governor

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞ കാര്യങ്ങളോടുള്ള പ്രതികരണം തേടിയപ്പോഴാണ് ഗവർണർ കയർത്ത് സംസാരിച്ചത്. 'പാർട്ടി കേഡറായവർ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു. സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം. നിങ്ങളിൽ എത്ര പേർ യഥാർത്ഥ മാദ്ധ്യമ പ്രവർത്തകരാണ് ?ചിലർ മാദ്ധ്യമ പ്രവർത്തകർ ആയി നടിക്കുന്നു.അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നായിരുന്നു ഗവണർ പറഞ്ഞത്.

ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. ഒൻപത് സർവകലാശാലകളിലും ഗവർണർ ആണ് നിയമന അധികാരിയെന്നും വിസി നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെങ്കിൽ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗവർണർക്കാണ്. നിയമവും നീതിയും നിഷ്കർഷിക്കുന്ന അടിസ്ഥാന തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണർ മറക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു രാജി ആവശ്യപ്പെട്ടുള്ള ട്വീറ്റ്. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുകയും ചെയ്യുന്നു. അദ്ദേഹം സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണബുദ്ധിയോടുള്ള യുദ്ധമാണ് അദ്ദേഹം നടത്തുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്'- എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുട‌െ വിമർശനം.