
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനൊന്ന് സർവകലാശാലകളിലെ വി സിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ച സംഭവത്തിൽ യുഡിഎഫിൽ ഭിന്നതയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകുമെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും ചെന്നിത്തല പറഞ്ഞു. വി സിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്തെ സർവകലാശാലകളിലെ വി സിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പ് ഇറക്കുകയും മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്തിരുന്നു. പിൻവാതിൽ നിയമനം നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരെയും ഇഷ്ടക്കാരെയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണ്. അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നുവെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ തെറ്റ് തിരുത്താൻ ഗവർണർ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാൽ വി സിമാർ രാജിവയ്ക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. അത് എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മുസ്ലീം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ഇ ടി മുഹമ്മദ് ബഷീറും ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആളെന്ന നിലയിൽ ഗവർണർമാരുടെ നിയമനവും പ്രവർത്തനവും അടുത്തുനിന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഗവർണർ സാധാരണ സർവകലാശാലകളിൽ ഇടപെടാറില്ല. സർക്കാരുമായി വിയോജിപ്പുണ്ടാകാം. സർവകലാശാലകളിൽ സർക്കാർ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഗവർണറുടെ ഇപ്പോഴത്തെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. പിന്നാലെ ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തു.
പ്രതിപക്ഷ നിരയിലെ ഭിന്നാഭിപ്രായത്തെ പറ്റി ഇന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. സർക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ ഗവർണറുടെ നീക്കത്തിനെതിര് നിൽക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ അല്ല, പ്രതിപക്ഷ നേതാവ് ബിജെപി തന്ത്രത്തിന് കൂട്ട് നിൽക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.