riyas

കൽപ്പറ്റ: താജ് ഹോട്ടൽ... പഞ്ചനക്ഷത്ര ഹോട്ടൽ രംഗത്ത് മികവിന്റെ മുദ്രപതിപ്പിച്ച ബ്രാൻഡ്. വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ടിന്റെ റിസർവോയർ തീർത്ത ഉപദ്വീപിന്റെ കരയിലും താജ് വയനാട് റിസോർട്ട് ആൻഡ് സ്പാ എന്ന പഞ്ചനക്ഷത്ര ഹോട്ടൽ യാഥാർത്ഥ്യമായിരിക്കുന്നു. ലോകത്തെ താജ് ഗ്രൂപ്പുകളിലെ ഏറ്റവും മനോഹരമായ റിസോർട്ടെന്ന് വിശേഷിപ്പിക്കാം.

ഇങ്ങനെയൊരു ബഹുമതി കരസ്ഥമാക്കിയ താജ് വയനാട് റിസോർട്ട് യാഥാർത്ഥ്യമായതിന് പിന്നിൽ എൻ.മോഹൻകൃഷ്ണൻ (68) എന്ന പ്രമുഖ സിവിൽ എൻജിനിയറാണ്. ആത്മവിശ്വാസം കൈമുതലായി ഉണ്ടെങ്കിൽ പിന്നെ ഒന്നും അസാദ്ധ്യമല്ല. എൻ.മോഹൻകൃഷ്ണൻ അത് തെളിയിച്ച് കാണിച്ചു.

കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് 1982ൽ പുറത്തിറങ്ങിയ മോഹൻകൃഷ്‌ണൻ പാലക്കാട് ആലത്തൂരാണ് ജനിച്ചുവളർന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണമേനോന്റെയും വീട്ടമ്മയായ നന്ദിനിയുടെയും മകൻ. ഒ‌ടുവിൽ കോഴിക്കോട്ടുകാരനായി മാറി. കുടിവെള്ള പൈപ്പ് നിർമ്മാണ കമ്പനിയായ അദ്വൈത് പമ്പ്സ് ആൻഡ് ആക്സസറീസ് എന്ന കമ്പനിയുമായി മുംബൈയിൽ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചത്.

2002ലാണ് സ്വന്തമായി നിർമ്മാണ കമ്പനി തുടങ്ങുന്നത്. വിവിധ രാജ്യങ്ങളിൽ മോഹൻകൃഷ്ണൻ നിർമ്മിച്ച ബഹുനില കെട്ടിടങ്ങളും ആശുപത്രികളും പാലങ്ങളും അണക്കെട്ടുകളുമെല്ലാം തലയുയർത്തി നിൽക്കുന്നു. ആഫ്രിക്കയിൽ മൊസാംബിക്കിലും സാംബിയയിലും മലാവിയിലുമായാണ് ഇദ്ദേഹത്തിന്റെ കമ്പനി കൂറ്റൻ അണക്കെട്ടുകൾ തീർത്തത്.

മോഹൻകൃഷ്ണന് ഏറ്റവും ഇഷ്ടപ്പെട്ട നാടാണ് വയനാട്. സ്വിറ്റ്സർലൻഡിനെ വെല്ലുന്ന നാടാണിതെന്ന് മോഹൻകൃഷ്ണൻ പറയുന്നു. കഴിഞ്ഞ 35വർഷമായി മോഹൻകൃഷ്ണൻ ആഫ്രിക്കയിലാണ്. നാട്ടിൽ ഇടവേളയിൽ വസിക്കാൻ ഒരിടംവേണം. അങ്ങനെയാണ് വയനാട്ടിലെ ബാണാസുരസാഗറിന് അടുത്തെത്തിയത്. പത്തുവർഷം മുമ്പ് പത്തേക്കർ സ്ഥലം ഇവിടെ സ്വന്തമാക്കി. പക്ഷെ അത് വീട് പണിയാൻ പറ്റുന്നതായിരുന്നില്ല. അതിമനോഹരമായ റിസോർട്ട്. മറ്റാരും പണിയാത്ത റിസോർട്ട്. അണക്കെട്ടുകൾ നിർമ്മിച്ച് തഴമ്പിച്ച കൈകൾക്ക് അത് എളുപ്പമായിരുന്നു.

ഇന്ത്യൻ എൻജിനിയർമാരെ ഒപ്പംകൂട്ടിയാണ് ജൊഹാന്നസ്ബർഗ് ആസ്ഥാനമായ പി.എൽ.ഇ.എം കൺസ്ട്രക്‌ഷൻ കമ്പനി വളർന്നത്. ഇതിനിടയ്ക്കാണ് വയനാടെന്ന സ്വപ്നം മനസിൽ ഉണരുന്നത്. ഭാര്യ ലതയും മക്കളായ അരവിന്ദും ആതിരയും പിന്തുണച്ചു. അങ്ങനെ ആ സ്വപ്നം പൂവണിഞ്ഞു. ഇതിനിടെ, വൈത്തിരിക്കടുത്തെ ലക്കിടിയിൽ സ്വന്തമായി വസിക്കാൻ ഇടവും പണിതു. താജ് വയനാട് റിസോർട്ടിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.