
ബീജിംഗ് : 25 വർഷത്തിനിടെ ആദ്യമായി വനിതാ പ്രാതിനിദ്ധ്യമില്ലാതെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാമത്തെ വലിയ ഉന്നത സമിതിയായ പോളിറ്റ് ബ്യൂറോ. ഇന്നലെ പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം ആകെ അംഗങ്ങളുടെ എണ്ണം 25ൽ നിന്ന് 24 ആയി ചുരുങ്ങി. നേരത്തെ പോളിറ്റ് ബ്യൂറോയിലുണ്ടായിരുന്ന ഏക വനിതാ അംഗം സൺ ചുൻലാൻ വിരമിച്ചു.
അതേ സമയം, പാർട്ടിയുടെ 205 സെൻട്രൽ കമ്മിറ്റിയിൽ വെറും 11 സ്ത്രീകൾ മാത്രമാണുള്ളത്. സെൻട്രൽ കമ്മിറ്റിയുടെ 5.36 ശതമാനം മാത്രമാണിത്. പാർട്ടിയുടെ ഏറ്റവും ഉന്നത സമിതിയായ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാകട്ടെ പ്രസിഡന്റ് ഷീ ഉൾപ്പെടെ ഏഴ് അംഗങ്ങളും പുരുഷൻമാരാണ്. മുൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും വനിതകളില്ലായിരുന്നു.
 പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി
അടുത്ത അഞ്ച് വർഷം രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുക ഇവരാണ്. പ്രസിഡൻഷ്യൽ കാബിനറ്റിന് തുല്യം. പാർട്ടിയിലെ ഉന്നതരിൽ ഉന്നതർ. മുൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുണ്ടായിരുന്ന ഷീ, ഷാവോ ലെജി, വാംഗ് ഹനിംഗ് എന്നിവർ ഒഴികെ നാല് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ സ്റ്റാൻഡിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവരും ഷീയുടെ വിശ്വസ്തർ.
 പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി - അംഗങ്ങളും വഹിച്ചിരുന്ന പദവികളും
 ലീ ക്വിയാംഗ് ( 63 ) - ഷാങ്ങ്ഹായി പാർട്ടി സെക്രട്ടറി
 ഷാവോ ലെജി ( 65 ) - പാർട്ടിയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ
 വാംഗ് ഹനിംഗ് ( 67 ) - കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടേറിയറ്റ് ഫസ്റ്റ് സെക്രട്ടറി
 കായി ക്വീ ( 66 ) - ബീജിംഗ് മേയർ
 ഡിംഗ് ഷുവെഷിയാംഗ് ( 60 ) - ജനറൽ സെക്രട്ടറി ഓഫീസ്, പ്രസിഡന്റ് ഓഫീസ് എന്നിവയുടെ ഡയറക്ടർ
 ലീ ഷീ ( 66 ) - ഗ്വാംഗ്‌ഡോംഗ് പ്രവിശ്യ പാർട്ടി സെക്രട്ടറി
 ഷീ ജിൻപിംഗ് ( 69 ) - പരമോന്നത നേതാവ്