ff

ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായി എത്തുകയാണ്. പഞ്ചാബിൽ കുടുംബ വേരുകൾ ഉള്ള ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോൾ കാലം കാത്തുവച്ച കാവ്യനീതി കൂടിയാകുമത്.. ഒന്നരമാസം മുമ്പ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസ് കഴിഞ്ഞ ദിവസം രാദി വച്ചതോടെയാണ് ഋഷി സുനക് വീണ്ടും മത്സര രംഗത്തെത്തിയത്. എതിർസ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന പെന്നി മോർഡന്റ് പിൻമാറിയതോടെയാണ് ഋഷിയുടെ പ്രധാനമന്ത്രി പദ ലബ്ധിക്ക് വഴിതെളിഞ്ഞത്.

യാഷ്‌വീർ- ഉഷ സുനക് ദമ്പതികളുടെ മൂത്തമകനായി 1980 മേയ് 12ന് സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം. മാതാപിതാക്കളുടെ പൂർവികർ പഞ്ചാബിൽ നിന്ന് കുടിയേറിയവരായിരുന്നു. ഓക്സ‌ഫഡ്, സ്റ്റാൻഫഡ് സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കി.

2001-04 കാലയളവിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാഷസിൽ അനലിസ്റ്റായി ജോലി ചെയ്തു. പിന്നീട് ഹെഡ്‌ജ് ഫണ്ട് സ്ഥാപനമായ. ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിലും ജോലി നോക്കി. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെയും എഴുത്തുകാരി സുധാ മൂർത്തിയുടെയും മകൾ അക്ഷത മൂർത്തിയാണ് ഭാര്യ. സ്റ്റാൻഫഡ് സർവകലാശാലയിലെ പഠനത്തിനിടയിൽ കണ്ടുമുട്ടിയ ഇരുവരുടെയുും പ്രണയവിവാഹമായിരുന്നു. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലൂടെയാണ് ഋഷിയുടെ രാഷ്ട്രീയപ്രവേശനം. 2015-ൽ അദ്ദേഹം ആദ്യമായി എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് 2017-ലും 2019-ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018 ജനുവരിയിലാണ് ഋഷി ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത്. തദ്ദേശ ഭരണ വകുപ്പിന്റെ ചുമതലയായിരുന്നു ആദ്യം വഹിച്ചിരുന്നത്. 2019 ജൂലായില്‍ ട്രഷറി ചീഫ് സെക്രട്ടറിയായി. 2020 ഫെബ്രുവരിയില്‍ ധനമന്ത്രിയായ ഋഷി, ജൂലായില്‍ രാജിവെക്കുന്നിടം വരെ ആ സ്ഥാനത്തു തുടര്‍ന്നു.

ഋഷിക്ക് 700 ദശലക്ഷം പൗണ്ടിന്റെ ആസ്തിയുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.കെയില്‍ പലയിടത്തും വസ്തുവകകളുമുണ്ട്. യോര്‍ക്ക് ഷെയറില്‍ കൊട്ടാരതുല്യമായ ഭവനവും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. സെന്‍ട്രല്‍ ലണ്ടനില്‍ ഋഷിയ്ക്കും അക്ഷതയ്ക്കുമായി കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.

ഇന്ത്യൻ വംശജനായ സുനാക് 34 വർഷത്തെ ചരിത്രം തിരുത്തി ആദ്യമായി സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരൻ കൂടിയാണ്. സൺഡെ ടൈംസിന്റെ കണക്ക് പ്രകാരം സുനാകിനും ഭാര്യ അക്ഷതയ്ക്കും 730 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ ആസ്ഥിയാണുള്ളത്. ബ്രിട്ടനിലെ ധനികരുടെ പട്ടികയിൽ 222-ാം സ്ഥാനമാണ് ഇവർക്ക്. ഇൻഫോസിസിൽ അക്ഷതയ്ക്ക് 0.93 ശതമാനം ഓഹരി സ്വന്തം പേരിലുണ്ട്. 690 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് ഇതിന്റെ മൂല്യം.