
താമരശ്ശേരി: താമരശ്ശേരിയിൽ മുൻ പ്രവാസിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന താമരശ്ശേരി തച്ചംപൊയിൽ അവേലം മുരിങ്ങംപുറായിൽ അഷ്റഫിനെയാണ് (55) ടാറ്റാ സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്‌കൂളിന് സമീപം ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
മുൻ പ്രവാസി അഷ്റഫ് മുക്കത്ത് എ ടു സെഡ് സൂപ്പർമാർക്കറ്റ് നടത്തിവരുകയാണ്. കടയടച്ച് വീട്ടിലേക്ക് വരുന്ന വഴിയാണ് പിറകെ പിന്തുടർന്നെത്തിയ സംഘം സ്കൂട്ടർ തടഞ്ഞുനിർത്തി മർദ്ദിച്ച ശേഷം സുമോയിൽ കയറ്റിക്കൊണ്ടു പോയത്. സ്കൂട്ടർ വഴിയരികിൽ ഉപേക്ഷിച്ചു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. അഷ്റഫിനെ കയറ്റിക്കൊണ്ടുപോവുന്ന ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ കരിപ്പൂരിൽ 5 പേരുടെ മരണത്തിനിടയാക്കിയ സ്വർണക്കടത്തു കേസിലെ മുപ്പത്തി ആറാം പ്രതി കൊടിയത്തൂർ സ്വദേശിയായ അലി ഉബൈറിന് പങ്കുണ്ടെന്ന് സംശയം. സംഘം ഉപയോഗിച്ച കാറുകളിൽ ഒന്ന് വാടകയ്ക്കെടുത്തത് അലി ഉബൈറിന്റെ തിരിച്ചറിയൽ രേഖ വച്ചാണെന്ന് വ്യക്തമായി. അഷ്റഫിന്റെ ബന്ധുവിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.