
ഗാസിയാബാദ്: രാജ്യത്തെ ആദ്യ അതിവേഗ റെയിലിനുള്ള ഡൽഹി-ഗാസിയാബാദ്- മീററ്റ് ഇടനാഴിയുടെ ആദ്യ ടണൽ പൂർത്തിയായി. ശനിയാഴ്ചയാണ് ടണൽ പൂർത്തിയായത്. മീററ്റിലെ ബെഗംപൂർ ആർ.ആർ.ടി.എസ് സ്റ്രേഷനു സമീപം ടണൽ ബോറിംഗ് മെഷീൻ ജോലി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. നാല് മാസമെടുത്താണ് ഗാന്ധി പാർക്കിനും ബെഗംപൂർ സ്റ്രേഷനുകൾക്കുമിടയിൽ 750 മീറ്റർ നീളമുള്ള ടണൽ നിർമ്മിച്ചത്.
ഡൽഹിയിലെ സരായ് കാലേ ഖാൻ മുതൽ മീററ്റ് വരെയുള്ള 82 കിലോമീറ്റർ ടണലിൽ 11.5 കിലോമീറ്റർ ഭൂമിക്കടിയിലാണ്. ഇതിന്റെ പണി പൂർത്തിയായി വരുന്നു. 2023ൽ ലോഞ്ച് ചെയ്യാനുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്. നാല് മാസം മുമ്പ് ഗാന്ധി പാർക്കിൽ നിർമ്മിച്ച ലോഞ്ചിംഗ് ഷാഫ്റ്റിൽ സുദർശൻ 8.3ടി.ബി.എം ഇറക്കിയിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച അത് ബേഗംപുൾ സ്റ്റേഷനിൽ മറുവശത്തു കൂടി കടന്നുപോയി. മറ്റു നിർമ്മാണ പ്രവർത്തനങ്ങളും ഇവിടെ നടന്നു വരുന്നു. ഡൽഹി-മീററ്റ് റോഡിനു താഴെയായാണ് ബേഗംപുൾ ആർ.ആർ.ടി.എസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. മെസാനൈൻ, കോൺകോഴ്സ്, പ്ലാറ്റ്ഫോം എന്നിങ്ങനെ നാല് ഭാഗങ്ങളാണ് ഈ സ്റ്റേഷനുള്ളത്. മെസാനൈൻ,കോൺകോർസ് ഘട്ടങ്ങൾ പൂർത്തിയായതായും പ്ലാറ്റ്ഫോം ലെവലിന്റെ നിർമ്മാണം നടന്നു വരികയാണെന്നും അധികൃതർ പറഞ്ഞു. 750 മീറ്റർ നീളമുള്ള ടണൽ നിർമ്മിക്കുന്നതിന് 3500ലധികം പ്രീ കാസ്റ്റ് സെഗ്‌മെന്റുകൾ ഉപയോഗിച്ചു.