
അമ്പലപ്പുഴ: വൈസ് ചാൻസിലർമാരുടെ രാജിയാവശ്യപ്പെട്ട ഗവർണർ സർവകലാശാലകളിൽ അനാവശ്യ സിലബസ് തിരുകിക്കയറ്റാനുള്ള ആർ.എസ്.എസ്, സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പുന്നപ്ര വയലാർ വാർഷികാചരണത്തിന്റെ പുന്നപ്രയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് അനുകൂലികളെ സർവകലാശാലകളുടെ തലപ്പത്ത് നിയമിക്കാനാണ് ശ്രമം. ബി.ജെ.പിക്ക് കേരളത്തിൽ അധികാരത്തിൽ വരാൻ പറ്റില്ലെന്നറിഞ്ഞ് പിൻവാതിലിലൂടെ ഭരണം നടത്താനാണ് ശ്രമം. ജനാധിപത്യത്തെ അട്ടിമറിക്കാൻ ഗവർണർ കൂട്ടു നിൽക്കുകയാണ്. ഉത്തരേന്ത്യൻ മാതൃകയിൽ വിദ്യാഭ്യാസ രംഗത്തും പാഠ്യപദ്ധതിയിലും ഇടപെടാനാണ് നീക്കം. ഗവർണർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.കെ. ജയൻ അദ്ധ്യക്ഷനായി. മുല്ലക്കര രത്നാകരൻ, എ.എം.ആരഫ് എം.പി, വി.പി. ഉണ്ണിക്കൃഷ്ണൻ, ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, എച്ച്. സലാം എം.എൽ.എ, പി.വി. സത്യനേശൻ, അഡ്വ. വി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. എ. ഓമനക്കുട്ടൻ സ്വാഗതവും എ.പി. ഗുരുലാൽ നന്ദിയും പറഞ്ഞു.