
പുരോഗതിയോടൊപ്പം അന്ധവിശ്വാസങ്ങളും പുരോഗമിക്കുന്ന കാലമാണിത്. ശാസ്ത്ര പുരോഗതിയെ കടത്തിവെട്ടുന്ന രീതിയിലാണ് അന്ധവിശ്വാസങ്ങൾ ജനമനസുകളിൽ വളർന്നുകൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങളെ വളർത്തുന്ന നിലയിലുള്ള പ്രചരണ പ്രവർത്തനങ്ങളും പ്രോത്സാഹന നടപടികളും ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മുടെ കൺമുന്നിൽ തങ്ങിനിൽക്കുന്നത്. ന്യൂജനറേഷൻ ജീവിതരീതി മനുഷ്യരാശിക്ക് സമ്മാനിച്ചത് ഒടുങ്ങാത്ത മനോസംഘർഷവും ഭാവിയെക്കുറിച്ചുള്ള ഭീതിയും ആശങ്കയും മാത്രമാണെന്ന് പഠനങ്ങളും വിലയിരുത്തലുകളും പറയുന്നു. ഇത് അകറ്റാനും പ്രതിക്രിയകളുണ്ടെന്ന പ്രചാരണവുമായി അന്ധവിശ്വാസം വിദ്യാഭ്യാസത്തിൽ മുൻപന്തിയിലുള്ള പരിഷ്കൃത സമൂഹത്തിലും പിടിമുറുക്കിയിരിക്കുകയാണ്. ദൃശ്യ - ശ്രവ്യ - അച്ചടി മാദ്ധ്യമ രംഗങ്ങളെ അന്ധവിശ്വാസത്തിന്റെ പ്രചാരണത്തിനായി വൻതോതിൽ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി നിരീക്ഷണങ്ങൾ വെളിവാക്കുന്നു. അന്ധവിശ്വാസങ്ങളുടെ പ്രചരണത്തിലൂടെ ജനങ്ങളെ ഭീതിയിലും ആകുലതയിലും ആഴ്ത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ചൂഷണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അന്ധവിശ്വാസങ്ങളെ നേരിടാൻ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് ഭരണകൂടങ്ങൾ ചിന്തിക്കാൻ തുടങ്ങിയത്. കേരളത്തിലും ഇത്തരം ഒരു നിയമത്തിനുള്ള കരട് ബിൽ തയ്യാറായിട്ട് വർഷങ്ങൾ കഴിഞ്ഞു.
അമാനുഷിക ശക്തിയുണ്ടെന്ന് പ്രചരിപ്പിക്കുക, പിശാച് ബാധ ആരോപിച്ച് ഉപദ്രവിക്കുക, പ്രേതബാധയാണെന്ന് വരുത്തിത്തീർത്ത് വൈദ്യസഹായം നിഷേധിക്കുക, മന്ത്രവാദം, നരബലി, ആഭിചാരക്രിയകൾ തുടങ്ങിയവയെല്ലാം അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്.
വിദ്യാഭ്യാസപരമായി മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽപ്പോലും അന്ധവിശ്വാസത്തിന്റെ ബലിയാടുകളായ നിരവധിപേർക്ക് ജീവിക്കാനുള്ള അവകാശം നഷ്ടമായിട്ടുണ്ട് എന്ന വസ്തുത മനുഷ്യനിൽ അന്ധവിശ്വാസത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിന്റെ തെളിവാണ്.
ഇന്ത്യയിൽ അന്ധവിശ്വാസവിരുദ്ധ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം മഹാരാഷ്ട്രയാണ്. ജനങ്ങളുടെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് മുതലെടുക്കുന്നവിധം മന്ത്രവാദവും മറ്റും പ്രയോഗിക്കുന്നത് നിയമവിരുദ്ധമാക്കുന്ന നിയമമാണ് മഹാരാഷ്ട്രയിലെ നിയമനിർമ്മാണ സഭകൾ പാസാക്കിയത്. മന്ത്രവാദം, രോഗം ഭേദമാക്കാനെന്ന പേരിലുള്ള ആഭിചാര ക്രിയകൾ, നരബലി തുടങ്ങിയവയാണ് ഇൗ നിയമം കൊണ്ട് മഹാരാഷ്ട്ര ഗവൺമെന്റ് തടഞ്ഞത്. നരബലി നേരത്തെതന്നെ ഇന്ത്യയിൽ കൊലപാതക കുറ്റമാണ്. എന്നാൽ മഹാരാഷ്ട്രയിലെ നിയമത്തിൽ നരബലിയെ പ്രോത്സാഹിപ്പിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. നിയമം നടപ്പിലായശേഷം മഹാരാഷ്ട്രയിൽ ഇൗ നിയമപ്രകാരം അറസ്റ്റുകളും നടന്നു. എയ്ഡ്സിനും കാൻസറിനും മാന്ത്രിക മരുന്നുണ്ടെന്ന് പത്രപരസ്യം നൽകിയ രണ്ടുപേരാണ് ആദ്യം അറസ്റ്റിലായവർ.
അന്ധവിശ്വാസത്തിന്റെ പേരിലുള്ള പന്ത്രണ്ട് കുറ്റകൃത്യങ്ങളാണ് നിയമത്തിലുള്ളത്.
l ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ശാരീരികപീഡനം,
l അമാനുഷിക ശക്തിയുണ്ടെന്നുള്ള പ്രചാരണം,
l പിശാച്ബാധ ആരോപിച്ച് ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുക,
l പ്രേതബാധയാണെന്ന് വരുത്തിത്തീർത്ത് ചികിത്സ നിഷേധിക്കുക,
l പട്ടിയോ, പാമ്പോ, തേളോ പോലുള്ള ജന്തുക്കളുടെ കടിയേറ്റാൽ മന്ത്രവാദം കൊണ്ട് സൗഖ്യപ്പെടുമെന്ന് പ്രചരിപ്പിക്കുക,
l ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയവും ലിംഗമാറ്റവും മന്ത്രവാദത്താൽ സാദ്ധ്യമെന്ന് വാഗ്ദാനം ചെയ്യുക.
l പുനർജ്ജന്മമെന്ന് അവകാശപ്പെടുക,
l ഇത്തരം അവകാശവാദങ്ങളുടെ ബലത്തിൽ ലൈംഗികാതിക്രമങ്ങൾക്ക് ശ്രമിക്കുക.
l മനോദൗർബല്യമുള്ള ആളിന് അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിക്കുക,
l അത് ധനസമ്പാദനത്തിന് ഉപയോഗപ്പെടുത്തുക,
l മന്ത്രവാദം,
l നരബലി.
നിയമത്തിലെ വകുപ്പുകളെല്ലാം തന്നെ ജാമ്യമില്ലാത്ത
(non bailable) കുറ്റകൃത്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരം കേസുകളിൽ അറസ്റ്റിലായാൽ ജാമ്യം ലഭിക്കില്ല. കുറ്റവാളികൾക്ക് ആറുമാസം മുതൽ ഏഴുവർഷം വരെയുള്ള തടവ് ശിക്ഷയാണ് നിയമത്തിലുള്ളത്. അയ്യായിരം മുതൽ അമ്പതിനായിരം രൂപവരെ പിഴശിക്ഷയും നിയമത്തിൽ വകുപ്പുണ്ട്.
ഇൗ നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും അന്ധവിശ്വാസവിരുദ്ധ നിയമത്തിനുള്ള ബിൽ തയ്യാറായി വരുന്നത്. മറ്റ് സംസ്ഥാനങ്ങളും ഇത്തരം ബില്ലിന് രൂപം നൽകി വരികയാണ്. എങ്കിലും ഇത്തരത്തിലുള്ള നിയമം നടപ്പാക്കുന്ന രണ്ടാമത് സംസ്ഥാനം എന്ന ഖ്യാതി കേരളത്തിനുതന്നെ ലഭിക്കും. മന്ത്രവാദത്തിന് ആറുവർഷത്തെ തടവുശിക്ഷയാണ് കേരളത്തിലെ അന്ധവിശ്വാസവിരുദ്ധ ബില്ലിൽ ഉണ്ടാകുക.