
ബംഗളൂരു: പട്ടയ വിതരണത്തിനിടെ സ്ത്രീയുടെ കരണത്തടിച്ച് കർണ്ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി വി. സോമണ്ണ. ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ നടന്ന പട്ടയവിതരണ പരിപാടിയ്ക്കിടെയാണ് സംഭവം. പട്ടയം ലഭിക്കാത്തത് ചോദ്യം ചെയ്ത സ്ത്രീയുടെ കരണത്ത് മന്ത്രി അടിയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. രോഷാകുലനായ മന്ത്രി ആക്രമിച്ചിട്ടും സ്ത്രീ മന്ത്രിയുടെ കാൽ തൊട്ടു വണങ്ങുന്നതും വീഡിയോയിൽ കാണാം.
അതേസമയം, മന്ത്രിയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെയും വിമർശിച്ച അദ്ദേഹം, തന്റെ മന്ത്രിമാർ ചെയ്യുന്ന തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നും ചോദിച്ചു. 175ഓളം പേർക്ക് പട്ടയത്തിന് അർഹതയുണ്ടായിരുന്നെന്നും പട്ടയം ലഭിക്കാത്തതിന്റെ ദുരിതം വിവരിക്കാൻ മന്ത്രിയെ സമീപിച്ചപ്പോൾ അടിക്കുകയായിരുന്നെന്നും ആക്രമണത്തിനിരയായ സ്ത്രീ പറഞ്ഞു. സോമണ്ണ പിന്നീട് ക്ഷമാപണം നടത്തിയതായാണ് റിപ്പോർട്ട്.