
ലണ്ടൻ: ഇറാനിലെ ഹിജാബ് പ്രശ്നവുമായി ബന്ധപ്പെട്ട പൗരാവകാശ പ്രശ്നങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് ലണ്ടനിലെ ഹൈഡ് പാർക്കിലെ സ്പീക്കെഴ്സ് കോർണറിൽ എം.എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. കർണ്ണാടകത്തിൽ ഹിജാബ് ഇടാനുള്ള സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയും ഇറാനിൽ ഹിജാബ് ഇടാതിരിക്കാനുള്ള അവകാശത്തിന് വേണ്ടിയും നമ്മൾ നിലകൊള്ളുമെന്ന് എം.എൻ കാരശ്ശേരി പറഞ്ഞു. ഇറാൻ പൗരനായ ആദിൽ, ജർമൻ പൗരനായ മൈക്ക് കിലോക്ക്, മലയാളികളായ ഡോ ജെബിൻ താജ്, ലക്ഷ്മി രാജേഷ്, ബിന്നി, കെ. അബ്ദുൽ ഗഫൂർ, സുനിൽ വാര്യർ, ഉമ്മർ കോട്ടക്കൽ, ഡിജോ സേവ്യർ, കരിം അബ്ദുൽ എന്നിവർ സംസാരിച്ചു.
രാജേഷ് രാമൻ സുഗതകുമാരിയുടെ രാത്രിമഴ എന്ന കവിത ആലപിച്ചതോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഉമ്മർ കോട്ടക്കൽ, മണമ്പൂർ സുരേഷ്, മിനി രാഘവൻ, ജോസ് ആന്റണി, ഡിജോ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം ലണ്ടൻ മലയാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മത മൗലികവാദികളായ ചില ഇറാൻ പൗരൻമാർ വന്നു ബഹളമുണ്ടാക്കി. സമരത്തോട് അനുഭാവമുള്ള ചില ഇറാൻ പൗരൻമാർ അവരുമായി തർക്കത്തിന് നിന്നതോടെ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ വൈകിട്ട് രണ്ട് മുതൽ അഞ്ച് വരെ ഉദ്ദേശിച്ചിരുന്ന പരിപാടി 3.15ന് അവസാനിച്ചു.