
പാലക്കാട്: ഒൻപത് സർവകലാശാലകളിലും ഗവർണർ ആണ് നിയമന അധികാരിയെന്നും വിസി നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെങ്കിൽ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗവർണർക്കാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ലോജിക് പ്രകാരം പദവിയിൽ നിന്ന് രാജിവയ്ക്കേണ്ടത് വിസിമാരോണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പാലക്കാട്ടെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവർണറുടെ നടപടി അസ്വാഭാവിക തിടുക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നിയമവും നീതിയും നിഷ്കർഷിക്കുന്ന അടിസ്ഥാന തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണർ മറക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു രാജി ആവശ്യപ്പെട്ടുള്ള ട്വീറ്റ്. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തെ നിരാകരിക്കുകയും ചെയ്യുന്നുവെന്നു' മുഖ്യമന്ത്രി പറഞ്ഞു.
'ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും അക്കാദമിക സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ട സർവകലാശാലകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാണിത്. ജനാധിപത്യത്തെ മാനിക്കുന്നവർക്ക് ഇത്തരത്തിലുള്ള അമിതാധിതകാര പ്രവണതകൾ അംഗീകരിക്കാൻ സാധിക്കില്ല. ഗവർണർ പദവി സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. സർക്കാരിനെതിരെ നീക്കം നടത്താനും ഉള്ളതല്ല. ഭരണഘടന നൽകുന്ന അധികാരങ്ങളും ചുമതലകളും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും അന്തസ് കാത്തുസൂക്ഷിക്കാനുളളതാണ്.കെ ടി യു വൈസ് ചാൻസലർ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ മറപിടിച്ചാണ് ഒൻപത് വിസിമാരോട് രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടത്. അദ്ദേഹം സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണബുദ്ധിയോടുള്ള യുദ്ധമാണ് അദ്ദേഹം നടത്തുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്'-മുഖ്യമന്ത്രി വിമർശിച്ചു.
കെ ടി യു വിസിയ്ക്ക് അക്കാദമിക് പദവിയില്ലെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നില്ല. നടപടിക്രമത്തിലെ പ്രശ്നം മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും വിധിയിൽ പുനഃപരിശോധന ഹർജി നൽകാൻ അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനത്തെയാകെ അസ്ഥിരപ്പെടുത്താനാണ് ഗവർണർ ശ്രമിക്കുന്നത്. സ്വാഭാവിക നീതിയുടെ ലംഘനമാണ്. വിസിമാരുടെ ഭാഗം കേൾക്കാതെ ചാൻസലർ ഏകപക്ഷീയമായി പ്രവർത്തിച്ചു. സെർച്ച് കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം അവർ നൽകുന്ന പാനലുകളുടെ എണ്ണം എന്നിവ അതാത് സർവകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ പറയുന്നതുപോലെയാണ്. രാജ്യത്ത് എല്ലായിടത്തും ഇപ്രകാരമാണ് നടക്കുന്നത്. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിൽ രാജ്യത്തെ സർവകലാശാലകളിൽ വ്യത്യസ്ത രീതികളാണുള്ളത്. കേവല സാങ്കേതികതയിൽ തൂങ്ങിയാണ് ഒരു സംസ്ഥാന ഗവർണർ ഒൻപത് സർവകലാശാല വിസിമാരോട് ഇറങ്ങിപോകാൻ പറഞ്ഞിരിക്കുന്നത്. ഇല്ലാത്ത അധികാരം പ്രയോഗിച്ചുകളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചു നിർത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പല സംസ്‌ഥാനങ്ങളിലും ഗവൺമെന്റിന്റെ പ്രതിനിധികൾ ️വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച്/സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരിക്കും. മഹാരാഷ്ട്രയിൽ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സെക്രട്ടറി ഇൻ ചാർജ് സെർച്ച്/സെലക്ഷൻ കമ്മിറ്റിയിൽ അംഗമാണ്. കർണ്ണാടകയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള നാലംഗ സെർച്ച് കമ്മിറ്റിയെ നിയമിക്കുന്നത് ഗവൺമെന്റാണ്.
ചാൻസലർ, യു ജി സി, സംസ്‌ഥാന ഗവൺമെന്റ്, സെനറ്റ്, സിൻഡിക്കേറ്റ്, എക്‌സിക്യുട്ടീവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ എന്നീ ബോഡികളുടെ പ്രതിനിധികൾ കൂടാതെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് അല്ലെങ്കിൽ ഇവരുടെ പ്രതിനിധി, സംസ്‌ഥാനത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ പ്രതിനിധി തുടങ്ങിയവരാണ് സെർച്ച് കമ്മിറ്റിയിൽ ഇടം പിടിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
കെ ടി യു വിസിയുടെ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർക്ക് ആവശ്യപ്പെടാൻ സാധിക്കില്ല. കോടതിയുടെ ഉത്തരവ് ആ വിസിക്ക് മാത്രമാണ് ബാധകമാകുന്നത്. വിസിമാരുടെ രാജി ആവശ്യപ്പെടുന്നതിന് നിയമപരമായ സാധൂകരണമില്ല. ചട്ടപ്രകാരം വിസിയെ പിരിച്ചുവിടാൻ ചാൻസലർക്ക് അധികാരമില്ല. വിസിമാരോട് രാജിവയ്ക്കാനോ പിരിച്ചുവിടാനോ ആവശ്യപ്പെടാൻ കേരള ഗവർണർക്ക് നിയമപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളും ഓർഡിനൻസുകളും ഒപ്പുവയ്ക്കാതെ പിടിച്ചുവയ്ക്കുന്ന കേരള ഗവർണറുടെ നിലപാടിലെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുന്നു. 11 ഓർഡിനൻസുകൾ ലാപ്സായി കഴിഞ്ഞിരിക്കുകയാണ്. ബില്ലുകളിൽ ഒപ്പിടില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടനയുടെ എല്ലാ മൂല്യങ്ങൾക്കുമെതിരാണ്. ഇത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുള്ള അവഹേളനവുമാണ്.മന്ത്രിമാർക്ക് മുകളിൽ തനിക്കുള്ള ‘പ്രീതി’ പിൻവലിക്കും എന്നു പറഞ്ഞുകൊണ്ട് ഗവർണറുടെ പി ആർ ഒ ട്വീറ്റ് ചെയ്തിരുന്നു. മന്ത്രിമാരെ ഗവർണർ ക്യാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേവചനാധികാരങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുജിസി പ്രകാരമുള്ള അക്കാദമിക് യോഗ്യതകളിൽ ഒന്നിൽ പോലും വെള്ളം ചേർക്കാതെയാണ് ഇതുവരെയുള്ള എല്ലാ വൈസ് ചാൻസലർ നിയമനങ്ങളും നടന്നിട്ടുള്ളത്. സ്വാഭാവിക നീതിയുടെ തത്വങ്ങൾ പോലും പാലിക്കാതെയാണ് ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാരെ നീക്കം ചെയ്യാനുള്ള അസാധാരണ നടപടി ചാൻസലർ തുടങ്ങിവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.