
മുംബയ്: അമേരിക്കയിൽ ആദ്യം 5 ജി അതിവേഗ സേവനത്തിന് വഴിയൊരുക്കിയ സാങ്കേതിക വിദ്യ ഇന്ത്യൻ ടെലികോം മേഖലയിൽ ലഭ്യമാക്കിയിരിക്കുകയാണ് റിലയൻസ് ജിയോ ട്രൂ 5ജി വൈ-ഫൈ. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ഇൗ സേവനം ലഭ്യമാകുക. 5ജി സിമ്മും 5ജി ഫോണും ഇല്ലാതെ 5ജിയുടെ മിന്നൽ വേഗം അനുഭവിച്ചറിയാം. സ്മാർട്ട്‌ഫോണിൽ വൈ-ഫൈ ഉണ്ടെങ്കിൽ കണക്ട് ചെയ്യാം.
ലോകത്താദ്യമായി 2019 ഡിസംബറിൽ അമേരിക്കയിൽ എ.ടി ആൻഡ് ടി ഹോട്ട്സ്പോട്ട് വൈ-ഫൈ വഴി 5 ജി സേവനം ലഭ്യമാക്കിയിരുന്നു. പിന്നീട് ഏപ്രിലിൽ ദക്ഷിണ കൊറിയ ആദ്യമായി നേരിട്ട് 5 ജി സിഗ്നലുകൾ നൽകി രംഗപ്രവേശം ചെയ്യുകയായിരുന്നു.
ജിയോ ട്രൂ 5ജി വൈ-ഫൈ സേവനം ആരംഭിച്ചിരിക്കുന്നത് രാജസ്ഥാനിലെ നാഥദ്വാര പട്ടണത്തിൽ ഭഗവാൻ ശ്രീനാഥ് ജിയുടെ ക്ഷേത്ര പരിസരത്താണ്. കഴിഞ്ഞ ദിവസം ചെന്നൈ നഗരത്തിലും പരീക്ഷണം തുടങ്ങി.
ഡൽഹി, മുംബയ്, കൊൽക്കത്ത, വാരാണസി തുടങ്ങിയ നഗരങ്ങളിലേക്ക് ഈ സാങ്കേതിക വിദ്യ താമസിയാതെ എത്തിക്കുമെന്ന് റിലയൻസ് അറിയിച്ചു.
ജിയോ ട്രൂ 5ജി വൈ-ഫൈ സേവനം ഇപ്പോൾ വെൽക്കം ഓഫറായാണ് നൽകുന്നത്. ഡേറ്റ ഉപയോഗിക്കുന്നതിന് തത്ക്കാലം പരിധിയില്ല. ജിയോയുടെ വരിക്കാരായിരിക്കണമെന്ന് നിർബന്ധവുമല്ല. പരീക്ഷിച്ചു നോക്കി ജിയോ വരിക്കാരാവാം. എന്നുവരെ സൗജന്യ ഡേറ്റ ഉപയോഗം അനുവദിക്കുമെന്ന് വ്യക്തമല്ല. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡ്, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ ഹബ്ബുകൾ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇൗ സേവനം ലഭ്യമാകുക.
5ജി അതിവേഗ ഇന്റർനെറ്റ് രാജ്യത്തെ എല്ലാ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയാണ് ജിയോ ട്രൂ 5ജി വൈ-ഫൈ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 5 ജി ഗാഡ്ജറ്റുകൾ ഉണ്ടെങ്കിലും അവ നിർമ്മിച്ച കമ്പനികൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാത്തതിനാൽ ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന പരാതിയുണ്ട്. ആപ്പിൾ, സാംസംഗ്, ഗൂഗിൾ തുടങ്ങിയ കമ്പനികളുടെ 5 ജി ഫോണുകൾ ഇക്കാരണത്താൽ 5ജി സേവനമുള്ള മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് താമസിയാതെ ഉണ്ടാകും.
രാജ്യത്തെ 50 ശതമാനം മൊബൈൽ ഫോൺ ഉപഭോക്താക്കളും 5ജിയിലേക്കു മാറാൻ ആഗ്രഹിക്കുന്നുവെന്നാണ് ഒരു പഠനത്തിൽ കണ്ടെത്തിയത്. 5 ജി ഫോണിനായി പണം മുടക്കാൻ തയാറാണെന്നും റിപ്പോർട്ടിൽ പറയുന്നു.