ukrain22

കീവ്: യുക്രെയിനു മേൽ റഷ്യൻ വീണ്ടും ആക്രമണം ശക്തമായതോടെ ഇന്ത്യൻ പൗരന്മാർക്ക് അതിർത്തി കടക്കാനുള്ള അഞ്ച് കേന്ദ്രങ്ങൾ നിർദ്ദേശിച്ച് ഇന്ത്യൻ എംബസി.

ഹംഗറി,​ സ്ലോവാക്യ,​ മോൾഡോവ,​ പോളണ്ട്, ​റൊമാനിയ എന്നീ രാജ്യാതിർത്തികൾ കടന്ന് യുക്രെയിൻ വിടുന്നതിനുള്ള നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. അതിർത്തി കടക്കുന്ന പൗരന്മാർ യാത്രാവേളയിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നത് തുടരണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. അതിർത്തി കടക്കാൻ പാസ്പോർട്ട്, ​യുക്രെയിൻ റസിഡന്റ് പെർമിറ്റ്,​ വിദ്യാർത്ഥി കാർഡ്,​ വിമാന ടിക്കറ്റ് എന്നിവയുണ്ടായിരിക്കണം.

യുക്രെയിനിൽ നിന്ന് എത്രയും വേഗം മടങ്ങാനുള്ള നിർദ്ദേശം നേരത്തേ എംബസി നൽകിയിരുന്നു. യുക്രെയിനിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ യുദ്ധമേഖലയിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് ഇന്ത്യൻ പൗരന്മാർക്ക് നൽകിയെന്നും എത്രയും വേഗം ഇന്ത്യയിലേക്കു മടങ്ങാൻ നിർദ്ദേശം നൽകിയെന്നും കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

യുക്രെയിൻ വിടാതെ ഇന്ത്യൻ വിദ്യാർത്ഥികൾ

അതേസമയം, യുക്രെയിനിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന നിർദ്ദേശം ലഭിച്ചിട്ടും ഇന്ത്യൻ വിദ്യാർത്ഥികൾ അത് അവഗണിക്കുന്നതായി റിപ്പോർട്ട്. 1500ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് തങ്ങളുടെ പഠനം പൂർത്തിയാക്കണമെന്ന വാശിയോടെ ഇന്ത്യയിലേക്കു മടങ്ങാൻ വിസമ്മതിക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ച് കുറച്ചു മാസങ്ങൾക്കു മുമ്പ് ഇവിടെ എത്തിയ ശേഷം തങ്ങൾ തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെന്നും പഠനം പൂർത്തിയാക്കിയ ശേഷം മാത്രമേ ഇന്ത്യയിലേക്ക് മടക്കമുള്ളൂവെന്നുമാണ് നിലപാട്. അതിനു മുമ്പാണ് മടക്കമെങ്കിൽ മരിച്ച് ശവപ്പെട്ടിയിൽ ആകട്ടെയെന്നും വിദ്യാർത്ഥികൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ തങ്ങളെ ചേർത്തു പഠിപ്പിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. അതിനാൽ, ഇവിടെ തുടരുകയല്ലാതെ വേറെ വഴികളില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഓൺലൈൻ ക്ലാസുകളിലൂടെ നേടിയ ബിരുദം അനുവദിക്കില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ഓഫ്‌ലൈനിൽ പഠനം പൂർത്തിയാക്കാൻ യുക്രെയിനിൽ വരികയല്ലാതെ വേറെ നിവൃത്തിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. അതേസമയം, ഓൺലൈൻ മെഡിക്കൽ പഠനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയിരിക്കുന്ന വിദ്യാർത്ഥികളുടെ ഹർജി നവംബർ ഒന്നിന് സുപ്രീംകോടതി പരിഗണിക്കും. വിധി കാത്തിരിക്കുകയാണെന്ന് ഓൺലൈൻ ക്ലാസുകളിലൂടെ പഠനം നടത്തുന്ന വിദ്യാർത്ഥികൾ പറഞ്ഞു.