
തിരുവനന്തപുരം: വിസിമാരുടെ ഹർജി ഹൈക്കോടതി നാല് മണിയ്ക്ക് പരിഗണിക്കാനിരിക്കെ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. മാദ്ധ്യമങ്ങളെ അതിയായി ബഹുമാനിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ സുഗമമായ പ്രവർത്തനത്തിന് മാദ്ധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാദ്ധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡർമാർ എത്തുന്നുവെന്ന പരാമർശത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
'താൻ മാദ്ധ്യമങ്ങളോട് അപമര്യാദയായി സംസാരിച്ചതല്ല. എപ്പോഴും മാദ്ധ്യമങ്ങൾക്ക് ലഭ്യമായിരിക്കും. എല്ലാക്കാലത്തും ഇതേ നിലപാടായിരുന്നു. പുറത്തു കടക്കൂവെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല. മാദ്ധ്യമ സിൻഡിക്കേറ്റ് എന്നുവിളിച്ചതാരാണ്. താൻ വിസിയെ ക്രിമിനല്ലെന്ന് വിളിച്ചു. എന്നാൽ ആ വാക്കിന് പകരമായി വിളിക്കാവുന്ന ഒരു വാക്ക് പറഞ്ഞുതരൂ. കുറ്റകൃത്യം ചെയ്യുന്നവരെ വേറെന്താണ് വിളിക്കേണ്ടത്. വേണമെങ്കിൽ താൻ മാപ്പ് പറയാം. കണ്ണൂർ വിസി ഗൂഢാലോചനക്കാരനാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സദസിന് താഴെ ഇരുന്ന് മുദ്രാവാക്യം വിളിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയായിരുന്നു.' ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയെയും ഗവർണർ രൂക്ഷമായി പരിഹസിച്ചു. മലയാളം മാദ്ധ്യമങ്ങളിൽ വന്ന ചില വാർത്തകൾ കണ്ടു. ആഴ്ചകൾക്ക് മുന്നെ മലയാളത്തിൽ ഒരു വാക്ക് കണ്ടു. 'പിപ്പിടി'. എന്നാൽ അതിന്റെ അർത്ഥം എന്താണെന്ന് അറിയില്ല. ചെപ്പടി വിദ്യ കാട്ടുന്നവർക്കെതിരെ കുറച്ച് പിപ്പിടി വിദ്യയാകാമെന്നും ഗവർണർ പറഞ്ഞു.
ചാൻസലർ നൽകിയ ഉത്തരവ് വിസി നടപ്പാക്കിയില്ലെന്നും ഗവർണർ ആരോപിച്ചു. വിസി വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ഇത് സംബന്ധിച്ച് താൻ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി. എന്നാൽ ഇതിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. അപമാനകരമായ രീതിയിലെ വാക്കുകളാണ് കേരള വിസി രാഷ്ട്രപതിക്കെതിരെ ഉപയോഗിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി താൻ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും തനിക്ക് പ്രതികരണം ലഭിച്ചില്ല. ഓണം പരിപാടിയ്ക്ക് തന്നെ ക്ഷണിച്ചില്ല. ഓണം ആഘോഷം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നോട് പറഞ്ഞു. ക്ഷണിക്കാത്തതിനാലാണ് അട്ടപ്പാടിയിലെ ആദിവാസികൾക്കൊപ്പം ഓണം ആഘോഷിച്ചതെന്ന് ഗവർണർ പറഞ്ഞു.
വിസി നിയമനപ്രക്രിയ തുടക്കത്തിൽ തന്നെ നിയമവിരുദ്ധമായിട്ടാണ് നടന്നതെന്നാണ് സുപ്രീം കോടതി പറഞ്ഞത്. കെ ടി യു വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ വിധി ശരിയാണ്. വിധി വ്യക്തമാണ്. വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ഗവർണർ പറഞ്ഞു. അടുത്ത മാസം മൂന്നാം തീയതി അഞ്ചുമണിയ്ക്കുള്ളിൽ വിശദീകരണം നൽകണം. വിസി നിയമനം റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. മറ്റ് സർവകലാശാലകളെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി മുതിർന്ന അഭിഭാഷകരുമായി സംസാരിക്കുകയാണ്. വിസിമാരെ പുറത്താക്കുന്നതിനായല്ല കത്തയച്ചത്. ഒരു വിസിയെയും പുറത്താക്കിയിട്ടില്ല. സുപ്രീം കോടതിയുടെ ഉത്തരവ് അറിയിക്കുന്നതിനായാണ് കത്തയച്ചത്. വിസിമാർ കത്ത് നിഷേധിച്ചു. അവർ ആരുടെ നിർദേശങ്ങളാണ് അനുസരിക്കുന്നതെന്ന് മനസിലാക്കാം. ഡിജിറ്റൽ, ശ്രീനാരായണ വിസിമാർക്കെതിരെ നടപടിയുണ്ടാകും. നിയമനം പുതിയതായി നടത്താനാണ് സുപ്രീം കോടതിയുടെ നിർദേശം. സുപ്രീം കോടതി ആർക്കും ഇളവ് നൽകിയിട്ടില്ല. കെ ടി യു വിസി നിയമനം യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.