
തെക്കന്മാരെ ഒന്നിരുത്താൻ ഉണ്ടാക്കിയ കുമ്പക്കുടി രാമായണം കേട്ട് പരിഭവിക്കേണ്ട കാര്യമില്ല. രാമായണം എല്ലാക്കാലത്തും, എല്ലാ ദേശത്തും പൊടിപൊടിച്ച് ആർത്തുവളരുന്ന ഒന്നാണ്. ഇന്ത്യയ്ക്കകത്തും പുറത്തും അതിന് പാഠഭേദങ്ങൾ ധാരാളം. വടക്കൻ പാട്ടുകളുടെ മാർക്കറ്റ് തെക്കൻ പാട്ടുകൾക്കില്ല.
ഇപ്പോൾ രാഷ്ട്രീയത്തിലും വടക്കൻ കാറ്റ് ശക്തമായിരിക്കുന്ന കാലമാണല്ലോ. രാഷ്ട്രീയത്തിൽ മാത്രമല്ല കലാ - സാഹിത്യ സാംസ്കാരിക മേഖലകളിലും വടക്കന്മാർ കരുത്ത് കാണിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിലും പുതിയ ചലനങ്ങൾ വടക്കുനിന്നാണല്ലോ? തർക്കിച്ചാൽ 'ന്നാ താൻ പോയി കേസ് കൊട് " എന്നു പറഞ്ഞേക്കാം. കഥകളിയിലെ തെക്കൻ ചിട്ടയോട് വടക്കന്മാർ മാത്രമല്ല മദ്ധ്യകേരളത്തിലും അപ്രിയമുണ്ടായിരുന്നു. 'തെക്കൻ," 'വടക്കൻ" എന്നതൊക്കെ ആപേക്ഷികമത്രെ. കാസർകോട്ടുകാർക്ക് പയ്യന്നൂരുനിന്നും കല്യാണമാലോചിക്കുമ്പോൾ അവർ തെക്കരാണ്. കണ്ണൂർകാർക്ക് തൃശൂരും എറണാകുളംകാർക്ക് കൊല്ലത്തുകാരും തെക്കരാണ്. കല്യാണ ആലോചനയിൽ മദ്ധ്യകേരളക്കാർക്ക് പാവം ശുദ്ധഗതിക്കാർ മതിയെങ്കിൽ വടക്കോട്ട് നോക്കും. ജോലിയും സാമർത്ഥ്യവും തെക്കർക്കാണ്. ഏറ്റവും കൂടുതൽ സ്ത്രീകൾ സ്വന്തം ജില്ല വിട്ട് ദൂരെ ദേശങ്ങളിൽ ജോലിചെയ്യുന്നവരും തെക്കൻ ജില്ലകളിലാണ്. കോളേജ് വിദ്യാഭ്യാസം ആദ്യം പടർന്നു പന്തലിച്ചതും തെക്കൻ ജില്ലകളിലാണല്ലോ?
സീതയെ ലക്ഷ്മണൻ മോഹിച്ചിരുന്നു എന്നതിന് സൂചന നൽകുന്ന ഭാഗങ്ങൾ രാമായണത്തിലുള്ള കാര്യം പലരും എഴുതിയിട്ടുണ്ട്. 'സീതയുടെ പിന്നാലേ' എന്നൊരു പുസ്തകം അരനൂറ്റാണ്ടുമുമ്പ് കണ്ടതോർക്കുന്നു. ലക്ഷ്മണനോടും സീതയോടുമുള്ള രാമന്റെ സംശയത്തെ പ്രകടമാക്കുന്ന സന്ദർഭങ്ങളുമുണ്ട്. 'രാവണപുത്രി' എന്ന വയലാറിന്റെ കവിതയിൽ സീത രാവണന്റെ പുത്രിയാണ്.
കുമ്പക്കുടി രാമായണം ഒരു മലബാർ നാടോടിക്കഥയെ ഉപജിവിച്ചുള്ളതാണെന്നു വിശദീകരണം വിശ്വാസ്യമാണ്. 'പിപ്പിടി" കാണിക്കുന്ന അധികാരികളുടെ നാട്ടുഭാഷാ ചാതുര്യത്തിന് പറ്റിയ രാമായണ വ്യാഖ്യാനമായി ഇതിനെ കണ്ടാൽ മതി. കൊല്ലുന്ന രാജാവിന് തിന്നുന്ന കെ.പി.സി.സി പ്രസിഡന്റെന്ന് കരുതിയാൽ പ്രശ്നം തീർന്നു.
ഈയിടെ വായിക്കാനിടയായ ഒരു വാട്സ് ആപ്പ് രാമായണ കഥ കൂടി ഓർമ്മവരുന്നു. രാമബാണങ്ങളേറ്റ് തളർന്നുവീണ രാവണൻ മരണാസന്നമായി കിടക്കുകയാണ്. പണ്ഡിതനും വീരനുമായ രാവണനിൽനിന്നും വിലപ്പെട്ട ഉപദേശങ്ങൾ സ്വീകരിക്കാനായി രാമൻ ലക്ഷ്മണനെ രാവണ സന്നിധിയിലേക്ക് അയച്ചു. കണ്ണടച്ചുകിടക്കുന്ന രാവണന്റെ തലഭാഗത്ത് ലക്ഷ്മണൻ കുറേനേരം കാത്തുനിന്നു. രാവണൻ കണ്ണുതുറക്കുകയോ ലക്ഷ്മണന്റെ സാന്നിദ്ധ്യം അറിഞ്ഞതായി നടിക്കുകയോ ചെയ്തില്ല. നിരാശനായ ലക്ഷ്മണൻ വിവരം രാമനെ ഉണർത്തിച്ചു. അറിവു തേടുന്നവന് വിനയം വേണം. രാമൻ പറഞ്ഞു. നിനക്കതില്ലാത്തതുകൊണ്ടാണ് നീ ശിരോഭാഗത്ത് നിന്നത്. നീ പോയി കാൽക്കൽ കൈകൂപ്പി നിന്നുനോക്കൂ. ലക്ഷ്മണൻ വീണ്ടും രാവണ സന്നിധിയിലെത്തി. കാൽക്കൽ കൈകൂപ്പി നിന്നു. കണ്ണുതുറന്ന രാവണൻ ലക്ഷ്മണനെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കി. ഉപദേശം തേടിയാണ് വന്നതെന്ന് അറിയിച്ചു. ലക്ഷ്മണന്റെ ചെവിയിൽ ശബ്ദം താഴ്ത്തി സ്വകാര്യം പോലെ രാവണൻ പറഞ്ഞു: 'വാട്സ് ആപ്പിലും ഫേസ്ബുക്കിലും സമയം പാഴാക്കി ജീവിതം തുലയ്ക്കരുത്.."