
ഹയർ സെക്കൻഡറി ജൂനിയറിൽ എല്ലാ വിഷയങ്ങളിലുമായി 2020 ഡിസംബർ 28 വരെ ഉണ്ടായ 489 തസ്തികമാറ്റ ഒഴിവുകളിലേക്ക് കഴിഞ്ഞവർഷം അപേക്ഷ ക്ഷണിച്ചിരുന്നു. അതിന്റെ നിയമനം ആഗസ്റ്റ് 11 ന് നടന്നു. വ്യക്തിപരമായ കാരണങ്ങളാൽ, ജോലിയിൽ പ്രവേശിക്കാൻ കഴിയാതിരുന്നവരുടെ എൻ.ജെ.ഡി ഒഴിവുകൾ മാത്രമാണ് അതതു വിഷയങ്ങളുടെ സീനിയോറിട്ടി പട്ടികയിൽനിന്നു നികത്താനുള്ളത്. കെമിസ്ട്രിക്ക് പറഞ്ഞത് 15 ഒഴിവാണ് (2017ൽ മൂന്ന് , 2018ൽ ഒൻപത്, 2019ൽ മൂന്ന് ). എന്നാൽ 2020 ഡിസംബർ 30ന് ഉണ്ടായ 19, പിന്നീട് 2021ൽ 14, 2022 മാർച്ചിൽ 17 ഒഴിവും വന്നു. അങ്ങനെ ആകെ 50. ഫിസിക്സ് ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും ഏറെ ഒഴിവുകൾ ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്.
അതിനിടെ, കെമിസ്ട്രി ജൂനിയറിലെ 15 തസ്തികമാറ്റ ഒഴിവിന് 370 അപേക്ഷകർ അവശേഷിക്കുമ്പോൾ 2020, 21, 22 വർഷങ്ങളിൽ ഉണ്ടായ 50 ഒഴിവിന്, കേരളത്തിൽ അപേക്ഷകർ ഇല്ലെന്നു പറഞ്ഞ് അവ, നേരിട്ടുള്ള നിയമനത്തിനായി നൽകാൻ ചിലർ ശ്രമിച്ചെങ്കിലും കോടതി അതു സ്റ്റേ ചെയ്തതിനാൽ വലിയൊരു നിയമ പ്രതിസന്ധിയിൽ നിന്ന് സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും ഒഴിവാകാൻ കഴിഞ്ഞു. സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്തശേഷം തസ്തികമാറ്റ ഒഴിവുകളും പി.എസ്.സി. വഴി നികത്തും എന്ന് 2015ലും 2018ലും അന്നത്തെ സർക്കാരുകളുടെ നിർദേശം വന്നെങ്കിലും ഭേദഗതി നീക്കം ഇന്നേവരെ നടക്കാത്തതിനാൽ, നിലവിലെ രീതിയിൽ മാത്രമേ നിയമനം നടത്താൻ കഴിയുകയുള്ളൂ.
ഏറെ വർഷമായി തസ്തിക മാറ്റത്തിന് കാത്തിരിക്കുന്നവരാണ് എല്ലാ വിഷയങ്ങളിലെയും അപേക്ഷകർ. അടുത്ത വർഷങ്ങളിൽ വിരമിക്കുന്ന ഒട്ടേറെ പേരുമുണ്ട്. കെമിസ്ട്രിയിലെ 50 ഉൾപ്പെടെ, എല്ലാ വിഷയത്തിലും 2020 ഡിസംബർ മുതൽ 2022 സെപ്തംബർ വരെയുണ്ടായ എല്ലാ ഒഴിവുകളിലേക്കും എത്രയും പെട്ടെന്ന് പുതിയ പട്ടിക തയാറാക്കി അതിൽ നിന്നു നിയമിക്കാനും അടിയന്തര നടപടി സ്വീകരിക്കണം. ആ ഒഴിവുകളിലെല്ലാം ഇപ്പോൾ ഗസ്റ്റ് അദ്ധ്യാപകരാണുള്ളത്. ഹൈസ്കൂൾ തലത്തിലെ അദ്ധ്യാപകർക്ക് പ്ലസ്ടു ജൂനിയറിലേക്കു നിയമനം ലഭിക്കുമ്പോൾ അവിടെ ഉണ്ടാകുന്ന ഒഴിവുകൾ നോക്കി പ്രതീക്ഷയോടെ ഇരിക്കുന്ന നൂറുകണക്കിന് ഉദ്യോഗാർഥികൾ എല്ലാ ജില്ലകളിലെയും എച്ച്.എസ്.ടി റാങ്ക് പട്ടികകളിൽ ഉണ്ടുതാനും.
റെനി തോമസ്
ആലപ്പുഴ
പ്രബുദ്ധ കേരളം എങ്ങോട്ട് ?
ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കും വേണ്ടി പത്തനംതിട്ടയിൽ രണ്ടു സ്ത്രീകളെ ബലികൊടുത്ത സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം. പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഈ മനോഭാവത്തിന് പിന്നിൽ മാനസികമായ ഘടകങ്ങളും മാരക മയക്കുമരുന്നുകളും അന്ധവിശ്വാസങ്ങളും എല്ലാമുണ്ട്. നീചചിന്തകളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ലഹരിവ്യാപനത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ സാമൂഹ്യ - സാംസ്കാരിക - മനഃശാസ്ത്ര - വിദ്യാഭ്യാസരംഗം കൈകോർക്കേണ്ടിയിരിക്കുന്നു. ഭരണകൂടം ശക്തമല്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് നാട്ടിൽ വ്യാപകമാകുന്ന കുറ്റകൃത്യങ്ങൾ. ഈ പോരായ്മ ഭരണകൂടം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ പ്രബുദ്ധകേരളത്തിന്റെ പോക്ക് സമ്പൂർണ നാശത്തിലേക്കായിരിക്കും എന്നതിൽ സംശയമില്ല.
എ.കെ.അനിൽകുമാർ
നെയ്യാറ്റിൻകര