
പൊക്കം അഞ്ചടി ആറിഞ്ച് അഥവാ അഞ്ചരയടി
ഉയരം കുറഞ്ഞ കൊച്ചു മനുഷ്യനെന്നു പറഞ്ഞ് ലിറ്റിൽ സുനാക്കെന്നു വിളിച്ചവരോട് ഋഷി സുനാക് ഒരിക്കൽപറഞ്ഞു. ബ്രിട്ടൻ ഭരിച്ച ഉരുക്കു വനിത മാർഗരറ്റ് താച്ചറുടെ ഉയരം അഞ്ചടി അഞ്ചിഞ്ച് മാത്രമായിരുന്നുവെന്ന്. കഴിവിലും യോഗ്യതയിലും വലിയ പൊക്കമുള്ള ഋഷി സുനാക് എന്ന ഹൈന്ദവനായ ഇന്ത്യൻ വംശജൻ ,ഒരിക്കൽ ഇന്ത്യയടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇനി നയിക്കുമ്പോൾ ചരിത്രം കാലത്തിലേക്ക് നോക്കി ചിരിക്കുന്നുണ്ടാവാം. പക്ഷേ ചരിത്രഗാഥ സാക്ഷ്യപ്പെടുത്താൻ ആ കാലത്തിന്റെ സാക്ഷിയായ എലിസബത്ത് രാജ്ഞി കാത്തിരുന്നില്ല. പകരം മകൻ ചാൾസ് രാജാവ് സ്വന്തം രാജ്യത്തിന്റെ ചെങ്കോൽ ഋഷി സുനകെന്ന നാൽപ്പത്തിരണ്ടുകാരനു നൽകുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം സൂര്യനെപ്പോലെ ജ്വലിക്കും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ബ്രിട്ടന്റെ അധികാരത്താക്കോൽ ഇനി ഈ ഇന്ത്യൻ വംശജന്റെ കൈവശമാകും.നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന മേൽവിലാസത്തിൽ ഇനി ഈ ഇന്ത്യൻ കൈയ്യൊപ്പ് പതിയും. ബ്രിട്ടനിൽ ജനിച്ചു വളർന്ന സുനാക്കിൽ നിന്ന് ഇന്ത്യ അമിതമായി ഒന്നും പ്രതിക്ഷിക്കേണ്ടതില്ലായിരിക്കാം. പക്ഷേ നമ്മളെ ഭിന്നിപ്പിച്ചു ഭരിച്ച ഒരു സാമ്രാജ്യത്തെ ഇനി ഒരു ഇന്ത്യൻ വംശജൻ ഭരിക്കുമെന്ന ചിന്തമാത്രം പോരെ ബ്രിട്ടനെ നോക്കി തല വാനോളം ഉയർത്തിപ്പിടിക്കാൻ.
ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് സുനാകിന്റെ ജനനം. പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച് ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷി സുനാകിന്റെ പൂർവ്വികർ. അച്ഛൻ ഡോക്ടർ യഷ് വീർ കെനിയയിലും അമ്മ ഫാർമസിസ്റ്റായ ഉഷ സുനക് ടാൻസാനിയയിലുമാണ് ജനിച്ചത്. ഇവരുടെ മൂന്നുമക്കളിൽ മൂത്തമകനാണ് ഋഷി. മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകിയതെന്നാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സംഭാവന. പ്രമുഖ ഇന്ത്യൻ ക്രിക്കറ്റർ മൺസൂർ അലിഖാൻ പട്ടോഡി പഠിച്ച വിഞ്ചസ്റ്റർ കോളേജിലാണ് ഋഷി പഠിച്ചത്. പൊളിറ്റിക്സും ഫിലോസഫിയും ഇക്കണോമിക്സുമായിരുന്നു വിഷയം. ഓക്സഫോർഡിൽ നിന്ന് വിജയിച്ച് യു.എസിലെ സ്റ്റാൻ ഫോഡ് ബിസിനസ് സ്കൂളിൽ ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പോടെ പഠിക്കുമ്പോഴാണ് ഋഷി പിൽക്കാലത്ത് തന്റെ ജീവിത സഖിയായി മാറിയ അക്ഷത നാരായണമൂർത്തിയെ കാണുന്നതും പ്രണയത്തിലാകുന്നതും. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെയും സുധാ നാരായണ മൂർത്തിയുടെയും മകൾ. ബംഗളൂരുവിൽ 2009ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷമായിരുന്നു വിവാഹച്ചടങ്ങുകൾ. ഈ ദമ്പതികൾക്ക് രണ്ട് പെൺ മക്കളുണ്ട്.
എലിസബത്ത് രാജ്ഞിയേക്കാൾ സ്വത്തുണ്ട് അക്ഷതയ്ക്കെന്ന് അന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 350 മില്യൺ പൗണ്ടായിരുന്നു എലിസബത്ത് രാജ്ഞിയുടെ സാമ്പാദ്ധ്യമെങ്കിൽ 430 മില്യൺ പൗണ്ടാണ് അക്ഷതയുടേത്. അച്ഛന്റെ ഐ.ടി സ്ഥാപനത്തിൽ അക്ഷതയ്ക്ക് 185 മില്യൺ പൗണ്ട് ഓഹരിയുണ്ട്. അക്ഷത ഡിസൈൻസ് എന്നൊരു ഫാഷൻ സ്ഥാപനവും വെഞ്ച്വർ കാപ്പിറ്റൽ കമ്പനിയും നടത്തുന്നുണ്ട്. അക്ഷത തന്റെ വരുമാനത്തിനനുസൃതമായി നികുതി നൽകുന്നില്ലെന്നൊരു വിമർശനം സുനാക്കിന്റെ എതിരാളികൾ ഉയർത്തിയിരുന്നു.
ജൂതവംശജനായ ഡിസ്രായേലിക്കുശേഷം ബ്രിട്ടനെ ഭരിക്കുന്ന ആദ്യ ക്രൈസ്തവേതരനായ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനാക്. വെള്ളക്കാരനല്ലാത്ത ഒരാൾ ഭരിക്കാനെത്തുമ്പോൾ സുനാകിന്റെ കഴിവുകളാണ് പൊതുവെ നിഷ്പക്ഷമതികളായ ബ്രിട്ടീഷുകാർ നിരീക്ഷിക്കുന്നത്. കൺസർവേറ്റീവ് പാർടിയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിട്ട് ഏഴുവർഷമാകുമ്പോഴേക്കും പാർലമെന്റംഗത്വവും ധനകാര്യമന്ത്രി പദവും ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനവും സുനാകിനെ തേടിയെത്തുമ്പോൾ അത് പുതിയൊരു ചരിത്രത്തിന്റെ രചനയാകുന്നു.
രാഷ്ട്രീയത്തിൽ വരും മുമ്പ് നിക്ഷേപ ഉപദേശകനും സാമ്പത്തികകാര്യ വിദഗ്ദ്ധനുമെന്ന നിലയിൽ പേര് കേട്ട സുനാകിന് ഇന്ന് ബ്രിട്ടൻ നേരിടുന്ന സാമ്പത്തിക തകർച്ചയെ ഏതൊക്കെ രീതിയിൽ പരിഹരിക്കാനാകുമെന്ന് ബ്രിട്ടീഷുകാർ മാത്രമല്ല ലോകം തന്നെ ഉറ്റുനോക്കുന്നുണ്ട്. യുക്രെയിനെ വഴിവിട്ട് സഹായിച്ച് വലിയ പ്രതിസന്ധിയിലെത്തി നിൽക്കുന്ന യൂറോപ്യൻ രാഷ്ട്രങ്ങളുടെ മുന്നിലാണ് അക്കാര്യത്തിൽ ബ്രിട്ടന്റെ സ്ഥാനം. പ്രതിസന്ധികൾ ഒന്നൊന്നായി പരിഹരിക്കണമെങ്കിൽ ഏവരും ഒരുമിച്ചുനിൽക്കണമെന്നാണ് സുനാക്ക് പ്രധാനമന്ത്രി പ്രഖ്യാപനം വന്നശേഷം ആദ്യം നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചത്. സുനാക്കിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയും ബ്രിട്ടനുമായുള്ള സൗഹൃദ ബന്ധവും വാണിജ്യ ബന്ധവും കൂടുതൽ ശക്തമാകാൻ സുനാകിന്റെ സ്ഥാനലബ്ധി സഹായകമാകുമെന്നു പറയുകയുണ്ടായി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സുനാക്കിനെ അഭിനന്ദിച്ചു.
കൗമാരപ്രായത്തിൽ ലണ്ടനിലെ ഒരു റസ്റ്റാറന്റിൽ വച്ച് വർണവെറിയരുടെ പരിഹാസത്തിനും അപമാനിക്കലിനും താൻ വിധേയനായിട്ടുണ്ടെന്ന് ഋഷി സുനാക് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ വംശജനായ ദക്ഷിണേന്ത്യയുടെ ഈ മരുമകനെ വലിയ ഉത്തരവാദിത്വങ്ങളാണ് കാത്തിരിക്കുന്നത്. ഈ വിജയം വെറും ദീപാവലി പടക്കമല്ലെന്നും ഇന്ത്യൻ സൂര്യന്റെ ഉദയമാണെന്നും തെളിയിക്കേണ്ടതും പ്രധാനമന്ത്രിയെന്ന നിലയിൽ സുനാക് കാഴ്ചവയ്ക്കുന്ന പ്രവർത്തനങ്ങളായിരിക്കും.