governor

തിരുവനന്തപുരം : സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാർ നാളെ രാജിവയ്ക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ചു. നാളെ രാവിലെ 10.30നാണ് മുഖ്യമന്ത്രി പാലക്കാട്ട് വച്ച് മാദ്ധ്യമങ്ങളെ കാണുന്നത്,​ രാവിലെ 11.30ന് മുമ്പ് വി.സിമാർ രാജിവയ്ക്കണമെന്ന് ഗവർണറുടെ നിർദ്ദേശം നിലനിൽക്കെ 10.30ന് വാർത്താസമ്മേളനം വിളിച്ചതിന് പിന്നിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യു.ജി.സി ചട്ടം പാലിക്കാതെ നിയമിതരായ സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരുടെ രാജി നാളെ രാവിലെ 11.30 മുമ്പ് നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. കേരള, മഹാത്മാഗാന്ധി, കൊച്ചി ശാസ്ത്രസാങ്കേതികം, കണ്ണൂർ, കാലിക്കറ്റ്, ഫിഷറീസ്, ശ്രീ ശങ്കരാചാര്യ, എ.പി.ജെ. അബ്ദുൾകലാം സാങ്കേതികം, കാലടി സംസ്കൃതം, തുഞ്ചത്തെഴുത്തച്ഛൻ മലയാളം വി.സിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീയെ അയോഗ്യയാക്കിയ സുപ്രീംകോടതി ഉത്തരവ് ആയുധമാക്കിയാണ് ഗവർണറുടെ നീക്കം. നാളെ കാലാവധി തീരുന്ന കേരള വി.സി പ്രൊഫ. വി.പി. മഹാദേവൻ പിള്ളയും ഇവരിൽപ്പെടുന്നു. സ‌ർവീസ് തീരുന്നതിന് മണിക്കൂറുകൾ മുമ്പ് പുറത്താക്കപ്പെട്ടാലും അദ്ദേഹത്തിന് ആനുകൂല്യങ്ങൾ നഷ്ടമാകും. ഡൽഹിയിൽ നിന്ന് ഇന്നെത്തിയ ഗവർണർ ഒമ്പത് വി.സിമാർക്കും ഇ-മെയിലിലൂടെയും ഫാക്സ് വഴിയും നിർദ്ദേശം കൈമാറി. പിന്നാലെ, രാജ്ഭവൻ പി.ആർ.ഒ ഇക്കാര്യം ട്വിറ്റർ വഴി പുറത്തുവിട്ടു. ഗവർണർക്കെതിരെ പരസ്യപ്രക്ഷോഭത്തിന് ഇടതുമുന്നണി തീരുമാനിച്ചതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയം.

സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം യു.ജി.സി ചട്ടത്തിന് വിരുദ്ധമെന്ന് വിലയിരുത്തി സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. ഇതിനെതിരെ സർക്കാർ പുനഃപരിശോധനാ ഹർജിക്ക് തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര നിയമവും സംസ്ഥാന നിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും നിലനിൽക്കുകയെന്ന ഭരണഘടനാ അനുച്ഛേദം 254 ചൂണ്ടിക്കാട്ടിയാണ് ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. ഇതോടെ ഈ വിധി രാജ്യത്തിന്റെ നിയമമായി . ഇതാണ് ഗവർണർ പിടിവള്ളിയാക്കിയത്.