർഷം വീതമുള്ള രണ്ട് ടേമുകളായിട്ടാണ് പ്രസിഡന്റ് പദത്തിലിരുന്നത്. ഈ വ്യവസ്ഥ 2018ൽ പൊളിച്ചടുക്കിയാണ് ഷീ മൂന്നാം ടേമിലേക്ക് ചുവടുവയ്ക്കുന്നത്. മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഷീയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. 2012ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ ഷീ 2013 മാർച്ചിനാണ് പ്രസിഡന്റ് പദവി ഏറ്റെടുത്തത്.
'' ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് പാർട്ടിയോട് ആത്മാർത്ഥതയോടെ നന്ദി പറയുന്നു. ജനങ്ങളുടെയും പാർട്ടിയുടെയും മഹത്തായ വിശ്വാസത്തിന് അർഹനാണെന്ന് തെളിയിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ലോകമില്ലാതെ ചൈനയ്ക്ക് വളരാനാകില്ല. ലോകത്തിനും ചൈനയെ വേണം. ചൈനയുടെ പുനരുജ്ജീവനം കൈവരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ""
- ഷീ ജിൻപിംഗ്