
മെൽബൺ : തോറ്റെന്ന് ഉറപ്പിച്ച മത്സരം വിരാട് കൊഹ്‌ലിയുടെ മാസ്മരിക ഇന്നിംഗ്സിലൂടെ തിരിച്ചുപിടിച്ച ഇന്ത്യ ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ പഞ്ചറാക്കി. അവസാന പന്തിൽ നാലുവിക്കറ്റിനാണ് വിജയം. കഴിഞ്ഞ ലോകകപ്പിലെ തോൽവിക്ക് ദീപാവലിത്തലേന്ന് മധുരമായ പകരം വീട്ടൽ.
കൊഹ്‌ലി 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടി. (ആറു ഫോർ,നാലു സിക്സ്). ഹാർദിക് പാണ്ഡ്യയുടെ പിന്തുണയും (37 പന്തുകളിൽ 40 റൺസ്) വിജയതീരമണയാൻ ഇന്ത്യയെ സഹായിച്ചു. വിരാടാണ് മാൻ ഒഫ് ദ മാച്ച്.
ഇന്നലെ മെൽബണിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 159 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
15 റൺസിനിടെ സ്റ്റാർ ഓപ്പണർമാരായ റിസ്വാനെയും ബാബറെയും മടക്കി അർഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ലോകകപ്പിലെ തന്റെ ആദ്യ ബോളിലാണ് അർഷ്ദീപ് പാക് നായകൻ ബാബർ അസമിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്.
ഷാൻ മസൂദിന്റെയും (52 നോട്ടൗട്ട് ), ഇഫ്തിഖർ അഹമ്മദിന്റെയും (51) അർദ്ധസെഞ്ച്വറികളാണ് പാകിസ്ഥാനെ 159ലെത്തിച്ചത്. അർഷ്ദീപ് സിംഗും ഹാർദിക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷമിയും ഭുവനേശ്വറും ഓരോ വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. നാലുറൺസ് വീതമെടുത്ത് രാഹുലും രോഹിതും കൂടാരം കയറിയതിന് പിന്നാലെ സൂര്യകുമാർ യാദവിന്റെയും (15), അക്ഷർ പട്ടേലിന്റെയും (2) വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ 6.1 ഓവറിൽ 31/4 എന്ന നിലയിലായി. ആരാധകർ നിരാശയിലേക്ക് വീണ ആ ഘട്ടത്തിൽ നിന്ന് വിരാട്-ഹാർദിക് സഖ്യം 19.1ഓവറിൽ 144/5 വരെയെത്തിച്ചു. ആദ്യ 10 ഓവറിൽ വെറും 45 റൺസായിരുന്നു സ്കോർ. 115 റൺസ് അവസാന 10 ഓവറിൽ വാരിക്കൂട്ടുകയായിരുന്നു.
മുഹമ്മദ് നവാസ് എറിഞ്ഞ അത്യന്തം നാടകീയമായ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. കൊഹ്‌ലിയുടെ സിക്സും നോ ബാളും ദിനേശ് കാർത്തിക്കിന്റെ പുറത്താകലുമൊക്കെ കഴിഞ്ഞപ്പോൾ അവസാന പന്തിൽ ഒരു റണ്ണായി ലക്ഷ്യം. ചുറ്റും കൂടിയ ഏഴ് ഫീൽഡർമാക്ക് മുകളിലൂടെ അശ്വിൻ വിജയ റൺ നേടിയപ്പോൾ ഇന്ത്യൻ ആരാധകരെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയം ആർത്തിരമ്പി.
9
പാകിസ്ഥാനുമായി ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റുമുട്ടിയിട്ടിയ 12 മത്സരങ്ങളിൽ ഇന്ത്യയുടെ ഒൻപതാം വിജയമാണിത്
5
പാകിസ്ഥാനെതിരെ വിരാടിന്റെ അഞ്ചാമത്തെ അർദ്ധസെഞ്ച്വറി. ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാനെതിരെ നേടുന്ന നാലാമത്തേതും
എന്താണ് സംഭവിച്ചതെന്ന് ഒരു പിടിത്തവുമില്ല. അവസാന ഓവർ വരെ പൊരുതാൻ ഞാനും ഹാർദ്ദിക്കും തീരുമാനിച്ചു. എല്ലാം അതിന്റെ വഴിക്ക് വന്നു. ഇത് എന്റെ ഏറ്റവും മികച്ച ട്വന്റി-20 ഇന്നിംഗ്സ്. ഫോമില്ലാതെ വിഷമിച്ചപ്പോൾ കൈവിടാതെ ചേർത്തു പിടിച്ച ഓരോരുത്തർക്കും ഈ വിജയം സമർപ്പിക്കുന്നു
- വിരാട് കൊഹ്‌ലി