ukraine

മോസ്കോ : മദ്ധ്യയുക്രെയിനിൽ ഇന്ധന ഡിപ്പോ വ്യോമാക്രമണത്തിൽ തകർത്ത് റഷ്യ. ചെർകാസി മേഖലയ്ക്ക് സമീപമുള്ള സ്‌മില ഗ്രാമത്തിലെ ഡിപ്പോയിൽ യുക്രെയിൻ എയർഫോഴ്സിന് വേണ്ടി 100,000 ടണ്ണിലേറെ ഏവിയേഷൻ ഇന്ധനം സൂക്ഷിച്ചിരുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൈക്കൊലൈവ് നഗരത്തിലെ മിസൈൽ ആക്രമണത്തിൽ കെട്ടിട സമുച്ഛയം തകർന്നു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേ സമയം, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗു യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനുമായി ഇന്നലെ ഫോൺ സംഭാഷണം നടത്തി. യുക്രെയിനിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഷൊയ്ഗു ഓസ്റ്റിനെ ഫോണിൽ ബന്ധപ്പെടുന്നത്. യു.കെ, ഫ്രാൻസ്, തുർക്കി എന്നിവിടങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായും ഷൊയ്ഗു സംസാരിച്ചു.