
മയാമി : യു.എസിലെ ഫ്ലോറിഡയിൽ പ്രശസ്തമായ എവർഗ്ലേഡ്‌സ് നാഷണൽ പാർക്കിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ 'ഫ്ലോറിഡ പൈത്തൺ ചാലഞ്ചി"ലൂടെ 230ലേറെ കൂറ്റൻ ബർമീസ് പെരുമ്പാമ്പുകളെ നീക്കം ചെയ്തെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ അറിയിച്ചു.
എവർഗ്ലേഡ്‌സിലെ മാൻ, കുറുക്കൻ, റാക്കൂൺ, പക്ഷികൾ തുടങ്ങിയ സ്വാഭാവിക ജീവി സ്പീഷീസുകൾക്കെല്ലാം നാശമുണ്ടാക്കുന്നവയാണ് ബർമീസ് പെരുമ്പാമ്പുകൾ. പ്രദേശത്ത് നിയന്ത്രണാതീതമായി പെരുകിയ ഇവയുടെ എണ്ണം കുറയ്ക്കാൻ എല്ലാ വർഷവും പൈത്തൺ ചാലഞ്ച് നടത്താറുണ്ട്.
യു.എസിലെ 32 സംസ്ഥാനങ്ങൾ, കാനഡ, ലാത്വിയ എന്നിവിടങ്ങളിൽ നിന്നായി 1,000ത്തിലേറെ പേരാണ് മത്സരത്തിൽ പങ്കെടുത്തത്. പത്ത് ദിവസം നീണ്ട മത്സര കാലയളവിനിടെ ഇവർ ആകെ 231 ബർമീസ് പെരുമ്പാമ്പുകളെ കൊന്നു.
28 ബർമീസ് പെരുമ്പാമ്പുകളെ നീക്കം ചെയ്ത മാത്യൂ കൺസെപ്സീയോൺ എന്നയാൾക്ക് 10,000 ഡോളർ സമ്മാനം ലഭിച്ചു. ഏറ്റവും നീളമേറിയ പെരുമ്പാമ്പിനെ പിടികൂടിയതിനുള്ള 1,500 ഡോളർ സമ്മാനം ഡസ്റ്റിൻ ക്രം എന്നയാൾക്കാണ്. 11 അടി 0.24 ഇഞ്ച് നീളമുള്ള പെരുമ്പാമ്പിനെയാണ് ഇദ്ദേഹം പിടികൂടിയത്.
1970കളുടെ അവസാനം ഏഷ്യയിൽ നിന്നും ഫ്ലോറിഡയിൽ വളർത്താൻ എത്തിച്ച ബർമീസ് പെരുമ്പാമ്പുകൾ അനുകൂല സാഹചര്യത്തിൽ പെരുകി ഫ്ലോറിഡയിലെയും സമീപ പ്രദേശങ്ങളിലെയും ജീവികളെ ആഹാരമാക്കാൻ തുടങ്ങി. ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായ ഇവയെ കണ്ടെത്തി കൊല്ലാനുള്ള പൈത്തൺ ചാലഞ്ച് 2013ലാണ് തുടങ്ങിയത്.
മത്സരത്തിൽ പെരുമ്പാമ്പിനെ കൊല്ലുമെങ്കിലും ശാസ്ത്രീയമായി നിഷ്കർഷിച്ചിരിക്കുന്ന മാർഗത്തിൽ മാത്രമേ അത് നടപ്പാക്കാവൂ എന്നാണ് നിബന്ധന. 2000 മുതൽ ഏകദേശം 17,000ത്തിലേറെ ബർമീസ് പെരുമ്പാമ്പുകളെ ഫ്ലോറിഡയിൽ നിന്ന് നീക്കം ചെയ്തെന്നാണ് കണക്ക്.