jamesha

തൃശൂർ: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേയ്ക്കും. കൊല്ലപ്പെട്ട മുബീന് വിയ്യൂർ ജയിലിലുള്ള മുഹമ്മദ് അസറുദീൻ എന്നയാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കോയമ്പത്തൂർ നിന്നുള്ള അന്വേഷണ സംഘം തൃശൂരിലെത്തിയത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എൻഐഎ ഉദ്യോഗസ്ഥരും തമിഴ്നാട് പൊലീസിന്റെ അന്വേഷണ സംഘവുമാണ് വിവരങ്ങൾ ശേഖരിച്ചത്.

2019ൽ എൻഐഎ അറസ്റ്റ് ചെയ്ത ആളാണ് നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ. ഇയാളെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ വന്നു കണ്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി തൃശ്ശൂർ ജയിലിലെത്തിയ ഉദ്യോഗസ്ഥർ മുബീന്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്തു. ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ അറസ്റ്റിലാവുന്നത്. ഈസ്റ്റർ സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ പിടികൂടിയത്. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്നത് പോലെ ദീപാവലിക്ക് സ്ഫോടനം നടത്താനാണോ മുബീൻ ലക്ഷ്യമിട്ടതെന്ന കാര്യം അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്. മുബീന്റെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം ഈ നിലയിൽ നീങ്ങുന്നത്.

അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരായിരുന്നു ഇവർ. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനം ആസൂത്രണം ചെയ്തതിലും ഇവർക്ക് പങ്കുണ്ടെന്നുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.