ngo

കൊച്ചി: കേരളത്തിലെ സർവകലാശാലകളുടെ ജനാധിപത്യ ഭരണസംവിധാനം തകർക്കാനുള്ള ശ്രമമാണ് ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേര് പരാമർശിക്കാതെ മന്ത്രി പി.രാജീവ് കുറ്റപ്പെടുത്തി. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സമ്മേളനം കലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സർവകലാശാലാ ഭരണസമിതികളിൽ സമൂഹത്തിന്റെ പരിച്ഛേദം പ്രതിഫലിക്കുന്നുണ്ട്. സെനറ്റംഗങ്ങളായി തൊഴിലാളികൾ പോലുമുണ്ട്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത് കാണാനാവില്ല. ഇവിടെ മുഴുവൻ കുഴപ്പമാണെന്നും അതുകൊണ്ടാണ് മലയാളികൾ വിദ്യാഭ്യാസം നേടി കേരളം വിട്ടു പോകുന്നതെന്നുമാണ് ചിലർ പറയുന്നത്. എന്നാൽ, മലയാളികൾ പല രാജ്യങ്ങളിലും ഉന്നത സ്ഥാനത്ത് പ്രവർത്തിക്കുന്നത് ഇവിടത്തെ വിദ്യാഭ്യാസ മികവ് കൊണ്ടാണ്.

രാജ്യത്തെ ഗുരുതര പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു. വിഭജനത്തിന്റെ രാഷ്ട്രീയം രാജ്യത്ത് പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. 860 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

സർവകലാശാലകളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയെ കേന്ദ്രസർക്കാർ വാണിജ്യവത്കരിക്കുകയും വർഗീയവത്കരിക്കുകയുമാണെന്നും കുറ്റപ്പെടുത്തി.

ഭാരവാഹികൾ
എൻ.ജി.ഒ. യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം.വി.ശശിധരനെയും ജനറൽ സെക്രട്ടറിയായി എം.എ.അജിത്കുമാറിനെയും തിരഞ്ഞെടുത്തു. എൻ.നിമൽ രാജാണ് ട്രഷറർ.

മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ- ടി.പി ഉഷ, ബി.അനിൽകുമാർ (കൊല്ലം), ബി.അനിൽകുമാർ (തിരുവനന്തപുരം സൗത്ത്). സെക്രട്ടറിമാർ- വി.കെ.ഷീജ, ആർ.സാജൻ, പി.പി .സന്തോഷ്.