
തിരുവനന്തപുരം: സംസ്ഥാനത്തുള്ലത് രാജ്യത്തെ തന്നെ മികച്ച പൊലീസ് സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച പൊലീസിംഗ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. എൽഡിഎഫ് സർക്കാരിന്റെ കീഴിലെ വ്യത്യസ്തവും ജനകീയവുമായ പൊലീസ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതിനെ അട്ടിമറിക്കാനായുള്ള ഒറ്റപ്പെട്ട ശ്രമങ്ങളെ അംഗീകരിക്കാനോ സേനയിലെ തെറ്റായ വാസനകളെ അനുവദിച്ച് നൽകാനോ സർക്കാർ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് വർഷത്തെ എൽ ഡി എഫ് സർക്കാരിന്റെ ഭരണക്കാലയളവിനിടയിൽ കേരളത്തിലെ ക്രിമിനൽ കേസുകളിൽ വലിയ കുറവാണ് ഉണ്ടായത് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മികച്ച ക്രമസമാധാന പാലനം പുലർത്തുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ഉണ്ടായപ്പോഴൊക്കെയും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് കൊണ്ട് ഇടപെടാൻ കേരള പൊലീസിന് കഴിഞ്ഞു. ദുരന്ത കാലത്തെ രക്ഷാപ്രവർത്തന രംഗങ്ങളിലും പൊലീസ് ജനങ്ങളോട് കൈകോർത്തു. നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പൊലീസ് സേനയുടെ യശസ്സിന് ചേരാത്ത ചില സംഭവങ്ങൾ ഉണ്ടാകുന്നത് ഗൗരവതരമായ വിഷയമാണ്. അവരോട് ദാക്ഷിണ്യം കാണിക്കില്ല. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് സേനയിൽ സ്ഥാനം ഉണ്ടാകില്ല. പരമാവധി ശിക്ഷണ നടപടികളുണ്ടാകും. മികച്ച റെക്കോഡുള്ല കേരള പൊലീസിനെ പൊതുജന മദ്ധ്യത്തിൽ തരം താഴ്ത്തുന്ന ഏത് നീക്കത്തെയും കർക്കശമായി നേരിടും. ജനകീയ മുഖവും സ്വഭാവവുമാണ് പൊലീസിന് വേണ്ടത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ ലേബൽ ചെയ്യുന്നതിനോട് യോജിക്കാനാവില്ല. ഇത്തരം ലേബലിങിന് പ്രത്യക്ഷമായോ പരോക്ഷമായോ കാരണമാകുന്ന ചെയ്തികളിലേർപ്പെടുന്ന പൊലീസുകാരോട് ഒരു അനുഭാവവും സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും മർദ്ദിച്ചതിനും കള്ളക്കേസ് ചമച്ചതിനും അടക്കമുള്ള കേസുകളിൽ കേരള പൊലീസ് പ്രതിസ്ഥാനത്ത് നിൽക്കവേയാണ് ആഭ്യന്തര വകുപ്പിന്റെ ചുതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സേനയുടെ പ്രവർത്തന മികവിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.