
കൊളംബോ : ദക്ഷിണേഷ്യയിലെ ആദ്യ ഡിസ്‌നിലാൻഡ് ശ്രീലങ്കയിൽ തുറന്നേക്കുമെന്ന് റിപ്പോർട്ട്. ഹാംബൻതോട്ടയിൽ തീംപാർക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് വിലയിരുത്താൻ ഡിസ്‌നിലാൻഡ് ടീം നവംബറിൽ ശ്രീലങ്കയിലെത്തുമെന്നാണ് സൂചന.
ശ്രീലങ്കൻ ടൂറിസം സഹമന്ത്രി ഡയാന ഗമാഗെ ഉടൻ യു.എസ് സന്ദർശിക്കുമെന്നും വാൾട്ട് ഡിസ്നി കമ്പനിയുമായി 18 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതികൾ ചർച്ച ചെയ്യുമെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസ്നിലാൻഡ് സ്ഥാപിക്കാനായാൽ ശ്രീലങ്കൻ ടൂറിസത്തിൽ മികച്ച പുരോഗതിയുണ്ടാകുമെന്ന് കരുതുന്നു.
സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളാൽ നട്ടംതിരിഞ്ഞ ശ്രീലങ്കയെ ടൂറിസം മേഖലയിലൂടെ പുനഃരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. അടുത്തിടെയാണ് ' മിസ് ടൂറിസം വേൾഡ് - ഇന്റർനാഷണൽ 2022"ന്റെ ഫിനാലെ വേദിയാകാനുള്ള അവസരം ശ്രീലങ്ക നേടിയെടുത്തത്.
മത്സരത്തിന്റെ ആതിഥേയത്വം വഹിക്കുന്നതിന് ചുരുക്കപ്പട്ടികയിൽ ഇടംനേടിയ റഷ്യയും ക്രൊയേഷ്യയും ശ്രീലങ്കയ്ക്ക് വേണ്ടി സ്വമേധയാ ഒഴിവാകുകയായിരുന്നു. ഡിസംബർ 8 മുതൽ 12 വരെയാണ് മത്സരം നടക്കുക.