jamesha

കോയമ്പത്തൂർ: കോയമ്പത്തൂരിൽ സ്ഫോടനം നടന്ന് ഒരാൾ മരിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരായിരുന്നു ഇവർ. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനം ആസൂത്രണം ചെയ്തതിലും ഇവർക്ക് പങ്കുണ്ടെന്നുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയാണ് ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ കാറിൽ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉക്കടം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ് മരിച്ച ജമേഷ മുബിൻ (25) . 2019ൽ ഐ എസ് ബന്ധം ആരോപിച്ച് എൻ ഐ എ ചോദ്യം ചെയ്തിരുന്ന ആളാണ് ജമേഷ മുബിൻ. ഇയാളുടെ വീട്ടിൽ എൻ ഐ എ റെയ്‌ഡ് നടത്തിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ജമേഷയുടെ വീട്ടിൽ നടന്ന പരിശോധനയിൽ സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയിരുന്നു. ഇതിനാൽ ചാവേർ ആക്രമണമാണോ എന്ന സംശയത്തിലായിരുന്നു അന്വേഷണ സംഘം.