
2006 ൽ മലപ്പുറം ജില്ലയിലുണ്ടായ ദാരുണമായ ഒരു സ്കൂൾവാൻ അപകടം വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഓർക്കുകയാണ്. അന്ന് സമഗ്രമായ പരിശോധനകളും ബോധവത്കരണവും വഴി ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള തീവ്രയജ്ഞം കേരളത്തിൽ പൊലീസ് നടത്തിയിരുന്നു.
ട്രാഫിക് അപകടനിരക്ക് കുറയ്ക്കാൻ ഏറ്റവും പ്രധാനപ്പെട്ട അഞ്ച്  'ഇ"കൾ ഇവയാണ്.
1. Engineering
2. Education
3. Enforcement
4. Evaluation
5. Emergency Care
എൻജിനീയറിംഗ് പരിശോധനകൾ നടത്തി അപകടകരമായ വളവുകൾ കണ്ടെത്തി അവ പരിഹരിക്കണം. പുതുതലമുറയുടെയും ബസ്, ഓട്ടോ ഡ്രൈവർമാരുടെയും മറ്റും ബോധവത്കരണം പൊലീസ്/മോട്ടോർ വാഹന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സ്ഥിരമായി നടത്തേണ്ടതുണ്ട്. അന്ന് അച്ചടക്കമുള്ള ഡ്രൈവർമാർക്ക് അവാർഡ് നൽകുന്ന പതിവ് ജില്ലകളിൽ സ്വീകരിച്ചിരുന്നു. ട്രാഫിക് പരിശോധനകൾ കർക്കശമാക്കിയാലേ അപകടനിരക്ക് കുറയൂ. ബസ് ഡ്രൈവർമാർക്കു വേണ്ടി പ്രത്യേക പരിശീലന പരിപാടികൾ നടത്തിയശേഷം കർശന പരിശോധന നടത്തുന്നത് കൂടുതൽ ഫലം ചെയ്യും.
തൃശൂർ എസ്.പിയായി ഇരിക്കുമ്പോൾ അമിതവേഗം കുറയ്ക്കാനായി ഹൈവേയിൽ ബസുകൾക്ക് പഞ്ചിംഗ് ഏർപ്പെടുത്തിയിരുന്നു. ബസ് ഉടമകളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്. ആറുമാസം കഴിഞ്ഞപ്പോൾ തങ്ങളുടെ ചെലവ് മൂന്നിലൊന്ന് കുറഞ്ഞെന്ന് സന്തോഷപൂർവം അവർ അറിയിച്ചിരുന്നു. അമിതവേഗം അമിത ചെലവു കൂടിയാണെന്ന് അവർ തിരിച്ചറിഞ്ഞത് അപ്പോഴാണ്. ട്രാഫിക് രംഗത്ത് തുടർച്ചയായ പഠനങ്ങളും ആവശ്യമാണ്. അപകടത്തിൽ പെട്ടവർക്കുള്ള എമർജൻസി കെയർ ആവശ്യമായ പരിശീലനം സിദ്ധിച്ചവർ മാത്രം ചെയ്യേണ്ട കാര്യമാണ്. ജില്ലകൾക്ക് പ്രോജക്ടുകൾ സമർപ്പിക്കാൻ റോഡ് സേഫ്ടി ഫണ്ട് നൽകാൻ റോഡ് സേഫ്ടി കമ്മിഷണർക്കു കഴിയും. റോഡിന്റെ വലതുവശം ചേർന്നു നടക്കണം, ഇടതുവശം ചേർന്ന് വാഹനം ഓവർടേക്ക് ചെയ്യാൻ പാടില്ല തുടങ്ങിയ നിയമങ്ങൾ ലംഘിക്കുന്നത് അപകടങ്ങൾ വിളിച്ചുവരുത്തും. 'ലേയ്ൻ സംസ്കാര"മില്ലാതെ പായുന്ന ലോറികളും സ്കൂട്ടറുകളുമൊക്കെ നിരത്തിലെ അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. സീബ്രാവരകളിലൂടെ മാത്രം റോഡു മുറിച്ചുകടക്കുന്നതും അവിടെ വാഹനം നിറുത്തി കൊടുക്കുന്നതും ഒരു സംസ്കാരമാക്കി മാറ്റാൻ നമുക്ക് കഴിയാത്തത് ഖേദകരമാണ്.
കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളും കാറുകളും നമ്മുടെ സമൂഹത്തിനു കുട്ടികളുടെ സുരക്ഷയോടുള്ള അവഗണനയ്ക്കു ദൃഷ്ടാന്തമാണ്. പലപ്പോഴും മറ്റുപയോഗത്തിനു യോഗ്യമല്ലാതെ വിൽക്കുന്നവയാണ് സ്കൂൾ ബസുകളെന്ന് 2009 ൽ കേരളത്തിലെ ആദ്യത്തെ ട്രാഫിക് ഐ.ജിയായി ജോലിചെയ്യുമ്പോൾ മനസ്സിലാക്കി. അതെന്നെ ഞെട്ടിച്ചു. സ്കൂൾ മാനേജ്മെന്റുകളുടെ ബോധവത്കരണ നടപടികൾക്കുശേഷം പരിശോധന ശക്തമാക്കുകയായിരുന്നു അന്നു സ്വീകരിച്ച മാർഗം.
കുട്ടികൾക്കിടയിലെ ട്രാഫിക് ബോധവത്കരണത്തിനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ മുന്നിട്ടിറങ്ങിയതും കുട്ടികൾക്കായി പ്രത്യേകം ട്രാഫിക് പുസ്തകം അച്ചടിച്ചു നൽകിയതും സ്കൂളുകളിൽ 1000 റോഡ് സേഫ്ടി ക്ലബുകൾ രൂപീകരിച്ചതുമൊക്കെ പുതിയൊരു ട്രാഫിക് സംസ്കാരത്തിന്റെ തുടക്കമായിരുന്നു. അപകടങ്ങൾ കൂടുതൽ നടക്കുന്ന ഹൈവേകൾ കേന്ദ്രീകരിച്ചു ഹൈവേ സുരക്ഷാ ജാഗ്രതാ സമിതികൾ നടപ്പാക്കിയത് ജനങ്ങളുടെ പങ്കാളിത്തത്തോടെ ട്രാഫിക് രംഗത്തെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സഹായിച്ചു.
ശ്രദ്ധവേണം ട്രോമാ കെയറിന്
ട്രോമാകെയർ രംഗത്ത് വളരെയധികം ശ്രദ്ധ ആവശ്യമുണ്ട്. മുഴുവൻ പൊലീസുകാർക്കും ട്രോമാകെയർ പരിശീലനം നൽകാൻ പൊലീസ് ട്രെയിനിംഗ് വിഭാഗം മുൻകൈയെടുത്തു. ട്രാഫിക് ബോധവത്കരണരംഗത്ത് ഫയർഫോഴ്സും പൊലീസും മോട്ടോർവാഹനവകുപ്പും വിദ്യാഭ്യാസവകുപ്പും ഒരുപോലെ പ്രവർത്തനനിരതരാകണം.
ആക്സിഡന്റുകളുടെ ഡിജിറ്റൽ രേഖകൾ
ട്രാഫിക് ആക്സിഡന്റുകൾ ഡിജിറ്റലായി രേഖപ്പെടുത്തുകയും അവ ആഴ്ചതോറും പഠിക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നത് വളരെ ഫലപ്രദമാണ്. 2009 ൽ ഇത്തരം പഠനങ്ങൾ ജില്ലതോറും നടത്തിയിരുന്നു. ഹൈവേ പട്രോൾ പൊലീസ് സംഘങ്ങൾ നിർദ്ദേശങ്ങൾക്ക് അനുസൃതമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അപകടസ്ഥലങ്ങൾ രേഖപ്പെടുത്തി അവിടെ റോഡ് എൻജിനീയറിംഗ് മുതൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഓരോ മാസവും വിലയിരുത്തലിനുശേഷം നടത്തേണ്ടതുണ്ട്.
അപകടത്തിൽപ്പെടുന്ന ആളുകളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാനായി ഹൈവേയുടെ സമീപത്തെ സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാർക്കു പ്രത്യേകം പ്ലാൻഫണ്ട് അനുവദിച്ചിരുന്നത് വളരെ ഫലപ്രദമായ പ്രോജക്ട് ആയിരുന്നു.
'108" ആംബുലൻസ് എമർജൻസി കെയറിലെ പ്രധാന കാൽവെയ്പ്പാണ്. ചുരുങ്ങിയ തോതിൽ ഫയർഫോഴ്സ് വാഹനങ്ങളും ഈ രംഗത്തുണ്ട്. ശബരിമല സീസണിനു മുൻപായി ഫിറ്റ്നസ് ഉള്ള വാഹനങ്ങളിൽ മാത്രമേ യാത്രക്കാരെ തീർത്ഥാടനത്തിന് അനുവദിയ്ക്കാവൂ എന്നു അയൽ സംസ്ഥാനങ്ങൾക്ക് കത്ത് നൽകുന്നത് തീർത്ഥാടന വാഹനങ്ങളുടെ അപകടം വളരെയധികം കുറയ്ക്കാൻ സഹായകമായിട്ടുണ്ട്. കൂടാതെ 'ശുഭയാത്ര"പദ്ധതിപ്രകാരം തീർത്ഥാടന വാഹനങ്ങൾ രാത്രിയിൽ അപകടസാദ്ധ്യതയുള്ള മേഖലകളിൽ വാഹനം നിറുത്തി ചുക്കുകാപ്പി നൽകി (ഹൈവേ സുരക്ഷാ ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ) അവരുടെ ഭാഷയിലുള്ള ലഘുലേഖകൾ നൽകുന്ന രീതിയും ഫലം കാണാറുണ്ട്. അപകട മുന്നറിയിപ്പ് ബോർഡുകൾ (വിവിധ ഭാഷകളിൽ) ശബരിമല സീസണു മുൻപായി സ്ഥാപിക്കുന്നത് പ്രയോജനപ്രദമാണ്.
ടൂറിസ്റ്റ് ബസുകളിൽ അനിയന്ത്രിതമായ ശബ്ദത്തിൽ സംഗീതവും അമിതവേഗവും എന്തിന് ലഹരി ഉപയോഗവും വരെ നടക്കുന്നുണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതാണ്. വാഹനമോടിയ്ക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങൾക്ക് ഇടയാക്കും. ടൂറിസ്റ്റു ബസുകൾ ചലിക്കുന്ന ബാൾറൂം ഫ്ളോറുകൾക്കു സമാനമായി ഓടുന്ന കാഴ്ച സാധാരണമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വണ്ടികൾ ഓടിക്കാൻ പരിചയ സമ്പന്നരും പക്വതയുള്ളവരുമായ ഡ്രൈവർമാരെ മാത്രം നിയമിക്കുക. സ്ഥിരം കുറ്റവാളികൾ വാഹനങ്ങളോടിക്കുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും. മദ്യപാനം, ലഹരി ഉപയോഗം ഇവയ്ക്കുള്ള പരിശോധന ഇടയ്ക്കിടയ്ക്ക് സ്കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ നടത്തേണ്ടതാണ്.
പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെ മുതിർന്നവർ കൂടെയില്ലാതെ റോഡിൽ നടക്കാൻ അനുവദിച്ചുകൂടാ. മുതിർന്നവർ അനുഗമിക്കാനില്ലാതെ സ്കൂൾബസിൽ നിന്ന് കുട്ടികളെ ഇറക്കിവിടാൻ പാടില്ല. ഹൈവേകളിൽ 'റംബിൾ സ്ട്രിപ്പുകൾ" സ്പീഡു കുറയ്ക്കുന്നതിനായി, (ശാസ്ത്രീയ പഠനത്തിനുശേഷം) സ്ഥാപിക്കുന്നത് പ്രയോജന പ്രദമായിരുന്നു.
ഹൈവേയിലെ വേഗത നിയന്ത്രിക്കാൻ
ഹൈവേയിൽ സ്പീഡു നിയന്ത്രണ സംവിധാനങ്ങൾക്ക് നിയമസാധുത നൽകുന്ന കാര്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഹൈവേ പരിസരത്ത് ബാർ, മദ്യ ഷോപ്പുകൾ, ലഹരി വസ്തു വില്പന എന്നിവ ഒഴിവാക്കേണ്ടതാണ്. രാത്രിയിൽ വെള്ളനിറത്തിലുള്ള വസ്ത്രമോ തിളങ്ങുന്ന ജാക്കറ്റോ ധരിച്ചു മാത്രമേ ട്രാഫിക് പൊലീസ് ജോലി ചെയ്യാവൂ. രാത്രി നിരത്തിലൂടെ കടും നിറങ്ങളുപയോഗിച്ചുള്ള സഞ്ചാരം കാൽനടക്കാരും ഒഴിവാക്കണം.
'9846100100" എന്ന ഹൈവേ പട്രോൾ കൺട്രോൾ റൂം നമ്പരിൽ വിളിച്ചാൽ 24x7 റോഡപകടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. നാം അപകടത്തിൽപെട്ടാലും ഈ നമ്പരിൽ വിളിച്ചറിയിച്ചാൽ ഉടൻ അടുത്ത ഹൈവേ പട്രോൾ അല്ലെങ്കിൽ പൊലീസ് സ്റ്റേഷൻ വണ്ടി സ്ഥലത്തെത്തും. '101"എന്ന ഫയർ ഫോഴ്സ് നമ്പരും ഉപയോഗിക്കാം. ഈ നമ്പരുകളൊക്കെ ഓരോ കുട്ടിക്കും ഹൃദിസ്ഥമായിരിക്കണം.
ഗതാഗത സുരക്ഷയ്ക്കായി ഒരിക്കൽ നടപ്പാക്കി പിന്നീട് മൗനത്തിലായിപ്പോയ പരിഷ്കാരങ്ങൾ വീണ്ടും ഊർജ്ജസ്വലമാക്കേണ്ടത് സമൂഹത്തിന്റെ സുരക്ഷയ്ക്ക് അന്ത്യന്താപേക്ഷിതമാണ്. അങ്ങനെ നല്ലൊരു റോഡ് സംസ്കാരം നമുക്ക് വളർത്തിയെടുക്കാം.