
റിയാദ്: 'ഹുറൂബ്' നിയമത്തില്‍ മാറ്റം വരുത്തിയതായി അറിയിച്ച് സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം. തൊഴിലില്‍നിന്ന് വിട്ടു നിൽക്കുന്നതായോ തൊഴിലുടമയുടെ കീഴിൽ നിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്‌പോണ്‍സര്‍ നല്‍കുന്ന പരാതിയില്‍ വിദേശ തൊഴിലാളിക്കെതിരെ സ്വീകരിക്കുന്ന നിയമനടപടിയാണ് 'ഹുറൂബ്'. ഇപ്രകാരം പരാതി ലഭിച്ചാൽ അത് 'ഹുറൂബാ'യി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് നൽകുന്നതാണ് നിയമത്തിലെ പുതിയ മാറ്റം.
ഇളവ് നൽകിയിരിക്കുന്ന സമയത്തിൽ തൊഴിലാളി ഫൈനൽ എക്സിറ്റ് വഴി രാജ്യം തന്നെ വിട്ട് പോവുകയോ പരാതി നൽകിയ സ്പോൺസറിൽ നിന്നും പുതിയ തൊഴിൽ ഉടമയിലേയ്ക്ക് സ്പോൺസർഷിപ്പ് മാറ്റുയോ ചെയ്താൽ തുടർ നടപടികളിൽ നിന്നും രക്ഷ നേടാം. അല്ലാത്ത പക്ഷം 60 ദിവസം കഴിയുന്നതോടെ 'ഹുറൂബ്' സ്ഥിരപ്പെടും. അതോട് കൂടി സർക്കാർ രേഖകളിൽ തൊഴിലാളി ഒളിച്ചോടിയവൻ എന്ന വിഭാഗത്തിൽപ്പെടുത്തുകയും നിയമപ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കേണ്ടിയും വരും. പുതിയ 'ഹുറൂബ്' നിയമത്തിലെ മാറ്റം ഒക്ടോബർ 23 മുതൽ നിലവിൽ വന്നിട്ടുണ്ട്. ഇത് വഴി പുതുതായി 'ഹുറൂബ്' ആകുന്നവർക്ക് പരിഗണന ലഭിക്കും. എന്നാൽ നേരത്തെ തന്നെ 'ഹുറൂബിലായി തുടരുന്നവർക്ക് ഒക്ടോബര്‍ 23 മുതല്‍ 15 ദിവസത്തിനുള്ളില്‍ മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഈ ഇളവിൽ ഹൗസ് ഡ്രൈവറുൾപ്പെടെയുള്ള സ്വകാര്യ ഗാർഹിക വിസയിലുള്ളവർ ഉൾപ്പെടുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം.