
തിരുവനന്തപുരം: രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി വി സിമാർ. 11.30ന് മുമ്പ് രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടെങ്കിലും വി സിമാർ ആരും രാജിവച്ചില്ല. മാത്രമല്ല, ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് ഒമ്പത് വി സിമാരുടെയും തീരുമാനം. ആറ് വി സിമാർ ഇക്കാര്യം രേഖാമൂലം ഗവർണറെ അറിയിച്ചു. സർക്കാർ കക്ഷിയല്ലാത്തതിനാൽ ഇവർ നിയമ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്വന്തം നിലയിൽ ആണ് കോടതിയെ സമീപിക്കുക. സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വി സിമാർ ഹൈക്കോടതിയൽ റിട്ട് ഹർജി സമർപ്പിക്കും. ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും വി സിമാർ ആവശ്യപ്പെടും.
അതേസമയം, വി സിമാർ രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തിൽ ഹൈക്കോടതി അവധി ദിനത്തിലും പ്രത്യേക സിറ്റിംഗ് നടത്തും. വൈകിട്ട് നാല് മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുക. ഇതിനായി അദ്ദേഹം മൂകാംബികയിൽ നിന്ന് കൊച്ചിയിലേയ്ക്ക് തിരിച്ചു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസും അത് സംബന്ധിച്ച വിശദാംശങ്ങളും പൂർണമായും ഹൈക്കോടതി ശേഖരിച്ചിട്ടുണ്ട്. 11.30നകം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കാരണം കാണിക്കൽ നോട്ടീസ് നിയമപരമല്ല. ഇതിന്റെ നിയമസാദ്ധ്യതകളാണ് പ്രത്യേക സിറ്റിംഗിൽ പരിഗണിക്കുന്നത്. വി സിമാരുടെ അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ സമീപിച്ചു. തുടർന്നാണ് പ്രത്യേക സിറ്റിംഗിന് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്.