salman-rushdie

ന്യൂയോ‌ർക്ക്: യുഎസിൽ ആക്രമണത്തിനിരയായി ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സൽമാൻ റുഷ്‌ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ സ്വാധീനവും നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് റുഷ്‌ദിയുടെ ഏജന്റ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്കിൽ നടന്ന ചടങ്ങിനിടെ ആക്രമണത്തിൽ റുഷ്‌ദിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ന്യൂജഴ്‌സി സ്വദേശി ഹാദി മറ്റാർ (24) ആണ് റുഷ്‌ദിയെ ആക്രമിച്ചത്. സദസിലിരുന്ന ഹാദിം പ്രഭാഷണത്തിനൊരുങ്ങിയ റുഷ്ദിയെ സ്റ്റേജിൽ കയറി കുത്തുകയായിരുന്നു. പിന്നാലെ സ്ഥലത്തുണ്ടായിരുന്നവർ ഹാദിമിനെ തടഞ്ഞു വച്ച് പൊലീസിന് കൈമാറി. സൽമാൻ റുഷ്ദിയ്ക്ക് ഇസ്ലാം മതമൗലിക വാദികളുടെ വധഭീഷണിയുണ്ടായിരുന്നു.' യു.എസ് - നാടുവിട്ട എഴുത്തുകാർക്കും കലാകാരൻമാർക്കും അഭയകേന്ദ്രം, സർഗ്ഗാത്മക ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഇടം" എന്ന വിഷയത്തിൽ ചർച്ചയ്ക്കൊരുങ്ങുകയായിരുന്നു റുഷ്ദി. അദ്ദേഹത്തെ അവതാരകൻ പരിചയപ്പെടുത്തിയതിനു പിന്നാലെയാണ് അക്രമി സ്റ്റേജിലേക്ക് ചാടിക്കയറിയത്. തടയാൻ ശ്രമിച്ച അവതാരകനും പരിക്കേറ്റിരുന്നു. കഴുത്തിൽ മാരകമായി മുറിവേറ്റ് വീണ റുഷ്‌ദിയെ ഉടൻതന്നെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആക്രമണത്തിൽ കരളിനും കൈഞരമ്പുകൾക്കും ഗുരുതര പരിക്കേറ്റു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

1988ൽ 'സാത്താനിക് വേഴ്സസ്' എന്ന കൃതി പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇറാനിയൻ മതനേതാവ് അയത്തൊള്ള ക്വമൈനി അദ്ദേഹത്തെ വധിക്കാൻ ഫത് വാ പുറപ്പെടുവിച്ചിരുന്നു. അന്നു മുതൽ ജീവന് ഭീഷണി നേരിടുന്ന റുഷ്ദി പൊതുവേദികളിൽ അപൂർവമായാണ് എത്തിയിരുന്നത്. ബ്രിട്ടണിൽ പൊലീസ് സുരക്ഷയിലാണ് കഴിഞ്ഞിരുന്നത്. ഇരുപത് വർഷം മുമ്പ് അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി അദ്ദേഹം രചിച്ച 'മിഡ് നൈറ്റ് ചിൽഡ്രൻ' എന്ന നോവൽ ബുക്കർ പ്രൈസ് നേടിയിരുന്നു.