r-bindhu

തിരുവനന്തപുരം: സംസ്ഥാനത്തെ ഇകഴ്‌ത്തി കാട്ടാനുള്ള പരിശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കാലഹരണപ്പെട്ട ഫ്യൂഡൽ കാലത്താണ് ഗവർണറെന്നും ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവർണർ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.

ഗവർണർ പദവിയോട് ഉയ‌ർന്ന ബഹുമാനമാണ് ഇതുവരെ പുലർത്തിയത്. മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. മന്ത്രി പദവി കണ്ടിട്ടല്ല താൻ പൊതുരംഗത്ത് എത്തിയത്. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനം തകർക്കുന്ന ഗവർണറുടെ നിലപാട് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ മൂന്ന് കമ്മീഷൻ റിപ്പോർട്ടുകൾ വിശകലനം ചെയ്ത് നടപ്പിലാക്കുന്നതിനായുള്ള യോഗം അടുത്ത ദിവസങ്ങളിലായി നടക്കും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ മാറ്റത്തിലേയ്ക്ക് പോവുകയാണ്. അതിന് സഹായിക്കേണ്ട ഗവർണർ ആർ എസ് എസിന്റെ നിർദേശപ്രകാരം കേരളത്തിൽ പ്രവർത്തിക്കുകയാണ്. ദുഷ്ടലാക്കോടെയാണ് ഗവർണർ ഈ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവരെ ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ തകർക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെങ്കിൽ അതിനെ എന്തുവില കൊടുത്തും ചെറുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗവർണറുടെ നടപടികളെ പ്രതിപക്ഷം പിന്തുണയ്ക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്നും മന്ത്രി വിമർശിച്ചു.