
മെൽബൺ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് അവസാന പന്തിൽ ആവേശകരമായ ജയം. 160 റൺസ് ലക്ഷ്യം നേടാനിറങ്ങിയ ഇന്ത്യയ്‌ക്ക് നാല് വിക്കറ്റുകൾ നഷ്‌ടപ്പെട്ട് തകർച്ചയെ നേരിട്ടപ്പോൾ കൊഹ്‌ലിയും ഹാർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ത്രസിപ്പിക്കുന്ന ജയം കൈക്കലാക്കാൻ സഹായിച്ചത്. കൊഹ്‌ലി പുറത്താകാതെ 53 പന്തുകളിൽ 82 റൺസ് നേടി. ആറ് ഫോറുകളും നാല് സിക്‌സറുകളുമടങ്ങിയതായിരുന്നു കൊഹ്‌ലിയുടെ ഇന്നിംഗ്സ്. ഹാർദ്ദിക് 37 പന്തിൽ 40 റൺസ് നേടി പുറത്തായി.
നേരത്തെ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാന്റെ ഓപ്പണർമാരെ ഉടൻ തന്നെ പുറത്താക്കിയിരുന്നു. ആദ്യ പന്തിലാണ് ബാബർ അസം പുറത്തായത്. റിസ്വാൻ 12 പന്തിൽ നാല് റൺസ് മാത്രം നേടി പുറത്തായി. എന്നാൽ തുടർന്ന് ഒരുമിച്ച ഷാൻ മസൂദ്-ഇഫ്‌തികർ അഹ്‌മ്മദ് സഖ്യം മികച്ച രീതിയിൽ തന്നെ മുന്നേറി. സ്‌കോർ 91ൽ എത്തിയപ്പോൾ അർദ്ധസെഞ്ചുറി നേടിയതിന് പിന്നാലെ ഇഫ്‌തികർ അഹമ്മദ് (34 പന്തിൽ 51) പുറത്താക്കി. പിന്നീട് ഷദബ് ഖാൻ(5), ഹൈദർ അലി(2), മുഹമ്മദ് നവാസ്(9), ആസിഫ് അലി(2) എന്നിവർ ഉടൻ പുറത്തായി. ഷഹീൻ അഫ്രീദിയുടെ (16) ഒപ്പം ഷാൻ മസൂദ് (പുറത്താകാതെ 52) സ്‌കോർ 20 ഓവറിൽ 159ൽ എത്തിച്ചു. ഇന്ത്യയ്‌ക്കായി ആർഷ്‌ദീപ് സിംഗ്, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് നായകൻ രോഹിത്ത് ശർമ്മ(4), ഉപനായകൻ രാഹുൽ(4) എന്നിവരെ ആദ്യമേ നഷ്‌ടമായി. തുടർന്ന് എത്തിയ കൊഹ്‌ലി ആദ്യം മെല്ലെയാണ് സ്‌കോർ ചെയ്‌തത്. ഒപ്പമുണ്ടായിരുന്ന സൂര്യകുമാർ യാദവ് അതിവേഗം സ്‌കോർ ചെയ്യാനുളള ശ്രമത്തിനിടെ പുറത്തായി ( 10 പന്തിൽ 15). അക്‌സർ പട്ടേലും വേഗം പവലിയനിലേക്ക് മടങ്ങി(2). പിന്നീടെത്തിയ ഹാർദ്ദിക് പാണ്ഡ്യയുമൊത്ത് കൊഹ്‌ലി ക്ഷമയോടെ ബാറ്റ് ചെയ്‌ത് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. പാണ്ഡ്യ മടങ്ങിയതോടെ എത്തിയ കാർത്തിക് (1) അവസാന ഓവറിൽ നിർണായക സമയത്ത് പുറത്തായി. എന്നാൽ അവസാന ഓവർ എറിഞ്ഞ മുഹമ്മദ് നവാസിന് സമ്മർദ്ദം അതിജീവിക്കാനാകാതെ വന്നതോടെ കൊഹ്‌ലി ഇന്ത്യൻ ജയം കൈക്കലാക്കി.