
ന്യൂഡൽഹി: ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റ കാലഘട്ടത്തിൽ നടപ്പിലാക്കിയ നോട്ട് നിരോധനം ഗുണം ചെയ്തതായി റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി മെമ്പർ അഷിമ ഗോയൽ. രാജ്യത്തെ നികുതി വരുമാനം ഉയരാൻ നോട്ട് നിരോധനം കാരണമായി വന്നെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകരുന്ന നടപടിയായിരുന്നു എന്നുമാണ് അഷിമ ഖോയൽ പ്രതികരിച്ചത്.
രാജ്യത്തെ കള്ളപ്പണത്തിന് തടയിടാനായും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ കൂടുതൽ പ്രചരിപ്പിക്കാനും എന്ന പേരിൽ 2016 നവംബർ എട്ടിനാണ് കേന്ദ്ര സർക്കാർ 100-ന്റെയും 500-ന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം നടപ്പിലാക്കിയത്. അപ്രതീക്ഷിതമായി വന്ന നോട്ട് നിരോധനം രാജ്യത്തെമ്പാടും വിമർശനത്തിന് വിധേയമായിരുന്നു. കൂടാതെ മുൻ റിസർവ്വ് ബാങ്ക് ഗവർണറായ രഘു റാം രാജൻ അടക്കം നോട്ട് നിരോധനത്തിന് എതിരായി പ്രതികരിച്ചിരുന്നു. എന്നാൽ നോട്ട് നിരോധിച്ചത് കുറച്ച് കാലത്തേയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ നേട്ടമുണ്ടാക്കുന്ന നടപടിയായിരുന്നു എന്ന് അഷിമ ഖോയൽ പറഞ്ഞു. ഒക്ടോബർ ഒൻപതിന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട രേഖകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിലെ നികുതി വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം ഉയർന്നതായും ഇത് നോട്ട് നിരോധത്തിനെ തുടർന്ന് നികുതി വെട്ടിപ്പുകൾ കുറഞ്ഞതായി കൂട്ടിവായിക്കണമെന്നും അവർ പറഞ്ഞു. നികുതി വരുമാനയിനത്തിൽ 8.98 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിന് ലഭിച്ചത്.