ഇനിയൊരു ജന്മമുണ്ടെങ്കിൽ ശ്രീ പദ്മനാഭന്റെ അരികിൽ ഒരു മന്ദമാരുതനാകണം-അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായ് പറയുന്നു

കവടിയാർ കൊട്ടാരത്തിന്റെ പടിഞ്ഞാറു ഭാഗത്തു നിൽക്കുമ്പോൾ ഒരു കാറ്റിങ്ങനെ കടന്നുവരും. അത് ശ്രീ പദ് മനാഭ സ്വാമിക്ഷേത്രത്തെയും ഗോപുരത്തെയും തഴുകി വരുന്ന കാറ്റായാണ് എനിക്കെപ്പോഴും തോന്നാറുള്ളത്. അത് എന്നെയും വന്നു തലോടും. അങ്ങനെയാണ് ഇനിയൊരു ജന്മമുണ്ടെങ്കിൽ ശ്രീ പദ് മനാഭന്റെ അരികിൽ ഒരു മന്ദമാരുതനായി മാറണമെന്ന് എനിക്ക് തോന്നിയത്. ' -കവിത തുളുമ്പുന്ന ഈ വാക്കുകൾ കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിയുടേതാണ്.അശ്വതി തിരുനാളുമായി സംസാരിച്ചതിൽ നിന്ന്:
' ആദ്യമൊക്കെ ഭഗവാന്റെ തൃപ്പാദങ്ങളിൽ അർപ്പിക്കുന്ന തുളസിയായി ജനിച്ചാൽ മതിയെന്നാണ് ചിന്തിച്ചത്. തിരുവനന്തപുരത്തെ പദ് മനാഭസ്വാമിയുടെ എന്നു പ്രത്യേകം പറയണം.പദ് മനാഭസ്വാമി മറ്റു പലയിടത്തുമുണ്ടല്ലോ.പിന്നെയത് മാറി.തുളസി അർപ്പിച്ചാലും അടുത്ത ദിവസം നിർമ്മാല്യത്തിൽ മാറ്റുമല്ലോ.ഒരു സ്ഥിരത ഉണ്ടാവുകയുമില്ല.അങ്ങനെയാണ് ഭഗവാന് പുതിയ ആപ്ളിക്കേഷൻ നൽകിയത്." ചിരിച്ചുകൊണ്ട് അശ്വതി തിരുനാൾ പറഞ്ഞു.
ആ കാറ്റ് ആനന്ദദായകമായ ഒരു അനുഭൂതിയാണ് നൽകുന്നത് .ഒരു തരം ഇൻടോക്സിക്കേഷൻ .അപ്പോഴാണ് തുളസിയാകേണ്ട എന്നൊരു തോന്നലുണ്ടായത്.എപ്പോഴും ഭഗവാന്റെയടുത്ത് ശ്രീകോവിലും ക്ഷേത്രമാകെയും ഒരു മന്ദമാരുതനായി പ്രദക്ഷിണം വച്ച് സന്തോഷമായി ഞാനങ്ങിനെ കഴിഞ്ഞോളാം.
ഭഗവാന് കഴിയുന്നത്ര അപേക്ഷ നൽകാതിരിക്കുകയാണ് വേണ്ടത്. പക്ഷെ ഈ ലോകത്ത് ജീവിക്കുമ്പോൾ എപ്പോഴും അങ്ങനെയാകാൻ കഴിയില്ലല്ലോ.ഒമ്പതര വർഷം സുപ്രീം കോടതിയിൽ കേസ്സു നടന്നപ്പോൾ ഞാനും ഡൽഹിയിൽ പോയിരുന്നു.അന്നൊക്കെ തുടക്കത്തിൽ കേസ് ജയിക്കണമെന്നൊക്കെ പ്രാർത്ഥിച്ചിട്ടുണ്ടാകും.കുറച്ചു കഴിഞ്ഞപ്പോൾ അതും നിർത്തി.ഭഗവാനെ തൊഴുമ്പോൾ ജയ ജയ പദ് മനാഭ എന്ന മഹാമന്ത്രം മാത്രം ഉരുവിടുന്നതായി പതിവ് .ഭഗവാന്റെ അഭീഷ്ടം എന്തോ അതുപോലെ നടക്കും.അതിന്റെയർത്ഥം ഒന്നും ചോദിക്കില്ലെന്നല്ല.കുഞ്ഞുങ്ങൾക്കും അടുപ്പമുള്ളവർക്കുമൊക്കെ അസുഖം വന്നാൽ ഭഗവാനെ സൂക്കേട് വേഗം മാറ്റണമേയെന്ന് അപേക്ഷിക്കും.അത് വ്യത്യസ്തമായ കാര്യമാണല്ലോ.പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഒരു മണൽത്തരിയായാലും മതിയെന്ന് ഒരിക്കൽ ചിന്തിച്ചിരുന്നു.പിന്നീടതും വേണ്ടെന്നുവച്ചു.കാറ്റാകുന്നതാണ് നല്ലത്.
പദ് മനാഭസ്വാമി ക്ഷേത്രത്തിൽചെല്ലുമ്പോൾ ജയ ജയ പദ് മനാഭ എന്നാണ് സർവ്വസാധാരണമായി പ്രാർത്ഥിക്കുന്നത്. ഒപ്പം ലോകാ സമസ്താ സുഖിനോ ഭവന്തുവും പ്രാർത്ഥിക്കും . 104 വയസുവരെ ഭഗവാനെ സേവിക്കണമെന്ന് ഒരിക്കൽ പറഞ്ഞത് മറ്റൊന്നും ഉദ്ദേശിച്ചല്ല.ഒരു പുരുഷായുസ്സ് 120 വയസല്ലേ. 120 എന്നുദ്ദേശിച്ചത് 104 എന്നായിപ്പോയതാണ്.പിന്നെയത് അങ്ങനെയിരിക്കട്ടെയെന്നു കരുതി.വേണമെങ്കിൽ പുതുക്കി അപേക്ഷ നൽകാമല്ലോ.(ചിരിക്കുന്നു).
പ്രായമാകുമ്പോൾ
പ്രായമാകുന്നതിന്റെ ഗുണവും ദോഷവും എന്താണെന്നു ചോദിച്ചാൽ സ്വാഭാവികമായി മെറ്റബോളിസത്തിൽ മാറ്റം വരും.ചിലപ്പോൾ അസുഖങ്ങളും വരാം.
പദ് മനാഭന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഡയബറ്റീസോ, പ്രഷറോ ,കൊളസ്ട്രോളോ ,തൈറോയിഡോ അങ്ങനെ യാതൊന്നും ഇല്ല.നാളത്തെക്കാര്യം അറിയില്ല. ഹിസ്റ്ററി ലിബറേറ്റഡ്എന്ന എന്റെ പുസ്തകം ഇപ്പോൾ ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ് . സ ദ്ഭാവന ട്രസ്റ്റാണ് പ്രസിദ്ധീകരിക്കുക.സബ് ടൈറ്റിൽ ശ്രീചിത്ര സാഗ എന്നാണ്.പൊന്നമ്മാവന്റെ കാലം മാത്രമല്ല .ഒരുപാട് കാലം പിന്നോട്ടു സഞ്ചരിക്കുന്നുമുണ്ട്. മൂന്നരവർഷം സമയം എടുത്താണ് ഞാനാ പുസ്തകമെഴുതിയത്. അപ്പോൾ എന്റെ മനസ് നാൽപ്പത്തിയഞ്ചിൽ നിൽക്കുകയാണെന്ന ചിന്തയായിരുന്നു ഉള്ളിൽ. എന്നാൽ എന്റെ മകന് എന്നേക്കാളും പ്രായമായാൽ പിന്നെയാ ചിന്ത പറ്റൂലല്ലോ...ഈ പുസ്തകമെഴുതിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് എനിക്കു പ്രായമായെന്ന് തോന്നി. അതുവരെ അങ്ങനെയൊരു ചിന്ത എനിക്കുണ്ടായിട്ടേയില്ല.കഴിഞ്ഞ കൊല്ലമാണ് ബുക്ക് പ്രസിദ്ധീകരിച്ചത്.
ആ തോന്നൽ വന്നപ്പോൾ എന്നെ എഴുത്തിൽ സഹായിക്കുന്ന പ്രൊഫ.നളിൻ ഗണേശനോടും ഉമാ മഹേശ്വരിയോടും ഐ ഫീൽ ഓൾഡെന്ന് പറഞ്ഞു. കാലങ്ങളിലൂടെ ദീർഘകാലം സഞ്ചരിച്ചില്ലേയെന്നായിരുന്നു അവരുടെ മറുപടി. ശരിക്കും വലിയൊരു കാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.ഓരോ ചുവടും അടിവച്ചടിവച്ചാണ് ഞാൻ മുന്നോട്ടുപോയത്.
കൊതിയില്ല
ജീവിച്ചിരിക്കാൻ കൊതിയോ ,ഒരുപാടാഗ്രഹമോ ഒന്നുമില്ല.നമ്മൾ ജീവിച്ചിരിക്കുന്നതുകൊണ്ട് സമൂഹത്തിനോ, കുടുംബത്തിനോ, വ്യക്തികൾക്കോ ഒരു സാന്ത്വനമോ,സന്തോഷമോ പകരാനും ,സഹായം ചെയ്യാനും സാധിക്കുമെങ്കിൽ അതൊരു അനുഗ്രഹം തന്നെയാണ്.
വളരെ വേണ്ടപ്പെട്ടവർ ചിലരൊക്കെ പിരിഞ്ഞുപോയതിന്റെ ദുഃഖം വിടാതെ പിന്തുടരാറുണ്ടോയെന്നു ചോദിച്ചാൽ മറ്റെല്ലാവരെയും പോലെ അതിനോടു പൊരുത്തപ്പെടാനല്ലേ കഴിയുകയുള്ളു. എനിക്കു മാത്രമല്ലല്ലോ.ലോകത്ത് ആർക്കാണ് അങ്ങനെയൊരു വേർപിരിയൽ ഉണ്ടാകാത്തത്.എല്ലാവർക്കും വേണ്ടപ്പെട്ട ആരെങ്കിലുമൊക്കെ പോയിട്ടുണ്ടാകില്ലേ.അവരുടെ കൂടെപ്പോകാൻ പറ്റില്ലല്ലോ.ജിവിച്ചല്ലേ പറ്റു.നമ്മൾ ദുഃഖിച്ച് കരഞ്ഞുവിളിച്ചിരുന്ന് ബാക്കിയുള്ളവർക്ക് കൂടി ഒരു തലവേദനയായി മാറരുത്. ജീവിതത്തെ വരുന്നപോലെ നേരിടുകയെന്ന കാഴ്ചപ്പാടല്ല , അതിനോട് അഡ്ജസ്റ്റ് ചെയ്ത് പോവുകയെന്ന സമീപനമാണുള്ളത്. പ്രത്യേകിച്ച് പൊന്നമ്മാവൻ, ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുമനസ് പദ് മനാഭ പാദത്തിലേക്ക് പോയതാണ് ഏറ്റവും തകർന്നുപോയ അനുഭവം.തികച്ചും അപ്രതീക്ഷിതമായൊരു കാറപകടത്തിൽ എന്റെ ഭർത്താവ് പോയതും അതുപോലെയൊരു അനുഭവമായിരുന്നു.എന്റെ അച്ഛനാണെങ്കിൽ വിമാനാപകടത്തിലാണ് പോയത്.അവരിരുവരും കിടന്നില്ല.അമ്മാവൻ അങ്ങനെയല്ല.അമ്മാവൻ സുഖമില്ലാതിരിക്കുകയായിരുന്നു.അവസാനത്തെ ഒരാഴ്ച ക്രിട്ടിക്കലായിട്ട് ആശുപത്രിയിൽ കിടന്നപ്പോൾ വേദനാജനകമായ അനുഭവമായിരുന്നു.
പൊന്നമ്മാവൻ എന്ന കവിത അവിടെയിരുന്ന് എന്റെ മടിയിൽ വച്ചാണ് ഞാനെഴുതിയത്.കാലത്തിന്റെ അനാഥകളാക്കി ഞങ്ങളെ വിട്ടുപോകരുതെ എന്നായിരുന്നു ആ ഇംഗ്ളീഷ് കവിതയിലെ അപേക്ഷ.ഭഗവാന്റെയടുത്തല്ല അമ്മാവനോടു തന്നയാണ് കാവ്യ പ്രാർത്ഥനയിലൂടെ അപേക്ഷിച്ചത്.അമ്മാവന് ഇച്ഛാമൃത്യു ആണെന്ന് പറഞ്ഞുകേട്ടിരുന്നു.അമ്മാവന് പോകണമെന്നു തോന്നുമ്പോൾ പോകും പിന്നെ പിടിച്ചുനിർത്താൻ പറ്റില്ല.കുടുംബത്തെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ ഏറ്റവും വലിയ കളക്ടീവ് ലോസ് അമ്മാവന്റെ മരണമായിരുന്നു.അമ്മാവൻ അത്രയും സ്പെഷ്യൽ ആയിരുന്നു.ആ വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.തകർന്നുപോകുന്ന ഒരു സ്ഥിതിയായിരുന്നു.ചിന്തിക്കാൻ പാടില്ലാത്ത ചിന്തകളും മനസിൽ വന്നു.അപ്പോൾ ഇങ്ങനെയൊക്കെയാണോ മുമ്പോട്ടുപോകേണ്ടതെന്ന് അമ്മാവൻ ചോദിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ആ ഒരു കൊല്ലത്തിനകം,എന്റെ പന്ത്രണ്ട് കവിതകളടങ്ങുന്ന തിരുമുൽക്കാഴ്ചയെന്ന ഇംഗ്ളിഷ് കവിതാ പുസ്തകം എഴുതിത്തീർത്തു .അമ്മാവന്റെ വേർപാടിൽ എന്റെ മാനസിക നിലനിൽപ്പിനും മുഴുവൻ തകർച്ചയ്ക്കും നടുവിൽ നിന്നെഴുതിയതാണ് ഈ പന്ത്രണ്ട് കവിതകൾ.
കൂട്ടായ് കവിത
ഉള്ളിൽ ഒരു കവിയുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.കുട്ടിക്കാലത്ത് പത്തോ പതിനൊന്നോ വയസുള്ളപ്പോൾ ഞാനെഴുതിയിട്ടുണ്ട്.ജീവിത വീക്ഷണത്തോടൊപ്പം ആത്മാവിന്റെ ചിന്തകളും കവിതയിൽ ഉണ്ടാകാം. മൂന്ന് കവിതാ സമാഹാരങ്ങളുണ്ട്.തിരുമുൽക്കാഴ്ച,ദി ഡാൺ, ആൻ അമച്വേഴ്സ് അറ്റംപ്റ്റ് ടു പോയട്രി എന്നിവയാണവ.
ഞാൻ രണ്ടു മൂന്നു വലിയ പുസ്തകം എഴുതിയിട്ടുണ്ട്.ഒന്ന് പദ് മനാഭസ്വാമി ടെമ്പിൾ, രണ്ട് ഗ്ളിംപ്സസ് ഓഫ് കേരള കൾച്ചർ.ഹിസ്റ്ററി ലിബറേറ്റഡാണ് അതിൽ ഏറ്റവും വലുത്.ഇനിയൊരു വലിയ ബുക്കിനുവേണ്ടി വർക്ക് ചെയ്യാനുള്ളൊരു ത്രാണിയെനിക്കില്ല.ഒരു ബുക്ക് എടുത്തിട്ടുണ്ട്.അത് പക്ഷേ അങ്ങോട്ടു മുന്നോട്ടു പോയിട്ടില്ല.ടൈറ്റിൽ നല്ലതാണ്.ദ പാച്ച് വർക്ക് ക്വിൽറ്റ് .ഇംഗ്ളണ്ടിൽ തുണിക്കഷണം ബാക്കിവരുന്നത് തുന്നി ഒരു പുതപ്പാക്കും.പല പല സംഭവങ്ങൾ ചേർത്ത് എഴുതുന്ന ബുക്കാകും അത്.
( വി.എസ് രാജേഷിനോട് പറഞ്ഞത്)

പൂയം തിരുനാളിനൊപ്പം
കേരളം വിട്ടുപോകുന്നവർ തിരിച്ചുവരണം
ഗ്ളിംപ്സസ് ഓഫ് കേരള കൾച്ചർ എഴുതിയല്ലോ.കൊട്ടാരത്തിലിരുന്ന് കേരളത്തെ നോക്കുമ്പോൾ എന്താണ് തോന്നുന്നത്?
അത് ഞാൻ പറയുന്നില്ല.
സന്തോഷകരമായ കാര്യങ്ങളാണോ?
അല്ല.
വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടോ?
ഒരുപാട്.
മലയാളികളുടെ സ്വഭാവം മാറിയോ?
എല്ലാവരുടെയും സ്വഭാവം മാറുകയല്ലേ? ഈ രീതിയിൽ പോവുകയാണെങ്കിൽ (ഞാൻ പറയുന്നത് തെറ്റായിരിക്കണേ പദ് മനാഭയെന്നു പ്രാർത്ഥിക്കുന്നു) ഈ മലയാള നാട് .പ്രായമായവരുടെ മാത്രം വാസസ്ഥാനമായി മാറും.എന്തുകൊണ്ടെന്നാൽ എല്ലാ കുടുംബത്തിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറാൻ കുട്ടികൾ ഡിഗ്രികഴിയാൻ നിൽക്കുകയാണ് അവർക്കാർക്കും ഇവിടെയിരിക്കേണ്ട.പാവപ്പെട്ടവരുടെ കുട്ടികളും പോകുന്നു.പാങ്ങില്ലെങ്കിലും അവരുടെ മാതാപിതാക്കൾ കടമെടുത്തോ വിറ്റോ അയച്ചേ പറ്റു.അയച്ചില്ലെങ്കിൽ ഡിപ്രഷനായി, ചിലപ്പോൾ ആത്മഹത്യയിലേക്കും നയിക്കും.ഡയമണ്ട് ബെൽറ്റ് ,മെഴ്സിഡസ് കാർ എന്നൊക്കെ പണ്ടുപറയുന്നതുപോലെ വിദേശത്തു പഠിക്കുന്നതും തൊഴിൽ ചെയ്യുന്നതും സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു
കേരളം ഏതുരീതിയിൽ മാറി വരണമെന്നാണ് ആഗ്രഹിക്കുന്നത്?
കേരളത്തിൽ , ഭാരതത്തിൽത്തന്നെ ഒരുപാട് അവസരങ്ങൾ ഉണ്ടല്ലോ.പോവുകയാണെങ്കിലും അവർ തിരിച്ചുവരണമെന്നാണ് ഞാൻ പറയുന്നത്.നമ്മൾക്കെല്ലാം തന്നത് ഈ നാടാണ്. ജലവും മണ്ണും വായുവും എന്തെല്ലാം,കേരളം നമ്മൾക്കുതന്നു.എന്തെങ്കിലും തിരിച്ചുകൊടുക്കണ്ടെ.വലിയ ശമ്പളവും വാങ്ങി എല്ലാ മുറിയിലും എയർകണ്ടീഷണറും വച്ച് കാർപ്പെറ്റുമിട്ട് ,രൂപകൊണ്ട് വാങ്ങിക്കാവുന്ന ഏറ്റവും കൂടുതൽ സാധനങ്ങളും വാങ്ങിച്ച് അവിടെ ജീവിച്ചാൽ മതിയോ.
ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്നതെന്തിലാണ്?
നന്മ വിജയിക്കുന്നത് കാണുമ്പോൾ.നന്മകൾ ചെയ്യുന്നത് കേൾക്കുമ്പോഴും.
കവടിയാർ കൊട്ടാരം വിശാലമായ ലോകമാണ്.അവിടെ ഏകാന്തതയെ തിരയാറുണ്ടോ?
വളരെ.കുട്ടിക്കാലം മുതൽക്കെ എനിക്ക് ഏകാന്തത ഇഷ്ടമാണ്.അതില്ലാതെ പറ്റുകയുമില്ല.ഇപ്പോഴത് വളരെ വളരെ മുഖ്യമാണ്.
ലളിതമായ വസ്ത്രധാരണം. ആഡംബരമില്ല?
അമ്മാവനെക്കണ്ടല്ലേ വളർന്നത്.പൊന്നമ്മാവനെപ്പോലെ വിനയാന്വിതനായ ഒരാളുണ്ടോ?
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം കാണാൻ ആഗ്രഹമുണ്ടോ?കണ്ടിരുന്നോ?
ഞാൻ ഇതുവരെ കണ്ടിട്ടില്ല.കാണാനായി എന്നെ ക്ഷണിച്ചിരുന്നു.അന്നീ കേസ് നടക്കുന്ന കാലമാണ്. വന്നാൽ ശരിയാകുമെന്നു തോന്നുന്നില്ലെന്നു ഞാൻ പറഞ്ഞു.കാണണമെന്നു ആഗ്രഹമുണ്ടെങ്കിലും ഞാൻ പോയില്ല.കേസുതീരുന്നതുവരെ എന്തെങ്കിലും ഒന്നു കാണാനില്ലാതെയായാൽ അത് എന്റെ തലയിൽ വരല്ലല്ലോ.അതുകൊണ്ട് പോയില്ല.
പേരക്കുട്ടികൾ
ഏറ്റവും വലിയ സമ്പാദ്യം ഈ മൂന്നുകുട്ടികളാണ്.ആദിത്യവർമ്മയ്ക്ക് രണ്ട് കുട്ടികളുണ്ട്.ഗൗരിയും പ്രഭയും ഇരട്ടകളാണ്. എന്റെ മൂത്തമകൻ മാർത്താണ്ഡവർമ്മയുടെ മകനുമുണ്ട്. രാമവർമ്മയെന്നാണ് പേര്.വിഷ്ണുവെന്നു വിളിക്കുന്നു.നർത്തകി ഗോപികവർമ്മ അവന്റെ അമ്മയാണ്.
ഏട്ടത്തി?
പൂയം തിരുനാൾ.ഞങ്ങൾ ഒരുമിച്ചാണല്ലോ വളർന്നത്.പിന്നെ ഞങ്ങൾക്ക് അനുജനുമുണ്ട്.അനുജൻ കുറെക്കൂടി കൊച്ചനല്ലേ.എനിക്ക് വലിയൊരു ശക്തിയും ബലവുമാണ് അക്ക.അക്കയില്ലാത്ത ഒരു സൂര്യോദയവും എനിക്കു കാണേണ്ടയെന്നു ഞാൻ മനസിൽ വിചാരിക്കും.

പ്രിയ കൂട്ടുകാരി
എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ് രാധാ നായർ.എന്റെ ഏറ്റവും ഡീയറസ്റ്റ് ഫ്രണ്ടാണ്.തിരുവനന്തപുരത്തുണ്ട്.ഇന്ത്യൻ നയതന്ത്രജ്ഞനായിരുന്ന പരേതനായ ശങ്കരപ്പിള്ളയുടെ മകൾ.ഞങ്ങൾ തമ്മിൽ പങ്കുവയ്ക്കാത്ത ഒരു കാര്യവുമില്ല. അന്നുമിന്നു പരസ്പരം വിശ്വസിക്കുന്ന സുഹൃത്തുക്കളാണ് .1961 ലാണെന്നു തോന്നുന്നു.വിമൻസിൽ ഞാൻ പ്രീ യൂണിവേഴ്സിറ്റി പഠിക്കുമ്പോൾ, കാനഡയിൽ നിന്നും അച്ഛന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് രാധ അവിടെ വന്നു ജോയിൻ ചെയ്തു.ഞങ്ങൾ പരിചയപ്പെട്ടു.എത്രയോ കാലമായി ഞങ്ങൾ ഒരുമിച്ച് ചിരിച്ചിട്ടുണ്ട്.ഒരുമിച്ച് കരഞ്ഞിട്ടുണ്ട്.പരസ്പരം സമാധാനപ്പെടുത്തിയിട്ടുണ്ട്.എല്ലാ സുഖദുഃഖത്തിലും പരസ്പരം പങ്കാളികളായിട്ടുണ്ട്.ഇപ്പോഴും അങ്ങനെതന്നെ.അശ്വതി തിരുനാൾ പറഞ്ഞു.
' എന്റെപതിനഞ്ച് വയസിൽ തുടങ്ങി ഇന്നും ശക്തമായി മുന്നോട്ടുപോകുന്ന വളരെ സ്പെഷ്യലായ സൗഹൃദമാണത് " രാധാ നായർ പറഞ്ഞു. എന്നെ പരിചയപ്പെട്ടപ്പോൾ ലക്ഷ്മിബായ് എന്നാണ് പേര് പറഞ്ഞത്. ഞാൻ ലക്ഷ്മിയെന്നു വളിച്ചു.പിന്നെയാണ് കവടിയാർ കൊട്ടാരത്തിലേതാണെന്നൊക്കെ അറിയുന്നത്. ലാളിത്യവും അനുകമ്പയുമാണ് ലക്ഷ്മിയുടെ പ്രത്യേകത. വലിപ്പചെറുപ്പമില്ലാതെ പെരുമാറും.മന്ത്രിയായാലും തൂപ്പുജോലി ചെയ്യുന്നവരായാലും എഴുന്നേറ്റു നിന്നേ സ്വീകരിക്കുകയുള്ളു.-രാധാ നായർ പറയുന്നു.