crime

കൊച്ചി: ഇളംകുളത്ത് യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഭർത്താവിനായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂർ കേരളം വിട്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇവർ വീട്ടുടമയ്ക്ക് നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ദമ്പതികളുടെ പേരുകൾ പോലും ശരിയാണോ എന്ന സംശയത്തിലാണ് പൊലീസ്.

കഴിഞ്ഞദിവസമാണ് കൊച്ചി ഇളംകുളത്തിനടുത്ത് ചെലവന്നൂരിലെ വാടകവീട്ടിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കെട്ടിയ നിലയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയും ഭർത്താവും കഴിഞ്ഞ ഒരു വർഷമായി വാടകവീട്ടിലാണ് താമസിക്കുന്നത്. നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിലാണ് യുവതിയുടെ ഭർത്താവ് രാം ബഹദൂർ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് പുറത്ത് ആരെയും കണ്ടിരുന്നില്ല. വീട്ടിൽ നിന്ന് ദുർഗന്ധം ഉയരാൻ തുടങ്ങിയതോടെ അയൽക്കാർ വീട്ടുടമയെ അറിയിച്ചു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. യുവതിയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും.