cpm-vc

ആലപ്പുഴ: ഗവർണർക്കെതിരെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരള സർവ്വകലാശാലയിലെ അടക്കം ഒമ്പത് സർവ്വകലാശാല വൈസ് ചാൻസലർമാരോട് നാളെ രാജി സമർപ്പിക്കണമെന്ന ഗവർണറുടെ കർക്കശ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറെ ഉപയോഗിച്ച് ആർ എസ് എസിന്റെ പിൻവാതിൽ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ആർ എസ് എസ് അജണ്ട ജനം പ്രതിരോധിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഗവർണറുടെ നടപടി വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാനുള്ള ശ്രമമാണ്. വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

യുജിസി ചട്ടങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിൽ സാങ്കേതിക സർവകലാശാല വി.സിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഒൻപത് വി.സിമാരുടെയും രാജി ആവശ്യപ്പെട്ടത്. ഒൻപതിൽ അഞ്ച് വിസിമാരുടെയും നിയമനം യുജിസി ചട്ടം ലംഘിച്ചാണെന്നാണ് വിവരം. കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാളം സര്‍വ്വകലാശാല വൈസ് ചാൻസലർമാർ നാളെ രാവിലെ 11.30നകം രാജികത്ത് രാജ്ഭവനിൽ എത്തിച്ചിരിക്കണമെന്നാണ് ഗവർണറിന്റെ നിർദേശം. ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ നീക്കം. ഗവർണറുടെ അന്ത്യശാസനയ്ക്കെതിരെ സർക്കാർ കോടതിയെ സമീപിക്കും. ഗവർണറുടെ നിർദേശത്തോട് പ്രതികരിക്കാനില്ലെന്ന് കുസാറ്റ് വിസിയും രാജി സമർപ്പിക്കില്ലന്ന് കണ്ണൂർ വി സിയും അറിയിച്ചിട്ടുണ്ട്.

അതേ സമയം ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സി പി എം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.

സി പി എം പ്രസ്താവന

സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്‌ ചാന്‍സലര്‍മാരെ നിയമിച്ചിട്ടുള്ളത്‌. ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. NAAC ന്റെ പരിശോധനയില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നേടിയിട്ടുള്ള ഗ്രേഡുകള്‍ ഇതാണ്‌ കാണിക്കുന്നത്‌. സംസ്ഥാന സര്‍ക്കാരാവട്ടെ 3 വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചുകൊണ്ട്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍മാരെ സ്ഥാനത്ത്‌ നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ നടപടി ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പൊതു നയത്തിന്റെ ഭാഗം കൂടിയാണിത്‌. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ്‌ സംഘപരിവാര്‍ രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ്‌ അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ്‌ ഗവര്‍ണറിലൂടെ പുറത്ത്‌ വന്നിരിക്കുന്നത്‌. ആര്‍.എസ്‌.എസ്‌ നേതാവിനെ അങ്ങോട്ടുപോയികണ്ട്‌ മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്‍.എസ്‌.എസിന്റെ കുഴലൂത്തുകാരനാണെന്ന്‌ ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്‌. ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു